‘അമ്മയ്ക്ക് 43 വയസ്സുള്ളപ്പോഴാണ് ജോക്കുട്ടനെ ഗർഭം ധരിക്കുന്നത്: വൈകി ജനിച്ച കുഞ്ഞനുജൻ’

കേരള കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ പി ജെ ജോസഫിന്റെ മകന്‍ ജോ ജോസഫിന്റെ മരണ വാര്‍ത്ത വേദനയോടെയാണ് കേരളം കേട്ടത്. ഭിന്ന ശേഷിക്കാരനായിരുന്ന ജോയെക്കുറിച്ച്‌ ഹൃദയ സ്പര്‍ശിയായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് മൂത്ത സഹോദരന്‍ അപു ജോണ്‍ ജോസഫ്. ഭിന്നശേഷിക്കാരനായ ജോ (34) ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു.

അപു ജോണ്‍ ജോസഫിന്റെ കുറിപ്പ് വായിക്കാം
വൈകി ജനിച്ച കുഞ്ഞനുജന്‍

ജോക്കുട്ടന്‍ ജനിക്കുന്നത് ഞാന്‍ ഒമ്ബതാം ക്ലാസിലേക്ക് കയറുന്നതിന് തൊട്ടു മുമ്ബുള്ള വല്ല്യ അവധി സമയത്തായിരുന്നു. അമ്മക്ക് 43 വയസുള്ളപ്പോഴാണ് അവനെ ഗര്‍ഭം ധരിക്കുന്നത്. അതുകൊണ്ട് തന്നെ പ്രശ്‌നങ്ങള്‍ ഉണ്ടാകാമെന്നും ഡൗണ്‍സ് സിന്‍ഡ്രോം ഉള്ള കുട്ടിയായിരിക്കാം എന്നും ഒരു ഗൈനക്കോളജിസ്റ്റുകൂടിയായ അമ്മക്ക് ആശങ്കയുണ്ടായിരുന്നു. സ്‌കാന്‍ നടത്തുവാന്‍ ആലോചിച്ചിരുന്നുവെങ്കിലും ദൈവ നിശ്ചയം വേറൊന്നായി. അങ്ങനെ 1986 മെയ് 27 ന് അവന്‍ ജനിച്ചു. അപ്പോഴേ അമ്മക്കറിയാമായിരുന്നു അവന്റെ അവസ്ഥ. ഡോക്ടര്‍മാര്‍ അന്ന് പറഞ്ഞത് അവന്‍ ഏഴ് വയസിന് മുകളില്‍ ജീവിക്കില്ല എന്നാണ്. അപ്പച്ചനോടോ ഞങ്ങള്‍ മറ്റ് സഹോദരങ്ങളോടോ അന്ന് അത് പറഞ്ഞതുമില്ല. Tetralogy of Fallot എന്നാണ് അവന്റെ ഹൃദ്രോഗത്തിന്റെ പേര്. പന്ത്രണ്ട് വയസാണ് ഇങ്ങനെയുള്ള കുട്ടികളുടെ ശരാശരി ആയുസ്സ്. സര്‍ജറി വഴി മാറ്റാമെങ്കിലും അത് ചെയ്യാന്‍ അവന്റെ ആരോഗ്യ സ്ഥിതി അനുവദിച്ചതുമില്ല.

