93കാരന്റെ മൃദേഹം വീട്ടിലെ ഫ്രിഡ്ജിനകത്തു നിന്നും പോലിസ് കണ്ടെടുത്തു. തെലങ്കാനയില്‍ വാറങ്കലിലെ പര്‍കാലയിലാണ് സംഭവം. പേരമകനാണ് മുത്തഛന്റെ മൃതദേഹം ഫ്രിഡ്ജിനകത്ത് സൂക്ഷിച്ചത്.
അന്ത്യകര്‍മങ്ങള്‍ നടത്താന്‍ പണമില്ലാത്തതു കാരണമാണ് മൃതദേഹം സൂക്ഷിച്ചതെന്നാണ് 23കാരനായ നിഖിലിന്റെ മൊഴി.
എന്നാല്‍ പോലിസ് ഇത് വിശ്വസിച്ചിട്ടില്ല. വീട്ടിനകത്ത് നിന്ന് രൂക്ഷ ഗന്ധം വരുന്നുവെന്ന സമീപവാസികളുടെ പരാതിയെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
93കാരനും 24കാരനായ കൊച്ചുമകൻ നിഖിലും വാടകവീട്ടിലായിരുന്നു താമസം. മുത്തശ്ശന് ലഭിച്ചിരുന്ന പെന്‍ഷന്‍ കൊണ്ടായിരുന്നു ഇവരുടെ ജീവിതം മുന്നോട്ടുപോയിരുന്നത് എന്നാണ് വിവരം.
കുറച്ചു മുന്‍പ് മുത്തശ്ശന്റെ ആരോഗ്യം മോശമായി കിടപ്പിലാവുകയും പിന്നീട് മരിക്കുകയുമായിരുന്നു എന്നാണ് നിഖില്‍ പോലീസിനോട് പറഞ്ഞത്.
മരിച്ചതിനു പിന്നാലെ മൃതദേഹം ബെഡ്ഷീറ്റില്‍ പൊതിയുകയും പിന്നീട് ഫ്രിഡ്ജില്‍ വെക്കുകയുമായിരുന്നു. അന്തിമ സംസ്‌കാര ചടങ്ങുകള്‍ നടത്താന്‍ പണം ഇല്ലായിരുന്നുവെന്നും അതിനാലാണ് ഇങ്ങനെ ചെയ്തതെന്നും നിഖില്‍ പറഞ്ഞതായി പോലീസ് വ്യക്തമാക്കി.
മൂന്നുദിവസം മുന്‍പാണ് മുത്തശ്ശന്‍ മരിച്ചതെന്ന് നിഖില്‍ പറഞ്ഞെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. ലഭിച്ചിരുന്ന പെന്‍ഷന്‍ നിലയ്ക്കാതിരിക്കാന്‍ മുത്തശ്ശന്റെ മൃതദേഹം നിഖില്‍ മനഃപൂര്‍വം ഒളിപ്പിക്കുകയായിരുന്നോ എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്. ദൂരുഹമരണത്തിന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്.