മുംബൈ: അമേരിക്ക സാമ്ബത്തിക മാന്ദ്യത്തിലേക്ക് പോകുന്നെന്ന സൂചനകള്‍ക്ക് പിന്നാലെ ഇന്ത്യൻ ഓഹരി വിപണിയില്‍ കനത്ത ഇടിവ്.
രാജ്യാന്തര ഓഹരി വിപണികള്‍ക്കൊപ്പമാണ് ഇന്ത്യൻ ഓഹരി വിപണി ഇന്ന് വൻ തകർച്ചയിലേക്ക് നീങ്ങിയത്. വിപണി ഉണർന്നപ്പോഴേ ബിഎസ്‌ഇ സെൻസെക്സ് 2400 പോയിന്റ് ആണ് തകർന്നത്. നിഫ്റ്റിയിലും സമാനമായ ഇടിവ് ഉണ്ടായി. 500 ഓളം പോയിന്റ് ഇടിഞ്ഞ് 24,200ലേക്കാണ് നിഫ്റ്റി താഴ്ന്നത്. രൂപയ്ക്കും തിരച്ചടിയുണ്ടായി.
തുടക്കത്തില്‍ 2,000ലേറെ പോയിന്റ് കൂപ്പുകുത്തിയ സെൻസെക്സ് ഇപ്പോള്‍ 1,910 പോയിന്റ് (-2.36%) താഴ്ന്ന് 79,091ലാണ് വ്യാപാരം പുരോഗമിക്കുന്നത്. നിഫ്റ്റി നിലവില്‍ 619 പോയിന്റ് (-2.51%) ഇടിഞ്ഞ് 24,097ലും വ്യാപാരം നടക്കുന്നു. 10 ലക്ഷം കോടി രൂപയാണ് ഇന്നത്തെ നഷ്ടം കണക്കാക്കുന്നത്.
വമ്ബന്മാരായ ടാറ്റാ മോട്ടോഴ്സ്, ശ്രീറാം ഫിനാൻസ്, ഇൻഫോസിസ്, ഒഎൻജിസി, ഹിൻഡാല്‍കോ എന്നിവ നാലു മുതല്‍ ആറു ശതമാനം വരെ ഇടിഞ്ഞു നിഫ്റ്റി 50ല്‍ നഷ്ടത്തില്‍ മുന്നിലെത്തി. ടാറ്റാ മോട്ടോഴ്സ്, ടാറ്റാ സ്റ്റീല്‍, മാരുതി സുസുക്കി, ഇൻഫോസിസ്, അദാനി പോർട്സ്, എസ്ബിഐ തുടങ്ങിയവരാണ് സെൻസെക്സില്‍ നഷ്ടത്തിലുള്ള പ്രമുഖർ.
രൂപയ്ക്ക് കാര്യമായ ഇടിവുണ്ടായി. ഡോളറിനെതിരെ 83.86 എന്ന സർവകാല താഴ്ചയിലേക്കാണ് രൂപ വീണത്. ഓഹരി വിപണികളുടെ വീഴ്ച, രാജ്യാന്തര സാമ്ബത്തിക രംഗത്തെ അനിശ്ചിതത്വം എന്നിവയാണ് രൂപയ്ക്ക് തിരിച്ചടിയായത്.
ആഗോള വിപണിയില്‍ ഉണ്ടായ ഇടിവാണ് ഇന്ത്യൻ വിപണിയില്‍ തകർച്ചക്ക് കാരണമായതെന്ന് വിദഗ്ദർ പറയുന്നു. അമേരിക്കയില്‍ നിഴലിക്കുന്ന മാന്ദ്യഭീതിയും ഇന്ത്യൻ വിപണിയെ സ്വാധീനിച്ചു. അമേരിക്കയിലെ തൊഴിലില്ലായ്മ നിരക്ക് വർധിക്കുന്നതും മാന്ദ്യത്തിലേക്ക് നയിക്കുന്നുണ്ട്. ഇതോടൊപ്പം മിഡില്‍ ഈസ്റ്റില്‍ ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യയെ കൊലപ്പെടുത്തിയതിന് പിന്നാലെ ഇസ്റാഈല്‍ – ഇറാൻ യുദ്ധമുണ്ടായേക്കുമെന്ന ഭീതിയും തിരിച്ചടിയാകുന്നുണ്ട്.