‘അമ്മയുടെ രണ്ടാം ഭര്‍ത്താവ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല’; കൊച്ചിയില്‍ മുക്കിക്കൊന്ന കുഞ്ഞിന്‍റെ പിതാവ്

കൊച്ചി: കലൂരില്‍ ഹോട്ടല്‍ മുറിയില്‍ വെച്ച്‌ ഒന്നരവയസുകാരിയെ കൊലപ്പെടുത്തിയ ജോണ്‍ ബിനോയ് ഡിക്രൂസ് തന്റെ വളര്‍ത്തുമകനാണെന്ന് അമ്മ ഇംതിയാസ്.

മകനെ ദത്തെടുത്തതാണെന്നാണ് ഇംതിയാസിന്റെ വെളിപ്പെടുത്തല്‍. ഇയാള്‍ വീട്ടിലെ സ്ഥിരം ശല്യക്കാരനായിരുന്നെന്നാണ് അമ്മ പറയുന്നത്. കൊല്ലപ്പെട്ട ഒന്നരവയസുകാരി നോറ മരിയയുടെ മുത്തശ്ശി സിപ്‌സിയുമായുള്ള ബന്ധത്തെ എതിര്‍ത്തിരുന്നതായും ബന്ധം വിലക്കിയിരുന്നതായും അമ്മ പറഞ്ഞു. ബിനോയിയും സിപ്‌സിയും തമ്മില്‍ ആറുവര്‍ഷത്തെ അടുപ്പമുണ്ടെന്നും ഇംതിയാസ് വെളിപ്പെടുത്തി.

14 ദിവസം പ്രായമുളളപ്പോള്‍ താന്‍ ദത്തെടുത്ത മകനാണ് കൊലപാതകിയായി മുന്നിലെത്തിയതെന്നാണ് ഇംതിയാസ് പറയുന്നത്. ബിനോയ് വര്‍ഷങ്ങളായി വീട്ടില്‍ വലിയ സ്വൈര്യക്കേടായിരുന്നുവെന്നും അമ്മ പറഞ്ഞു. ശല്യം സഹിക്കാന്‍ പറ്റാതായതോടെ പരാതിയും നല്‍കിയിരുന്നു. ഇതേ തടുര്‍ന്ന് ബിനോയ് വീട്ടില്‍ കയറരുതെന്ന് തഹസില്‍ദാര്‍ ഉത്തരവിടുകയും ചെയ്തിരുന്നു.

അതേസമയം ഭര്‍തൃവീട്ടുകാര്‍ക്കെതിരെ ഗുരുതര ആരോപണവുമായി കൊല്ലപ്പെട്ട ഒന്നര വയസുകാരിയുടെ അമ്മ ഡിപ്‌സി. തന്നെ കുട്ടിയെ കാണിക്കില്ലെന്ന് ഭര്‍ത്താവും അമ്മയും പറഞ്ഞിരുന്നെന്നും അതുകൊണ്ടാണ് താന്‍ വരുന്നതിന് തലേദിവസം തന്നെ കുഞ്ഞിനെ കൊന്നതെന്നും ഡിപ്‌സി ആരോപിച്ചു. തന്റെ മക്കളെ ഭര്‍തൃമാതാവായ സിപ്‌സി പല ബിസിനസുകളുടെയും മറയാക്കിയതായും കുഞ്ഞിന്റെ അമ്മ ആരോപിച്ചു.

ഭര്‍തൃമാതാവ് സിപ്സി പെണ്‍കുഞ്ഞിനെ കൊണ്ട് പല ഹോട്ടലുകളിലും പോകാറുള്ളത് അറിഞ്ഞിരുന്നു. കുട്ടികളുമായി സിപ്സി ഹോട്ടലുകളില്‍ മുറിയെടുക്കാറുണ്ട്. അവരുടെ പല ബിസിനസുകള്‍ക്കും കുട്ടികളെ മറയാക്കിയതായി സംശയമുണ്ട്. ഇത് ചോദ്യം ചെയ്തപ്പോള്‍ ഭീഷണിപ്പെടുത്തി, കൊല്ലുമെന്ന് പറഞ്ഞു. ശിശുക്ഷേമസമിതിക്കു പരാതി നല്‍കിയത് അതിനാലാണെന്നും ഡിക്സി വ്യക്തമാക്കി.