ജോക്കുട്ടന്‍ ജനിച്ച്‌ ഒരാഴ്ച കഴിഞ്ഞ് സ്‌കൂള്‍ തുറന്നു. പതിനാലു വയസുള്ള, കൗമാരക്കാരനായ, സ്‌കൂളിലെ മറ്റു പെണ്‍കുട്ടികളോട് പ്രേമം തോന്നിത്തുടങ്ങുന്ന പ്രായത്തിലായിരുന്ന ഞാന്‍ ലേശം ചമ്മലോടെയാണ് ആദ്യ ദിവസം സ്‌കൂളില്‍ ചെന്നത്. പക്ഷെ പ്രതീക്ഷിച്ച പോലെ വലിയ കമന്റുകളോ പ്രതികരണങ്ങളോ ഒന്നും വന്നില്ല. ആ സമയത്ത് തന്നെയാണ് അപ്പച്ചന്റെ നേരെ ഇളയ പെങ്ങള്‍ എല്‍സിയാന്റി Anatoly Aleksin എന്ന റഷ്യന്‍ സാഹിത്യകാരന്റെ A late-born child എന്ന നോവലിന്റെ മലയാള വിവര്‍ത്തനമായ ‘വൈകി ജനിച്ച കുഞ്ഞനുജന്‍’ എനിക്ക് സമ്മാനമായി നല്‍കിയത്. കഥ പക്ഷെ ഞാന്‍ മറന്നു പോയി. വളരെ താമസിച്ചു ജനിക്കുന്ന ഇളയ കുട്ടിയുടെ മനസ്സില്‍ ഉണ്ടാകുന്ന സംഘര്‍ഷങ്ങളും വിഷമതകളുമായിരുന്നു ആ നോവലിന്റെ ഇതിവൃത്തം എന്ന് മാത്രം ഓര്‍ക്കുന്നു.
ഒരു സാധാരണ കുഞ്ഞിനെപ്പോലെ ജോക്കുട്ടന്‍ പുറപ്പുഴ വീട്ടില്‍ വളര്‍ന്നു വന്നു. ഡൗണ്‍സ് സിന്‍ഡ്രോം ഉള്ള കുട്ടിയാണന്നോ, ഹൃദയത്തിന് തകരാറുണ്ടന്നോ ഞങ്ങള്‍ക്കാര്‍ക്കും അറിയില്ലായിരുന്നു. സ്‌ക്കൂള്‍ വിട്ട് വീട്ടില്‍ വന്നാല്‍ ജോക്കുട്ടനെയുമെടുത്ത് മുറ്റത്തോടെയും പറമ്ബിലുടെയും നടക്കുമായിരുന്നു. അവന് അത് വളരെ ഇഷ്ടവുമായിരുന്നു. ഒരു വയസ്റ്റു കഴിഞ്ഞിട്ടും അവന്‍ പിടിച്ചു പോലും നില്‍ക്കില്ലായിരുന്നു. ആ പ്രായത്തിലുള്ള കുട്ടികളുടെ വളര്‍ച്ചയും അവനില്ലായിരുന്നു. ആ സമയത്താണ് അമ്മ കാര്യങ്ങള്‍ ഞങ്ങളോട് പറയുന്നത്. ഒന്നര വയസുള്ളപ്പോള്‍ അവന് അസുഖം മൂര്‍ച്ഛിച്ചു. ഏതാണ്ട് കോമ അവസ്ഥയില്‍ രണ്ടാഴ്ചയോളം കോലഞ്ചേരി ആശുപത്രിയില്‍ അവന്‍ കിടന്നു. എന്നാല്‍ ഒരു ‘മിറക്കിള്‍’ പോലെ, ഉറക്കം എഴുന്നേല്‍ക്കുന്നപോലെ, അവന്‍ തിരിച്ചു വന്നു! പിന്നീട് ഇരുപതാം വയസ്സിലും ഇതേ അവസ്ഥ വന്നു. അന്നും എല്ലാവരെയും അത്ഭുതപ്പെടുത്തി അവന്‍ ജീവിതത്തിലേക്ക് തിരികെ നടന്നുകയറി.

