അമ്പലത്തറ മില്‍മ പ്ലാന്റില്‍ അമോണിയ വാതക ചോര്‍ച്ച; പരിസരവാസികള്‍ക്ക് ശ്വാസതടസ്സവും ദേഹാസ്വാസ്ഥ്യവും

തിരുവനന്തപുരം: അമ്പലത്തറ മില്‍മ പ്ലാന്റില്‍ വാതക ചോര്‍ച്ച. ശീതീകരണത്തിന് ഉപയോഗിക്കുന്ന അമോണിയ ഗ്യാസ് വാല്‍വിലാണ് ചോര്‍ച്ച ഉണ്ടായത്. വ്യാഴാഴ്ച രാവിലെ ഉണ്ടായ ചോര്‍ച്ച വൈകിട്ട് വരെയും പരിഹരിക്കാനായില്ല. ചോര്‍ച്ച കണ്ടെത്താനായി അമോണിയ കലര്‍ന്ന വെള്ളം പ്ലാന്റിന്റെ പരിസരത്ത് തന്നെ തുറന്നുവിട്ടു.

ഇതോടെ പരിസരവാസികള്‍ക്ക് അസ്വസ്ഥതകള്‍ അനുഭവപ്പെട്ടു തുടങ്ങി. മില്‍മ പ്ലാന്‍റിനോട് ചേര്‍ന്ന താമസിക്കുന്ന നിരവധി വീടുകളിലെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ശ്വാസതടസവും തലകറക്കവും അനുഭവപ്പെട്ടു. പ്രദേശവാസികളുടെ കണ്ണുകള്‍ക്കും അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതോടെ പ്രദേശത്തെ സിപിഎം ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറി അബ്ദുല്‍ ജലീല്‍ സംഭവം അന്വേഷിക്കാന്‍ എത്തിയെങ്കിലും ഉദ്യോഗസ്ഥര്‍ കൃത്യമായ മറുപടി നല്‍കിയില്ല. TRENDING: തുടര്‍ന്ന് നാട്ടുകാരും സിപിഎം പ്രവര്‍ത്തകരും ഫയര്‍ഫോഴ്സിനെയും പൊലീസിനെയും വിവരമറിയിച്ചു. 6 യൂണിറ്റ് ഫയര്‍ഫോഴ്സ് എത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കിയത്. ജില്ലാ കളക്ടറും ശംഖുമുഖം എസിപിയും സ്ഥലത്തെത്തി.

അമോണിയ കലര്‍ന്ന വെള്ളം കണ്ടെയ്നറില്‍ നീക്കാതെ പ്ലാന്റിന്റെ പരിസരത്ത് തന്നെ തുറന്നു വിട്ടതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. രാവിലെയുണ്ടായ ചോര്‍ച്ച പരിഹരിക്കാത്തത് ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു.

സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍ നവജ്യോത് സിങ് കോസ ആവശ്യപ്പെട്ടു. ഫയര്‍ഫോഴ്സിനും ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് വകുപ്പിനും അടിയന്തര റിപ്പോര്‍ട്ട് നല്‍കാനാണ് കളക്ടര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

അമോണിയ വാതകം കലര്‍ന്ന വെള്ളം കണ്ടെയ്നറില്‍ മറ്റൊരിടത്തേക്ക് നീക്കാനും നിര്‍ദ്ദേശം നല്‍കി. അമോണിയ ചോര്‍ച്ച പൂര്‍ണമായും നിയന്ത്രണ വിധേയമായതായി ഫയര്‍ഫോഴ്സ് അറിയിച്ചു.

സാധാരണ അമോണിയ ചോര്‍ച്ച ഉണ്ടാകുമ്ബോള്‍ വെള്ളം പുറത്തേക്ക് കളയുന്നതാണ് പതിവെന്ന് മില്‍മയിലെ ജീവനക്കാര്‍ പറയുന്നു. മഴയും കാറ്റും ഉണ്ടായതിനെ തുടര്‍ന്നാണ് സമീപവാസികള്‍ക്ക് അസ്വസ്ഥത അനുഭവപ്പെടാന്‍ കാരണം എന്നാണ് ജീവനക്കാരുടെ വാദം.

Related posts

Leave a Comment