ന്യൂയോർക്ക്: സൂപ്പർ എട്ടില്‍ ഓസ്‌ട്രേലിയക്ക് എതിരായ ആധികാരിക ജയത്തോടെ ഇന്ത്യൻ ടീം ടി20 ലോകകപ്പിന്റെ സെമിയിലേക്ക് കടന്നിരിക്കുകയാണ്.
മൂന്ന് മത്സരങ്ങളും ജയിച്ചാണ് ഇന്ത്യ സെമി പ്രവേശനം ആർഭാടമാക്കിയത്. എന്നാല്‍ അതിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെതിരെ ഗുരുതര ആരോപണവുമായി മുൻ പാകിസ്ഥാൻ ക്രിക്കറ്റ് ടീം നായകനും മുഖ്യ സെലക്‌ടറുമായിരുന്ന ഇൻസമാം ഉള്‍ ഹഖ് രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോള്‍.
ഓസീസിനെതിരായ സൂപ്പർ എട്ട് മത്സരത്തില്‍ ഇന്ത്യ കൃത്രിമം കാട്ടിയെന്നാണ് ഇൻസമാമിന്റെ ആരോപണം. ഇന്ത്യൻ ബൗളർമാർ ബോള്‍ ചുരണ്ടിയെന്നും അതുകൊണ്ടാണ് അവർക്ക് പുതിയ ബോളില്‍ റിവേഴ്‌സ് സ്വിങ് കിട്ടിയതെന്നും ഇൻസമാം ആരോപിച്ചു. അർഷദീപ് സിംഗ് എറിഞ്ഞ പതിനാറാം ഓവർ ചൂണ്ടിക്കാട്ടിയാണ് ഇൻസമാം ആരോപണം ഉന്നയിച്ചത്. അമ്ബയർമാർ കണ്ണ് തുറന്ന് നോക്കണമെന്നും ഇൻസി പറഞ്ഞു.
‘അർഷദീപ് സിംഗ് 16-ാം ഓവർ എറിയുമ്ബോള്‍, അദ്ദേഹത്തിന് റിവേഴ്‌സ് സ്വിംഗ് ലഭിച്ചിരുന്നു. താരതമ്യേന ഒരു പുതിയ പന്തില്‍, റിവേഴ്‌സ് സ്വിംഗ് ലഭിക്കാൻ വളരെ ബുദ്ധിമുട്ടാണ്. 12-ാം ഓവറോ 13-ാം ഓവറോ ആകുമ്ബോഴേക്കും പന്ത് റിവേഴ്‌സ് സ്വിംഗിന് തയ്യാറായോ? കാരണം, അദ്ദേഹം ബൗള്‍ ചെയ്യാൻ വന്നപ്പോള്‍ മുതല്‍ അങ്ങനെയായിരുന്നു, അമ്ബയർമാർ കണ്ണ് തുറന്ന് നില്‍ക്കണം’ ഇൻസമാം ഒരു പാകിസ്ഥാനി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ പാകിസ്ഥാൻ പുറത്തായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യൻ ടീമിനെതിരെ ഗുരുതര ആരോപണവുമായി താരം രംഗത്ത് വരുന്നത്. പാക്കിസ്ഥാൻ ക്രിക്കറ്റിലെ തന്നെ എക്കാലത്തെയും മികച്ച താരങ്ങളില്‍ ഒരാളായിരുന്നു ഇൻസമാം. ഇടക്കാലത്ത് ടീമിന്റെ മുഖ്യ സെലക്‌ടർ സ്ഥാനവും ഏറ്റെടുത്തെങ്കിലും പിന്നീട് രാജിവെച്ചിരുന്നു.
അതേസമയം, അവസാന മത്സരത്തില്‍ ഓസ്‌ട്രേലിയയെ 24 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഡാരൻ സമി നാഷണല്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ വച്ച് നടന്ന മത്സരത്തില്‍ ഇന്ത്യ മികച്ച സ്‌കോറാണ് പടുത്തുയർത്തിയത്. ക്യാപ്റ്റൻ രോഹിത് ശർമയുടെ 41 പന്തില്‍ 92 റണ്‍സും സൂര്യകുമാർ യാദവിന്റെ അതിവേഗ ബാറ്റിങും ചേർന്നപ്പോള്‍ ഇന്ത്യ 20 ഓവറില്‍ 205-5 എന്ന നിലയിലായിരുന്നു ബാറ്റിങ് അവസാനിപ്പിച്ചത്.
എന്നാല്‍ മറുപടി ബാറ്റിങിന് ഇറങ്ങിയ ഓസീസിനെ ഇന്ത്യ വരിഞ്ഞുമുറുക്കിയിരുന്നു. ഒടുവില്‍ ഇരുപത് ഓവറില്‍ അവർക്ക് ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 181 റണ്‍സ് മാത്രമേ നേടാൻ കഴിഞ്ഞുള്ളു. ഇതോടെ ഓസീസ് ടൂർണമെന്റില്‍ നിന്ന് പുറത്താവുകയും ചെയ്‌തിരുന്നു. നേരത്തെ അഫ്‌ഗാനിസ്ഥാന് എതിരെ തോല്‍വി വഴങ്ങിയതാണ് അവർക്ക് തിരിച്ചടിയായത്.
സെമിയില്‍ ഇന്ത്യക്ക് ഇംഗ്ലണ്ട് ആണ് എതിരാളികള്‍. പതിനൊന്ന് വർഷങ്ങളായി ഐസിസി ട്രോഫി നേടാൻ കഴിയാത്ത ഇന്ത്യ ഇക്കുറി ഏറെ പ്രതീക്ഷയോടെയാണ് ടൂർണമെന്റിനെ നോക്കി കാണുന്നത്. സെമിയില്‍ ഇംഗ്ലണ്ടിനെ നാളെയാണ് നേരിടുന്നത്. 2007ലെ കന്നി ലോകകപ്പ് വിജയത്തിന് ശേഷം ടി20യില്‍ ഇന്ത്യക്ക് കപ്പുയർത്താൻ കഴിഞ്ഞിട്ടില്ല. ഇക്കുറി അതിന് മാറ്റമുണ്ടാകുമോ എന്നാണ് കണ്ടറിയേണ്ടത്.