മലപ്പുറം: താനൂര്‍ ബോട്ട് ദുരന്തമുണ്ടായ പൂരപ്പുഴയുടെ അഴിമുഖത്ത് ഇന്നും തിരച്ചില്‍ തുടരുന്നു. ബോട്ടില്‍ ഉണ്ടായിരുന്നവരെക്കുറിച്ച് കൃത്യമായ എണ്ണം ലഭിക്കാത്ത സാഹചര്യത്തിലാണ് തിരച്ചില്‍ തുടരാന്‍ തീരുമാനിച്ചത്.
ദേശീയ ദുരന്തനിവാരണ സേന ഉള്‍പ്പെടെ സ്ഥലത്ത് ക്യാംപ് ചെയ്താണ് തിരച്ചിൽ തുടരുന്നത്. 48 മണിക്കൂർ തിരച്ചിൽ നടത്തുമെന്നാണ് സംഘം നൽകുന്ന സൂചന. ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശപ്രകാരമാണിത്.
മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരോ നാട്ടുകാർക്കു പരിചയമില്ലാത്ത ആളുകളോ ബോട്ടിലുണ്ടായിരിക്കാനുള്ള സാധ്യത കൂടി പരിഗണിച്ചാണ് ഇന്നും രാവിലെ തിരച്ചിൽ പുനരാരംഭിച്ചത്.
അതേസമയം, പിടിയിലായ ബോട്ടുടമ നാസറിനെ താനൂര്‍ പൊലീസ് ഇന്ന് കോടതിയില്‍ ഹാജരാക്കും. അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് സംഘം ഇന്ന് ബോട്ട് വിശദമായി പരിശോധിച്ചേക്കും.
ബോട്ടിലെ സ്രാങ്ക് ഉള്‍പ്പെടെയുള്ളവര്‍ക്കായും അന്വേഷണം തുടരുകയാണ്. ഒളിവിൽപോയിരുന്ന ബോട്ടുടമ താനൂർ സ്വദേശി നാസറിനെ കോഴിക്കോട്ടുനിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
നരഹത്യ ഉൾപ്പെടെയുള്ള കുറ്റങ്ങൾക്കു ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണു കേസ്. ബോട്ട് ഓടിച്ചിരുന്ന താനൂർ ഒട്ടുംപുറം സ്വദേശിയായ സ്രാങ്ക് ദിനേശനും ജീവനക്കാരൻ രാജനും ഒളിവിലാണ്.
മുൻദിവസങ്ങളിൽ അമിതമായി യാത്രക്കാരെ കയറ്റി ദിനേശൻ ബോട്ട് ഓടിക്കുന്നതിന്റെ ദൃശ്യങ്ങൾ മത്സ്യത്തൊഴിലാളികൾ പുറത്തുവിട്ടിട്ടുണ്ട്.
അപകടത്തിൽപെട്ട ബോട്ടിനു റജിസ്ട്രേഷനോ ബോട്ട് ഓടിച്ച സ്രാങ്കിനു ലൈസൻസോ ഇല്ലെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്.
സർവേ നടപടികൾ പൂർത്തിയാക്കിയതിന്റെ ഭാഗമായുള്ള ഫയൽ നമ്പർ റജിസ്ട്രേഷൻ നമ്പറായി എഴുതിച്ചേർത്ത് ബോട്ട് ഉടമ തട്ടിപ്പ് നടത്തുകയായിരുന്നുവെന്നു തെളിഞ്ഞു.
ഉദ്യോഗസ്ഥർ ഇതിനു കൂട്ടുനിന്നതിന്റെ വിവരങ്ങളും പുറത്ത് വരുന്നുണ്ട്.