ബെംഗളൂരു: അപകീർത്തി കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ജാമ്യം. ബെംഗളൂരുവിലെ പ്രത്യേക കോടതിയാണ് കേസില്‍ ജാമ്യം അനുവിച്ചത്.
ജൂലൈ 30ന് കോടതി വീണ്ടും കേസ് പരിഗണിക്കും. 40% കമ്മീഷൻ സർക്കാർ എന്ന് കഴിഞ്ഞ ബിജെപി സർക്കാരിനെ വിമർശിച്ചതിനാണ് രാഹുലിനെതിരെ കേസെടുത്തത്.
സിദ്ധരാമയ്യയും ഡികെ ശിവകുമാറും കേസില്‍ പ്രതികളാണ്. നിയമസഭ തെരഞ്ഞെടുപ്പിനിടെ
കർണാടകയിലെ ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിനെതിരായിരുന്നു രാഹുല്‍ ഗാന്ധിയുടെ ആരോപണം.
പ്രാദേശിക പത്രങ്ങളിലെ പരസ്യങ്ങളും കോണ്‍ഗ്രസ് നടത്തിയ തെറ്റായ പ്രചാരണങ്ങളും ബിജെപിയുടെ പ്രതിച്ഛായ തകർത്തുവെന്നായിരുന്നു പരാതി.
കേസിലെ മറ്റു പ്രതികളായ സിദ്ധരാമയ്യയ്ക്കും ഡികെ ശിവകുമാറിനും കഴിഞ്ഞ ദിവസം ബെംഗളൂരു സിറ്റി സിവില്‍ ആൻഡ് സെഷൻസ് കോടതി ജാമ്യം അനുവദിച്ചിരുന്നു.
അന്ന് രാഹുല്‍ ഹാജരാകാതെ ഇരുന്നതിനാല്‍ 7-ന് ഹാജരാകാൻ സമൻസ് അയക്കുകയായിരുന്നു. തുടർന്നാണ് ഇന്ന് രാവിലെ രാഹുല്‍ ഗാന്ധി ബെംഗളൂരുവിലെ കോടതിയില്‍ ഹാജരായത്.
ബെംഗളൂരുവിലെത്തിയ രാഹുല്‍ ഗാന്ധിയുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ എന്നിവർ കൂടിക്കാഴ്ച നടത്തിയിരുന്നു.