കേസില്‍ ഭര്‍ത്താവിന്റെ അമ്മയുടെ കാമുകനായ പ്രതി ബിനോയ് വീട്ടിലെത്തി അമ്മയോടു കുറ്റസമ്മതം നടത്തിയെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ സി.എച്ച്‌.നാഗരാജു പറഞ്ഞു. ബിനോയിയുടെ അമ്മയാണ് പൊലീസില്‍ വിവരമറിയിച്ചത്. കുട്ടിയുടെ മുത്തശ്ശിയുമായി പ്രതിക്കുള്ള വിരോധമാണ് കാരണമെന്നും മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്നത് അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കൊല്ലപ്പെട്ട കുഞ്ഞിന്റെ പിതാവായ സജീവും ഗുണ്ടാലിസ്റ്റില്‍ ഉള്‍പെട്ടയാളാണ്. ഇയാളെ നേരത്തെ നാട്ടുകാര്‍ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചിരുന്നു. കുഞ്ഞിന്റെ സംസ്കാരത്തിന് ശേഷം ഭാര്യവീട്ടിലേക്ക് കാറില്‍ അമിത വേഗത്തിലെത്തിയ ഇയാളെ നാട്ടുകാര്‍ തടയുകയായിരുന്നു. കാര്‍ തടഞ്ഞ് അസഭ്യ വര്‍ഷം നടത്തിയ നാട്ടുകാര്‍ ഇയാളുടെ കാറിന്റെ ചില്ലും തല്ലി തകര്‍ത്തു.

ഭാര്യയായ ഡിക്സിയുടെ വീടിന് അടുത്ത് വെച്ചാണ് മര്‍ദ്ദനമേറ്റത്. കൊല്ലപ്പെട്ട നോറ മരിയയുടെ സംസ്കാരം വൈകിട്ട് അഞ്ചരയോടെ കൊച്ചി കറുകുറ്റി പള്ളിയില്‍ വച്ച്‌ നടന്നിരുന്നു. ഇതിന് ശേഷം രാത്രി ഏഴരയോടെയാണ് ഡിക്സിയുടെ വീട്ടിലേക്ക് സജീവ് എത്തിയത്.

നാട്ടുകാര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതോടെ സ്ഥലത്തുണ്ടായിരുന്ന ചിലര്‍ ചേര്‍ന്ന് ഇയാളെ കാറില്‍ കേറ്റിയിരുത്തിയെങ്കിലും സംഘര്‍ഷാവസ്ഥ അയഞ്ഞില്ല. നാട്ടുകാരും സജീവും തമ്മില്‍ പലവട്ടം വാക്കേറ്റമുണ്ടാക്കുകയും സജീവിന് നേരെ കൈയ്യേറ്റമുണ്ടാക്കുകയും ചെയ്തു. ഒടുവില്‍ സജീവ് എത്തിയ കാറിന്‍്റെ ചില്ല് നാട്ടുകാര്‍ അടിച്ചു പൊളിച്ചു.

കുഞ്ഞുങ്ങളെ അച്ഛനും മുത്തശ്ശിയും ചേര്‍ന്ന് പീഡിപ്പിച്ചിരുന്നതായി പരാതി നല്‍കിയിരുന്നെന്ന് കൊല്ലപ്പെട്ട ഒന്നര വയസ്സുകാരിയുടെ അമ്മ ഡിക്സി പറഞ്ഞു. ഇതിനെ സംബന്ധിച്ച്‌ ശിശുക്ഷേമ സമിതിയില്‍ പരാതിപ്പെട്ടിരുന്നതായി ഡിക്സിയുടെ അമ്മ മേഴ്സി പറഞ്ഞു. മക്കളെ നോക്കാത്തത് കൊണ്ട് ഭര്‍ത്താവിന് പണം അയക്കുന്നത് നിര്‍ത്തിയിരുന്നെന്ന് ഡിക്‌സിയും പറഞ്ഞു. ഇതിന്‍റെ പേരില്‍ ഭര്‍ത്താവിനും അമ്മായി അമ്മയ്ക്കും ദേഷ്യമുണ്ടായിരുന്നു. അമ്മായി അമ്മ കുഞ്ഞിനെയും കൊണ്ട് ഹോട്ടലുകളില്‍ പോയിരുന്നതായും ഡിക്സി പറഞ്ഞു.

കുഞ്ഞുങ്ങളെ അച്ഛനും മുത്തശ്ശിയും പീഡിപ്പിക്കുന്നത് സംബസിച്ച്‌ ശിശുക്ഷേമ സമിതിയില്‍ പരാതിപ്പെട്ടിരുന്നെങ്കിലും ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല. അമ്മ ഗള്‍ഫില്‍ നിന്ന് വന്ന ശേഷം നോക്കാമെന്നാണ് ശിശുക്ഷേ സമിതിയില്‍ നിന്ന് ഫോണില്‍ അറിയിച്ചതെന്ന് മേഴ്സി പറഞ്ഞു.