നാലു വയസിന് ശേഷമാണ് ജോക്കുട്ടന്‍ നടന്നു തുടങ്ങിയത്. ആദ്യമായി അവന്‍ കൈവിട്ട് വേച്ച്‌ വേച്ച്‌ നടന്നത് അന്ന് വീട്ടില്‍ വലിയ ആഘോഷമായിരുന്നു. ആദ്യ വാക്കുകള്‍ അവന്‍ പറഞ്ഞു തുടങ്ങിയപ്പോള്‍ അതിലും ആഘോഷം. അവന്റെ ഓരോ വളര്‍ച്ചയും ഞങ്ങള്‍ക്കെല്ലാം ആനന്ദം പകരുന്നതും അവന്‍ ഒരു സാധാരണ കുട്ടിയുടെ രീതിയിലേക്ക് വരുമെന്ന് പ്രതീക്ഷ നല്‍കുന്നതുമായിരുന്നു.
പത്താം ക്ലാസ് കഴിഞ്ഞ് പ്രീ ഡിഗ്രി ഞാന്‍ തേവര സേക്രട് ഹാര്‍ട്സിലാണ് ചെയ്തത്. ആ സമയത്ത് വീട്ടില്‍ അധിക നാള്‍ നിന്നിട്ടില്ല. അതിന് ശേഷം എന്‍ജിനിയറിങ് പഠനവും. ആ സമയത്ത് തന്നെ ഇളയ പെങ്ങളും അനുജനും പഠനത്തിനായി പുറപ്പുഴ വിട്ടു. ഞങ്ങള്‍ മൂത്ത മൂന്നു പേരും വീട്ടില്‍ നിന്നും മാറി നിന്ന സമയത്താണ് ജോക്കുട്ടന്‍ പുറപ്പുഴയില്‍ അവന്റെ സാമ്രാജ്യം കെട്ടിപ്പടുത്തത്. അവിടെ അവന്‍ ചക്രവര്‍ത്തിയായിരുന്നു. അവന്റെ മുഖ്യമന്ത്രി വീട്ടില്‍ പാചകം ചെയ്തിരുന്ന കുഞ്ഞികൊച്ച്‌ എന്ന് വിളിച്ചിരുന്ന ദേവകിയും. കുഞ്ഞികൊച്ചിന് മക്കളില്ലായിരുന്നു. സ്വന്തം മകനെ പോലെയാണ് ജോക്കുട്ടനെ അവര്‍ നോക്കിയിരുന്നത്.

മന്ത്രിയായിരുന്നപ്പോഴും അല്ലാത്തപ്പോഴും അപ്പച്ചന്റെ പേഴ്‌സണല്‍ സ്റ്റാഫിലുണ്ടായിരുന്ന എല്ലാവരുമായും ജോക്കുട്ടന് പ്രത്യേക അടുപ്പമായിരുന്നു. ജെയ്‌സണ്‍, ഫിലിപ്പ്, പ്രേമന്‍, സുധീഷ്, അജി, ജസ്റ്റിന്‍, ജോസ് കുമാര്‍, ജോയിക്കുട്ടി, സലിം, ഷാജി, ബ്ലേസ്, ബാബു, ദിനേശ് തുടങ്ങിയവരും, മേരി, അമ്മിണി, വിലാസിനി, പെണ്ണി, കുഞ്ഞു റോത ചേടത്തി തുടങ്ങിയവരും അവന്റെ ഏറ്റവും അടുത്ത പാര്‍ട്ടികളും കമ്ബനിയുമായിരുന്നു. കുഞ്ഞികൊച്ചും , ഫിലിപ്പും , പ്രേമനും ഇന്ന് ജീവിച്ചിരിപ്പില്ല. അവന്റെ കസിന്‍സില്‍ അവന് ഏറ്റവും അടുപ്പം നീന ചേച്ചിയോടായിരുന്നു.

