ഗുരുവായൂര്‍: ക്ഷേത്രത്തില്‍ വഴിപാടായി ലഭിച്ച ഥാര്‍ ലേലം അനിശ്ചിതത്വത്തില്‍. ലേലം പിടിച്ച അമല്‍ മുഹമ്മദലിക്ക് വാഹനം കൈമാറിയില്ല.
ദേവസ്വം കമ്മീഷണറുടെ അനുമതി ലഭിക്കാത്തതിനാലാണ് വാഹനം കൈമാറാത്തത്. മറ്റാരെങ്കിലും കൂടുതല്‍ തുകയുമായെത്തിയാല്‍ നിലവിലെ ലേലം റദ്ദ് ചെയ്യാനുള്ള അധികാരം ദേവസ്വം കമ്മീഷണര്‍ക്കുണ്ടെന്ന് ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ കെ.ബി മോഹന്‍ദാസ് പറഞ്ഞു.
ഥാര്‍ അമല്‍ മുഹമ്മദലിക്ക് തന്നെ കൈമാറുമെന്ന് ഡിസംബര്‍ 21ന് തീരുമാനമെടുത്തതായിരുന്നു. ഗുരുവായൂര്‍ ദേവസ്വം ഭരണ സമിതി യോഗത്തിലായിരുന്നു തീരുമാനം. എന്നാല്‍ ഥാര്‍ ഇതുവരെ കൈമാറിയിട്ടില്ല.
കൊച്ചി ഇടപ്പള്ളി സ്വദേശി അമല്‍ മുഹമ്മദ് അലിയാണ് വണ്ടി ലേലത്തില്‍ പിടിച്ചത്. 15,10,000 രൂപയ്ക്ക് ഥാര്‍ ലേലം പോയതിനു പിന്നാലെ വിവാദമുയര്‍ന്നിരുന്നു. ലേലത്തില്‍ ഒരാള്‍ മാത്രമേ പങ്കെടുത്തിരുന്നുള്ളൂ. അലിക്കുവേണ്ടി തൃശൂര്‍ എയ്യാല്‍ സ്വദേശിയും ഗുരുവായൂരില്‍ ജ്യോത്സ്യനുമായ സുഭാഷ് പണിക്കരാണ് ലേലംവിളിക്കാനെത്തിയത്. ഭരണസമിതി യോഗത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടേ ലേലം അംഗീകരിക്കൂവെന്ന് ദേവസ്വം ചെയര്‍മാന്‍ കെ.ബി. മോഹന്‍ദാസ് നേരത്തെ അറിയിച്ചിരുന്നു.