അമൃത്പാല്‍ സിങ്‍ങിനായി തെരച്ചില്‍ കടുപ്പിച്ച്‌ പഞ്ചാബ് പോലീസ്; തെരച്ചിലിന് ജനങ്ങളുടേയും സഹായം തേടി, വിവിധ രൂപത്തിലുള്ള ചിത്രങ്ങളും പുറത്തുവിട്ടു

ചണ്ഡീഗഢ് : ഖാലിസ്ഥാന്‍ വാദിയും വാരിസ് പഞ്ചാബ് ദേ’ നേതാവ് അമൃത്പാല്‍ സിങ്ങിന്റെ വിവിധ രൂപത്തിലുള്ള ചിത്രങ്ങള്‍ പുറത്തുവിട്ട് പഞ്ചാബ് പോലീസ്.

ഒളിവില്‍ കഴിയുന്ന അമൃത്പാല്‍ സിങ് വേഷം മാറിയിട്ടുണ്ടാകുമെന്ന സംശയത്തിലാണ് ഈ നടപടി. പ്രതിയെ കണ്ടെത്താന്‍ പോലീസ് ജനങ്ങളുടെ സഹായവും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

ഇതിന് ജനങ്ങള്‍ക്ക് സഹായപ്രദമാകുന്നതിനാണ് ചിത്രങ്ങള്‍ പുറത്തുവിട്ടിട്ടുള്ളത്.

അമൃത്പാല്‍ സിങ്ങിനായുള്ള തെരച്ചില്‍ അഞ്ചാം ദിവസത്തിലേക്ക് എത്തിയിരിക്കുകയാണ്. ഇയാള്‍ പഞ്ചാബ് വിട്ടിട്ടുണ്ടാകുമെന്ന സംശയത്തിലാണ് പോലീസ്. കഴിഞ്ഞ ദിവസം അമൃത്പാലിന്റെ വസ്ത്രങ്ങളും കാറും ഉപേക്ഷിക്കപ്പെട്ടനിലയില്‍ കണ്ടെത്തിയിരുന്നു.

ഇതോടെയാണ് സംശയം ബലപ്പെട്ടത്. അമൃത്പാല്‍ രാജ്യം വിട്ടേക്കുമെന്ന സൂചനയെത്തുടര്‍ന്ന് ഇന്തോ- നേപ്പാള്‍ അതിര്‍ത്തിയില്‍ ഉത്തരാഖണ്ഡ് പോലീസും നിരീക്ഷണത്തിലാണ്.

അമൃത്പാലിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചതിനുപിന്നാലെ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. സംസ്ഥാനത്തും ഹിമാചല്‍ പ്രദേശുമായുള്ള അതിര്‍ത്തിയിലും കര്‍ശ്ശന സുരക്ഷയാണ്.

രക്ഷപ്പെടാന്‍ സഹായിച്ചെന്ന് കരുതുന്ന അമൃത് പാലിന്റെ 100ലേറെ അനുയായികളെ ഇതുവരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

അമൃത്പാലിന്റെ അമ്മാവന്‍ ഹര്‍ജിത് സിങ് ഉള്‍പ്പെടെ മൂന്ന് അനുയായികളെ അസമിലെ ദിബ്രുഗഢിലുള്ള അതിസുരക്ഷാ ജയിലിലെത്തിച്ചു. അനുയായികളില്‍നിന്നും ഒട്ടേറെ ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

അതേസമയം അമൃത്പാല്‍ സിങ് പോലീസിനെ വെട്ടിച്ച്‌ കടന്നുകളഞ്ഞതില്‍ പഞ്ചാബ് പോലീസിനെ ഹൈക്കോടതി വിമര്‍ശിച്ചു. 80,000 പോലീസുകാരുണ്ടായിട്ടും അമൃത്പാലിന് കടന്നുകളഞ്ഞത് എങ്ങിനെ.

ഇന്റലിജന്‍സ് വിഭാഗത്തിന്റെ പരാജയമാണിതെന്നും കോടതി ചൂണ്ടിക്കാട്ടി. അമൃത്പാലിനെ പിടികൂടാനുള്ള നടപടികള്‍ സംബന്ധിച്ച്‌ റിപ്പോര്‍ട്ട് നല്‍കാനും പഞ്ചാബ്- ഹരിയാന ഹൈക്കോടതി പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Related posts

Leave a Comment