പ്രതീക്ഷാ ഭവന്‍ എന്ന സ്‌പെഷ്യല്‍ സ്‌കൂളിലാണ് ജോക്കുട്ടന്‍ പോയിരുന്നത്. ആ സ്‌കൂളിലെ സിസ്റ്റര്‍ മാര്‍ അവന് എന്നും പ്രിയപ്പെട്ടവരായിരുന്നു. അവര്‍ക്ക് അവനും. വല്ലപ്പോഴും അവന്റെ സ്‌കൂളില്‍ പോകുമ്ബോള്‍ എന്നെ കൈ പിടിച് നിര്‍ബന്ധിച്ച്‌ കൊണ്ടുപോയി സിസ്റ്റര്‍മാരെയും അവന്റെ കൂട്ടുകാരെയും പരിചയപ്പെടുത്തുമായിരുന്നു. ചില കാര്യങ്ങളില്‍ അസാധാരണമായ ഓര്‍മ്മശക്തി അവനുണ്ടായിരുന്നു. അകന്ന ബന്ധുക്കളുടെ വരെ പേരുകള്‍, സീരിയലുകളുടെ കഥ , നേരത്തെ പറഞ്ഞ അടുത്ത പാര്‍ട്ടികളുടെ വീട്ടിലെ ആളുകളുടെ പേര് ഇങ്ങനെ ഉദാഹരണങ്ങള്‍ പലതാണ്. പാട്ട് അവന് ഹരമായിരുന്നു. ചെറുപ്പത്തില്‍ അവന് ഒരു ടേപ്പ് റിക്കാര്‍ഡര്‍ ഉണ്ടായിരുന്നു. ദേ മാവേലി കൊമ്ബത്ത് എന്ന മിമിക്രിയായിരുന്നു അന്ന് അവന്റെ ഫേവറേറ്റ് കാസറ്റ്. പില്‍ക്കാലത്ത് സീരിയലുകളും സിനിമകളുമായി. എപ്പിസോഡ് മിസ്സാകുന്ന അമ്മയും ആന്റിമാരും ഫോണ്‍ വിളിച്ച്‌ വരെ അവനോട് കഥ ചോദിക്കുമായിരുന്നു. ഭക്ഷണമായിരുന്നു മറ്റൊരു വീക്ക്‌നസ് . പൊറോട്ട ബീഫ്, ഡോനട്ട്, ബിരിയാണി , മൈസൂര്‍പാ തുടങ്ങിയവയായിരുന്നു ഇഷ്ടപ്പെട്ട ഭക്ഷണം. വീട്ടില്‍ ഏറ്റവും കൂടുതല്‍ ഗിഫ്റ്റ് കിട്ടുന്നതും ജോക്കുട്ടനായിരുന്നു. വിദേശത്തും നാട്ടിലുമുള്ള അടുത്ത ബന്ധുക്കള്‍ എവിടെ യാത്ര പോയി വന്നാലും അവന് ധാരാളം സമ്മാനങ്ങള്‍ വാങ്ങുമായിരുന്നു.

എല്ലാവരോടും സ്‌നേഹത്തോടെ പെരുമാറുന്നവനും സ്‌നേഹം പ്രകടിപ്പിക്കുന്നതില്‍ ഒരു പിശുക്കും കാണിക്കാത്തവനുമായിരുന്നു ജോക്കുട്ടന്‍. അതേ പോലെ തന്നെ ദേഷ്യം തോന്നിയാല്‍ ഒച്ചവക്കാനും അടി കൊടുക്കാനും ഒരു പിശുക്കും അവന്‍ കാണിച്ചിട്ടില്ല. അവന്റെ അടി കൊള്ളാത്ത വളരെ ചുരുക്കം ആളുകളേ അവിടെ ഉണ്ടായിരുന്നുള്ളൂ. അടിയെന്നു പറഞ്ഞാല്‍ അതൊരൊന്നൊന്നര അടിയാണ്. ഞാനും കൊണ്ടിട്ടുണ്ട്. അവന്റെ ദിനചര്യകള്‍ സ്വിച്ചിട്ട പോലായിരുന്നു. അത് തെറ്റിയാല്‍ അവന്‍ അസ്വസ്ഥനാകുമായിരുന്നു.

