ഖഗരിയ; ബിഹാറിൽ അനസ്തീസിയ നൽകാതെ സ്ത്രീകൾക്ക് വന്ധ്യംകരണം. അലറി നിലവിളിച്ച സ്ത്രീകളുടെ കൈകാലുകൾ കൂട്ടിപ്പിടിച്ച് ശസ്ത്രക്രിയ പൂർത്തിയാക്കി.
ബിഹാറിലെ ഖഗരിയ ജില്ലയിലെ അലൗലിയിലുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലായിരുന്നു (പിഎച്ച്സി) സംഭവം. 23 സ്ത്രീകളുടെ വന്ധ്യംകരണവും ഈ വിധത്തിലായിരുന്നു.
സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു. അതേസമയം, ആകെ 30 സ്ത്രീകളെയാണ് വന്ധ്യംകരിക്കാനിരുന്നത്. എന്നാൽ നിലവിളി കേട്ടതിനെത്തുടർന്ന് ഏഴു സ്ത്രീകൾ ഓടി നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.
ഗുരുതര കൃത്യവിലോപമാണ് നടന്നതെന്ന് ഖഗരിയ സിവിൽ സർജൻ അമർകാന്ത് ഝാ വാർത്താ ഏജൻസിയായ പിടിഐയോടു പറഞ്ഞു. ലോക്കൽ അനസ്തീസിയ നൽകിവേണം ഇത്തരം ശസ്ത്രക്രിയകൾ നടത്താൻ.
സംഭവത്തിൽ അന്വേഷണം നടക്കുകയാണ്. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവം ഓർക്കാൻക്കൂടി പേടിയാണെന്ന് വന്ധ്യംകരണത്തിനുവിധേയരായവരിൽ ഒരാൾ പിടിഐയോടു പറഞ്ഞു.
‘‘വേദന കൊണ്ടു ഞാൻ പുളഞ്ഞപ്പോൾ നാലുപേർ എന്റെ കൈകാലുകൾ പിടിച്ചുവച്ചിരിക്കുകയായിരുന്നു. ഒടുവിൽ ഡോക്ടർ ശസ്ത്രക്രിയ പൂർത്തിയാക്കി.
വേദനയെക്കുറിച്ചു ചോദിച്ചപ്പോൾ ഡോക്ടർ പറഞ്ഞ മറുപടി അങ്ങനെ സംഭവിക്കുമെന്നായിരുന്നു’’ – അവർ കൂട്ടിച്ചേർത്തു. മറ്റൊരു യുവതിയും സമാന അനുഭവം പങ്കിട്ടു.
ശസ്ത്രക്രിയയുടെ സമയം മുഴുവനും ബോധമുണ്ടായിരുന്നുവെന്നും കഠിനമായ വേദനയായിരുന്നുവെന്നും ഇവർ വ്യക്തമാക്കി. സർക്കാർ സ്പോൺസർ ചെയ്ത പ്രചാരണത്തിന്റെ ഭാഗമായി സ്വകാര്യ സംഘടനയാണ് വന്ധ്യംകരണം സംഘടിപ്പിച്ചത്.
സംഭവത്തിൽ ആർജെഡി സർക്കാരിനെതിരെ ബിജെപി രംഗത്തെത്തി