കൊച്ചി: ( 07.05.2020) ആലുവ മുട്ടത്ത് തിങ്കളാഴ്ചയുണ്ടായ അപകടത്തില്‍ മരിച്ച തൃക്കാക്കര തോപ്പില്‍ അരവിന്ദ് ലെയ്ന്‍ മറ്റത്തിപ്പറമ്ബില്‍ മജേഷിന്റെ ഭാര്യ രേവതി ആണ്‍കുഞ്ഞിനു ജന്മം നല്‍കി. ബുധനാഴ്ച വൈകിട്ട് 3.58 മണിയോടെ ശസ്ത്രക്രിയയിലൂടെയായിരുന്നു കുഞ്ഞിനെ പുറത്തെടുത്തത്.
അമ്മയും കുഞ്ഞും ആരോഗ്യത്തോടെ ഇരിക്കുന്നതായി ആസ്റ്റര്‍ മെഡ്‌സിറ്റി സീനിയര്‍ കണ്‍സള്‍ട്ടന്റ് (ഗൈനക്കോളജി) ഡോ. ഷേര്‍ളി മാത്തന്‍ പറഞ്ഞു. മൂന്നു ദിവസത്തെ ആശുപത്രിവാസം പൂര്‍ത്തിയാക്കിയ ശേഷം ശനിയാഴ്ച വീട്ടിലേക്ക് മടങ്ങാനാകുമെന്നും ഡോക്ടര്‍ അറിയിച്ചു.
പാതാളം ഇഎസ്‌ഐ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന രേവതിയുടെ പ്രസവം തിങ്കളാഴ്ചയാണ് പറഞ്ഞിരുന്നത്. എന്നാല്‍ വേദന തുടങ്ങാത്തതിനാല്‍ മരുന്നു നല്‍കാന്‍ അനുമതിപത്രം ഒപ്പിട്ട് മടങ്ങുമ്ബോഴാണ് തിങ്കളാഴ്ച വൈകിട്ട് ഭര്‍ത്താവ് മജേഷും മകള്‍ അര്‍ച്ചനയും അപകടത്തില്‍പെട്ട് മരിക്കുന്നത്. തുടര്‍ന്ന് ചൊവ്വാഴ്ച ഭര്‍ത്താവിനും മകള്‍ക്കും അന്ത്യചുംബനം അര്‍പ്പിക്കാന്‍ രേവതി എത്തിയിരുന്നു.
മരണവിവരമറിഞ്ഞതിനാല്‍ പ്രസവവേദനയ്ക്കുള്ള മരുന്ന് തല്‍ക്കാലം നല്‍കേണ്ടതില്ലെന്ന് തിങ്കളാഴ്ച തീരുമാനിച്ചിരുന്നു. തുടര്‍ന്ന് രേവതിയെ ചൊവ്വാഴ്ച വൈകിട്ട് ആസ്റ്റര്‍ മെഡ്‌സിറ്റിയിലേക്ക് മാറ്റുകയായിരുന്നു. ആസ്റ്റര്‍ മെഡ്‌സിറ്റി ജീവനക്കാരികൂടിയായ രേവതിയെ ഇഎസ്‌ഐ ആനുകൂല്യവുമായി ബന്ധപ്പെട്ടാണ് ആദ്യം പാതാളം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.