തിരുവനന്തപുരം: ഭാര്യ അപ്രതീക്ഷിതമായി മരിച്ചതിലുള്ള മനോവിഷമം താങ്ങാന്‍ കഴിയാതെ ഭര്‍ത്താവ് ആത്മഹത്യ ചെയ്തു.
മലയിന്‍കീഴ് സ്വദേശിയായ കണ്ടല കുളപ്പള്ളി നന്ദനം വീട്ടില്‍ എസ്. പ്രഭാകരന്‍ നായരെയാണ് (53) വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്.
മലയിന്‍കീഴ് ജംഗ്ഷനില്‍ വ്യാപാരം നടത്തുകയായിരുന്ന പ്രഭാകരന്‍ നായര്‍ ഭാര്യ മരിച്ചതിനെ തുടര്‍ന്ന് കടുത്ത മനോവിഷമത്തില്‍ ആയിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് പ്രഭാകരന്‍ നായരുടെ ഭാര്യ സി. മഞ്ജുഷ (44) മരിച്ചത്. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് മഞ്ജുഷ മരണമടഞ്ഞത്. നാളെ മഞ്ജുഷയുടെ സഞ്ചയനം നടത്താനിരിക്കെയാണ് പ്രഭാകരന്‍ മനംനൊന്ത് ജീവനൊടുക്കിയത്.
പ്രഭാകരനെ ബന്ധുക്കള്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും, ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മഞ്ജുഷയും പ്രഭാകരനും ഒന്നിച്ചാണ് വ്യാപാരം നടത്തിയിരുന്നത്. ഇവര്‍ക്ക് കുട്ടികള്‍ ഉണ്ടായിരുന്നില്ല. കൊവിഡ് ലോക്ക്ഡൗണ്‍ കാലത്ത് വ്യാപാരം കുറഞ്ഞതും, ഭാര്യയുടെ അപ്രതീക്ഷിത മരണവും പ്രഭാകരന്‍ നായരെ മാനസികമായി തളര്‍ത്തിയെന്ന് ബന്ധുക്കള്‍ പറഞ്ഞു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.