അമ്മയ്ക്ക് കോവിഡ് ബാധിച്ചിരുന്നു; പക്ഷേ മരിക്കുമ്ബോള്‍ കോവിഡ് നെഗറ്റീവ് ആയിരുന്നു; പരിശോധന ഫലങ്ങള്‍ പുറത്തുവിട്ട് അല്‍ഫോണ്‍സ് കണ്ണന്താനം

തിരുവനന്തപുരം: കോവിഡ് ബാധിച്ചു മരിച്ച അമ്മയുടെ മൃതദേഹം വിവരം മറച്ചുവച്ചു നാട്ടിലെത്തിച്ചു സംസ്‌കരിച്ചെന്ന വിവാദത്തില്‍ മറുപടിയുമായി ബിജെപി നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ അല്‍ഫോണ്‍സ് കണ്ണന്താനം. അമ്മയ്ക്ക് കോവിഡ് ബാധിച്ചിരുന്നു. എന്നാല്‍ മരണസമയത്ത് കോവിഡ് നെഗറ്റീവ് ആയിരുന്നു. ഇതു തെളിയിക്കുന്ന പരിശോധനഫലങ്ങളും തന്റെ ഫേസ്ബുക്ക് പേജിലൂടെ അല്‍ഫോണ്‍സ് കണ്ണന്താനം പുറത്തുവിട്ടു.

കഴിഞ്ഞ ജൂണ്‍ 10നാണ് ഡല്‍ഹി എയിംസ് ആശുപത്രിയില്‍ അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ മാതാവ് മരിച്ചത്. തുടര്‍ന്ന് മൃതദേഹം വിമാനത്തില്‍ കോട്ടയം മണിമലയിലെത്തിച്ച്‌ പൊതുദര്‍ശനത്തിനുവച്ച ശേഷം 14ന് സംസ്‌കരിക്കുകയായിരുന്നു. അമ്മ കോവിഡ് ബാധിച്ച്‌ മരിച്ച വിവരം അല്‍ഫോന്‍സ് കണ്ണന്താനം മറച്ചുവച്ചെന്നും പിന്നീട് ഒരു ഘട്ടത്തില്‍ ഇതു വെളിപ്പെടുത്തിയെന്നും ആരോപിച്ച്‌ പൊതുപ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ആണ രംഗത്തു വന്നത്. കോവിഡ് പോസിറ്റീവായി മരിക്കുന്നവരുടെ മൃതദേഹം സംസ്‌കരിക്കുന്നതു സംബന്ധിച്ച്‌ കൃത്യമായ പ്രോട്ടോക്കോള്‍ പാലിക്കേണ്ടതുണ്ട്. ഇവിടെ ഇത് പാലിക്കപ്പെട്ടില്ലെന്നായിരുന്നു ജോമോന്റെ ആരോപണം.

ഇതേത്തുടര്‍ന്നാണ് വിഷയത്തില്‍ മറുപടിയുമായ കണ്ണന്താനം രംഗത്തെത്തിയത്. മേയ് 28ന് ഡല്‍ഹി എയിംസില്‍ കോവിഡ് പോസിറ്റീവ് ആയി അമ്മയെ പ്രവേശിപ്പിച്ചത്. ജൂണ്‍ അഞ്ചിനും പത്തിനു നടത്തിയ പരിശോധനയില്‍ കോവിഡ് നെഗറ്റീവ് ആയി. മരിക്കുന്നതിനു മുന്‍പ് നടത്തിയ പരിശോധനയിലും അമ്മയക്ക് കോവിഡ് രോഗം നെഗറ്റീവ് ആയിരുന്നു. എന്നാല്‍, കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് മാതാവിന്റെ ആന്തരിക അവയവങ്ങള്‍ പലതിനും തകരാറുകള്‍ സംഭവിച്ചിരുന്നു. അതു പൂര്‍വസ്ഥിതിയില്‍ ആകാതിരുന്നതാണ് മരണകാരണം. ഹൃദയാഘാതം വന്നാണ് മരിച്ചതെന്ന് പറയാനാവില്ല. അതുകൊണ്ടു തന്നെ സാങ്കേതികമായി കോവിഡ് ബാധിച്ചതാണ് മരണകാരണം എന്നു പറയുന്നതില്‍ തെറ്റില്ലെന്നും അല്‍ഫോന്‍സ് കണ്ണന്താനം വ്യക്തമാക്കി.

ആരോപണങ്ങളോട് പ്രതികരിക്കേണ്ടതില്ലെന്ന നിലപാടാണ് ആദ്യം സ്വീകരിച്ചതെങ്കിലും ആളുകള്‍ തെറ്റിദ്ധാരണ മൂലം പേടിയിലാകുന്ന സാഹചര്യം ഒഴിവാക്കുന്നതിനാണ് ഇത് വിശദീകരിക്കുന്നതെന്ന് കണ്ണന്താനം ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.

Posted by Alphons Kannanthanam on Sunday, August 16, 2020

Related posts

Leave a Comment