അതേസമയം കുഞ്ഞിന്റെ മുത്തശിയും തന്റെ കാമുകിയുമായ സിപ്‌സിയോടുള്ള പക തീര്‍ക്കാനാണ് ഒന്നരവയസ്സുകാരി നോറ മരിയയെ കൊലപ്പെടുത്തിയതെന്ന് ജോണ്‍ ബിനോയി ഡിക്രൂസ്. 27കാരനായ ജോണ്‍ ബിനോയി 50കാരിയായ കാമുകിയില്‍ നിന്നും അകലാന്‍ ശ്രമിച്ചെങ്കിലും സിപ്സി ഭീഷണിപ്പെടുത്തിയതോടെയാണ് ഇരുവര്‍ക്കുമിടയില്‍ പ്രശ്നങ്ങള്‍ ഉടലെടുത്തത്. ക്രിമിനല്‍ പശ്ചാത്തലമുള്ള സിപ്സിയും ജോണ്‍ ബിനോയിയും ആദ്യകാലങ്ങളില്‍ പ്രണയത്തിലായിരുന്നെങ്കിലും കാമുകിയുടെ പ്രായക്കൂടുതല്‍ യുവാവിന് ഉള്‍ക്കൊള്ളാനാകുമായിരുന്നില്ല. തന്നെക്കാള്‍ പ്രായമുള്ള മകനുള്ള സ്ത്രീയാണ് കാമുകി എന്നതും ജോണ്‍ ബിനോയിയെ അലട്ടിയിരുന്നു.

തന്നെ ഒഴിവാക്കാന്‍ കാമുകന്‍ ശ്രമിക്കുന്നെന്ന് മനസിലാക്കിയ സിപ്സി , ജോണ്‍ ബിനോയിക്കെതിരെ കള്ളക്കേസുകള്‍ കൊടുത്തിരുന്നതായി പറയുന്നു. കൂടാതെ ജോണ്‍ ബിനോയിയുടെ വീട്ടിലും നേരത്തെ ജോലി ചെയ്തിരുന്നപ്പോള്‍ അവിടെയും ഒക്കെ കുട്ടിയുമായി സിപ്‌സി ചെന്നിരുന്നു. കുട്ടിയെ ബിനോയിയില്‍ നിന്ന് തനിക്ക് ഉണ്ടായതാണെന്ന് സിപ്‌സി ആരോപിച്ചത് ബിനോയിക്ക് നാണക്കേടായി എന്ന് ചോദ്യം ചെയ്യലില്‍ പറഞ്ഞു. വൈരാഗ്യത്തിനൊപ്പം തന്റെ കാമുകിയായിരിക്കെ സിപ്‌സിയുടെ വഴിവിട്ട ജീവിത രീതിയോടുള്ള വിദ്വേഷവും കുട്ടിയെ കൊല ചെയ്യാന്‍ പ്രേരിപ്പിച്ചതായി എഫ്‌ഐആറില്‍ പറയുന്നു.

ശനിയാഴ്ച രാത്രിയാണ് അങ്കമാലി സ്വദേശിനി സിപ്‌സി മകന്റെ രണ്ടു മക്കള്‍ക്കും ജോണ്‍ ബിനോയിക്കുമൊപ്പം കലൂരിലെ ഒലീഷിയ ഹോട്ടലില്‍ മുറിയെടുത്തത്. എല്ലാ ദിവസവും രാത്രി സ്ത്രീ പുറത്ത് പോകുമായിരുന്നെന്നും ചൊവ്വാഴ്ച പുലര്‍ച്ചെ പരിഭ്രാന്തിയോടെയാണ് അവര്‍ തിരിച്ചുവന്നതെന്നും ഹോട്ടല്‍ ജീവനക്കാരന്‍ പറയുന്നു. സിപ്‌സി പുറത്തുപോയിരുന്ന സമയത്ത് വൈരാഗ്യം തീര്‍ക്കാന്‍ കുട്ടിയെ ബാത്ത്‌റൂമിലെ ബക്കറ്റിലെ വെള്ളത്തില്‍ തല കുനിച്ച്‌ നിര്‍ത്തി പിടിച്ച്‌ പൈപ്പിന്റെ ടാപ്പ് തുറന്ന് ശ്വാസം മുട്ടിച്ച്‌ വകവരുത്തുക ആയിരുന്നു. ബിനോയിക്ക് മാത്രമാണ് കൊലപാതകത്തില്‍ പങ്കെന്നാണ് പൊലീസ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന കാര്യം. കുഞ്ഞിന്റെ സംസ്‌ക്കാര ചടങ്ങുകള്‍ കൂടി നടക്കുന്ന പശ്ചാത്തലത്തില്‍ മുത്തശ്ശിയെ പൊലീസ് വിട്ടയച്ചിട്ടുണ്ട്.

Related posts

Leave a Comment