ആരോടും പറഞ്ഞില്ലങ്കിലും അമ്മയുടെ മനസ്സില്‍ അവന്‍ എന്നും ഒരു നൊമ്ബരമായിരുന്നു. അപ്പച്ചന്റെയും അമ്മയുടെയും കാലം കഴിഞ്ഞാല്‍ ജോക്കുട്ടന്റെ കാര്യമെന്താകും എന്ന് അമ്മക്ക് തീര്‍ച്ചയായും ആശങ്കയും ഉത്ഘണ്ഠയും ഉണ്ടായിരുന്നു. മൂത്ത പുത്രനെന്ന നിലയില്‍ മാതാപിതാക്കളുടെ കാലം കഴിഞ്ഞാല്‍ അവന്റെ ഉത്തരവാദിത്വം എനിക്കാണന്ന് ഞാന്‍ സ്വയം തീരുമാനിച്ചിരുന്നു. ഏതായാലും അമ്മയെയും ഞങ്ങളാരെയും വിഷമിപ്പിക്കാതെ ആര്‍ക്കും ഒരു ബുദ്ധിമുട്ടുമുണ്ടാക്കാതെ അവന്‍ കടന്നു പോയി! സ്വര്‍ഗത്തില്‍ അവന്റെ പ്രിയപ്പെട്ട കുഞ്ഞിക്കൊച്ചിനോടും , പ്രേമനോടും , ഫിലിപ്പിനോടുമൊപ്പം, അവന്‍ കാണാത്ത അവന്റെ മുതുമുത്തച്ചന്മാര്‍ക്കും മുത്തശ്ശിമാര്‍ക്കുമൊപ്പം, മരിച്ചു പോയ മറ്റ് അങ്കിള്‍മാരോടും ആന്റിമാരോടുമൊപ്പം സന്തോഷത്തോടെ, ഭൂമിയിലുള്ള ഞങ്ങള്‍ക്കെല്ലാം കാവല്‍ മാലാഖയായി അവനുണ്ടാകും. തീര്‍ച്ച!

അവന്റെ വീതത്തിലുള്ള കുടുംബ സ്വത്ത് വച്ച്‌ അപ്പച്ചന്‍ തുടങ്ങിയതാണ് ജോക്കുട്ടന്റെ പേരിലുള്ള ട്രസ്റ്റ്. കഴിഞ്ഞ ഒരു വര്‍ഷം തൊടുപുഴയിലുള്ള 850 ഓളം നിര്‍ധനരായ കിടപ്പു രോഗികളെ സഹായിക്കുവാന്‍ സാധിച്ചു. ചില സുഹൃത്തുക്കളുടെ സഹായവും ലഭിച്ചിരുന്നു. തുടര്‍ന്നും ചെയ്യുവാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. രണ്ട് പഞ്ചായത്തുകള്‍ക്ക് സ്‌പോണ്‍സേര്‍ഷ്‌സിനെ ലഭിച്ചു. അതില്‍ ഒരു പഞ്ചായത്തില്‍ വീണ്ടും സഹായം ലഭ്യമാക്കിത്തുടങ്ങി. തീര്‍ച്ചയായും ബാക്കി സ്ഥലങ്ങള്‍ കൂടി വീണ്ടും തുടങ്ങുവാന്‍ സാധിക്കും എന്ന് ഉറച്ച്‌ വിശ്വസിക്കുന്നു. ദൈവത്തിന് ജോക്കുട്ടനെക്കുറിച്ച്‌ ഒരു വലിയ പദ്ധതിയുണ്ടായിരുന്നു. അവന്റെ ജന്മം നിരാലംബരായ ചിലരുടെയെങ്കിലും ജീവിതത്തില്‍ ആശ്വാസമെത്തിക്കുവാന്‍ കാരണമായി എന്നത് ഞങ്ങളുടെ കുടുംബത്തിന് ലഭിക്കുന്ന ഏറ്റവും വലിയ ദൈവാനുഗ്രഹമാണ്.

ഇതിലൂടെ അവന്‍ എന്നെന്നും ജീവിക്കും:
ഞങ്ങളുടെ ‘വൈകി ജനിച്ച കുഞ്ഞനുജന്‍’

ജോക്കുട്ടന്റെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുകയും ഞങ്ങളുടെ ദുഖത്തില്‍ പങ്കു ചേരുകയും അവന് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്ത എല്ലാവരെയും നന്ദിയോടെ ഓര്‍ക്കുന്നു

Related posts

Leave a Comment