ആലപ്പുഴ: കായംകുളത്തെ ഡിവൈഎഫ്ഐ പ്രവർത്തകൻ്റെ കൊലപാതകത്തിനു പിന്നിൽ ആർഎസ്എസാണെന്ന ആരോപണവുമായി മന്ത്രി സജി ചെറിയാൻ.
ഡിവൈഎഫ്ഐ ദേവികുളങ്ങര മേഖല കമ്മിറ്റിയംഗം അമ്പാടിയെ (22) വെട്ടിക്കൊലപ്പെടുത്തിയത് ആർഎസ്എസ് – മയക്കുമരുന്ന് – ക്വട്ടേഷൻ സംഘമാണെന്ന് സജി ചെറിയാൻ ഫേസ്ബുക്ക് കുറിപ്പിൽ ആരോപിച്ചു.
ഡിവൈഎഫ്ഐ നടത്തുന്ന ശക്തമായ ഇടപെടലുകളുടെ പകയിലാണ് ആക്രമണമെന്നും മന്ത്രി പറഞ്ഞു.
“കായംകുളം ബ്ലോക്കിലെ ഡിവൈഎഫ്ഐ ദേവികുളങ്ങര മേഖല കമ്മിറ്റിയംഗം സ. അമ്പാടിയെ ആർഎസ്എസ് – മയക്കുമരുന്ന് – ക്വട്ടേഷൻ സംഘം വെട്ടിക്കൊലപ്പെടുത്തിയിരിക്കുകയാണ്.
ഇത്തരം മാഫിയക്കെതിരെ ഡിവൈഎഫ്ഐ നടത്തുന്ന ശക്തമായ ഇടപെടലുകളുടെ പകയിലാണ് സഖാവിനെതിരെ ആക്രമണം നടന്നത്.
സാമൂഹ്യവിരുദ്ധ സംഘങ്ങൾക്കെതിരായ പോരാട്ടത്തെ ആയുധംകൊണ്ട് തോൽപ്പിക്കാമെന്നത് വ്യാമോഹം മാത്രമാണ്.
കൂടുതൽ കരുത്തോടെ ഡിവൈഎഫ്ഐയും പാർട്ടിയും ഇത്തരക്കാർക്കെതിരെ മുന്നോട്ടുപോകുക തന്നെ ചെയ്യും.
സ. അമ്പാടിക്ക് അന്ത്യാഭിവാദ്യങ്ങൾ. ലാൽസലാം.”