മോര്‍ബി: ഗുജറാത്തിലെ മോര്‍ബിയില്‍ 140ലധികം പേരുടെ മരണത്തിന് ഇടയാക്കിയ പാലം അപകടത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരികയാണ്.
അപകടസമയത്ത് കേബിള്‍ പാലത്തില്‍ നിന്നിരുന്നത് അഞ്ഞൂറോളം പേര്‍ ആയിരുന്നുവെന്നാണ് പറയപ്പെടുന്നത്. പരിധിയില്‍ കൂടുതല്‍ ജനങ്ങള്‍ പാലത്തില്‍ നിന്നത് വന്‍ ദുരന്തത്തിലേക്ക് വഴിവെച്ചുവെന്ന നിഗമനത്തിലാണ് പോലീസ്. എന്നാല്‍ പാലം തകരുന്നതിന് കാരണമായത് ചില കൗമാരക്കാരുടെ വികൃതിയാണെന്നാണ് ദുരന്തത്തെ അതിജീവിച്ച യുവാവ് വെളിപ്പെടുത്തുന്നത്.
“പാലം പൊട്ടിവീഴുന്നതിന് മുന്നോടിയായി ചില കൗമാരക്കാര്‍ വികൃതി കാണിക്കുന്നുണ്ടായിരുന്നു. അവര്‍ പാലത്തിന്റെ കയറുകള്‍ പിടിച്ച് കുലുക്കി. ഇതോടെ പാലം അപകടകരമായ രീതിയില്‍ ആടുന്നുണ്ടായിരുന്നു. ഏകദേശം 15-20ഓളം പേര്‍ ചേര്‍ന്നാണ് പാലം കുലുക്കിയിരുന്നത്. പാലം തകരാന്‍ പോകുന്നുവെന്ന സൂചന ലഭിക്കും വിധം മൂന്ന് തവണ വലിയ ശബ്ദമുണ്ടാകുകയും ചെയ്തിരുന്നു. ഇതിന് തൊട്ടുപിന്നാലെ പാലം തകര്‍ന്ന് വീണു.” ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട അശ്വിന്‍ മിശ്രയെന്ന യുവാവ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
പാലം പൊട്ടിവീണപ്പോള്‍ സമീപമുണ്ടായിരുന്ന മരത്തിന്റെ ശിഖരങ്ങളില്‍ പിടുത്തം കിട്ടി. അതില്‍ മുറുകെ പിടിച്ച് താനും സുഹൃത്തും രക്ഷപ്പെടുകയായിരുന്നുവെന്ന് അശ്വിന്‍ പറഞ്ഞു. അശ്വിന്റെ കാലുകള്‍ക്കും മുതുകിനും അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. ദുരന്തത്തില്‍ പരിക്കേറ്റ എല്ലാവരും ജിഎംഇആര്‍എസ് ജനറല്‍ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്.
സംഭവത്തില്‍ കേബിള്‍ പാലം നവീകരിച്ച കരാര്‍ കമ്ബനിക്കെതിരെ മനഃപൂര്‍വ്വമല്ലാത്ത നരഹത്യയ്‌ക്ക് പോലീസ് കേസെടുത്തിട്ടുണ്ട്. അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ അഞ്ചംഗ പ്രത്യേക സംഘത്തെയും ഗുജറാത്ത് സര്‍ക്കാര്‍ നിയോഗിച്ചു. ഇതിനോടകം ഒമ്ബത് പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇതില്‍ അഞ്ച് പേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.
നിലവില്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ട നൂറിലധികം പേര്‍ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും ധനസഹായം ഉള്‍പ്പെടെ പ്രഖ്യാപിച്ച് കഴിഞ്ഞു. ദുരന്തം സംഭവിച്ച സ്ഥലം ചൊവ്വാഴ്ച പ്രധാനമന്ത്രി നേരില്‍ സന്ദര്‍ശിക്കും