അബുദാബി: അബുദാബിയിലെ മുസഫ വ്യാവസായിക മേഖലയില് ഹൂത്തി ഭീകരാക്രമണത്തില് മൂന്നു പേര് കൊല്ലപ്പെടുകയും, ആറു പേര്ക്ക് പരിക്കേല്ക്കുകയും ചെയ്ത സംഭവത്തില് ഉത്തരവാദികളായവര് കണക്കുപറയേണ്ടി വരുമെന്ന് യുഎഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന് സായിദ് അല് നഹ്യാന്.
സിവിലിയന് കേന്ദ്രങ്ങള് ലക്ഷ്യം വെച്ചുള്ള ഹൂത്തി ആക്രമണങ്ങള് അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനവും, അംഗീകരിക്കാന് കഴിയാത്ത കുറ്റകൃത്യവുമാണെന്ന് വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രാലയം പ്രസ്താവനയില് പറഞ്ഞു. നിയമവിരുദ്ധമായ ലക്ഷ്യങ്ങള് നേടിയെടുക്കുന്നതിന്, മേഖലയില് ഭീകരവാദവും അരാജകത്വവും വ്യാപിപ്പിക്കാനുള്ള ഭീരുത്വമാണ് ഹൂത്തി മിലിഷ്യ നടത്തിയതെന്നും, സിവിലിയന്മാരെയും സിവിലിയന് സൗകര്യങ്ങളെയും ലക്ഷ്യമിട്ടുള്ള ഈ ഭീകരപ്രവര്ത്തനങ്ങളെ അന്താരാഷ്ട്ര സമൂഹം ശക്തമായി അപലപിക്കണമെന്നും മന്ത്രാലയം പറഞ്ഞു.
അതേസമയം മരിച്ചവരില് രണ്ടു പേര് ഇന്ത്യക്കാരാണെന്ന വിവരം ലഭിച്ചതായും കൂടുതല് വിവരങ്ങള് അന്വേഷിച്ചു വരികയാണെന്നും യു എ ഇയിലെ ഇന്ത്യന് എംബസിയും അറിയിച്ചു. അബുദാബി മുസഫ മേഖലയില് തിങ്കളാഴ്ച രാവിലെയാണ് ആക്രമണം നടന്നത്. പെട്രോളിയം കമ്ബനിയായ അഡ്നോക്കിന്റെ എണ്ണ സംഭരണ ശാലയ്ക്ക് സമീപമാണ് ആക്രമണത്തിന്റെ ഭാഗമായി തീ പിടുത്തമുണ്ടായതെങ്കിലും വന് ദുരന്തം ഒഴിവായി. അബുദാബി വിമാനത്താവളത്തിലെ നിര്മാണത്തിലിരിക്കുന്ന ഭാഗത്തും തീ പിടുത്തമുണ്ടായെങ്കിലും മറ്റു അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല.
ഡ്രോണുകളുടേതാകാന് സാധ്യതയുള്ള ചെറിയ പറക്കുന്ന വസ്തുക്കളാണ് തീ പിടുത്തത്തിനു കാരണമെന്നാണ് ആദ്യം കരുതിയിരുന്നത്. പിന്നീടാണ് ഹൂത്തികളുടെ ആക്രമണമാണെന്നു ഔദ്യോഗിക സ്ഥിരീകരണമുണ്ടായത്. അമേരിക്ക, സൗദി അറേബ്യ, ഈജിപ്ത്, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങള് ഹൂത്തി ആക്രമണത്തെ ശക്തമായി അപലപിച്ചു.