കട്ടപ്പന: കാഞ്ചിയാര്‍ പേഴുംകണ്ടത്ത് യുവ അധ്യാപിക കൊല്ലപ്പെട്ടത് തലയ്‌ക്കേറ്റ ക്ഷതം കാരണമെന്ന് പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പ്രാഥമിക സൂചന.
പേഴുംകണ്ടം വട്ടമുകളേല്‍ ബിജേഷിന്റെ ഭാര്യ പി.ജെ. വത്സമ്മ (അനുമോള്‍-27)യെയാണ് 21നു വീടിനുള്ളിലെ കിടപ്പുമുറിയില്‍ കട്ടിലിനടിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് ബിജേഷ് ഒളിവിലാണ്.
ഇയാളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.ഇയാള്‍ തമിഴ്‌നാട്ടിലേക്ക് കടന്നതായാണു സംശയം. ഇയാളുടെ മൊബൈല്‍ ഫോണ്‍ കുമളിയില്‍ ഉപേക്ഷിച്ചതായി കണ്ടെത്തി.
ഇന്നലെ രാവിലെ ഇന്‍ക്വസ്‌റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിനായി മാറ്റിയിരുന്നു. മൃതദേഹത്തിന് നാല് ദിവസത്തോളം പഴക്കമുണ്ടെന്നാണ് നിഗമനം. അഴുകി തുടങ്ങിയതിനാല്‍ ശരീരത്തില്‍ മര്‍ദനമേറ്റതിന്റെ പാടുകള്‍ കണ്ടെത്താനായിട്ടില്ലായിരുന്നു.
പോസ്‌റ്റ്‌മോര്‍ട്ടത്തില്‍ തലയ്‌ക്കേറ്റ ക്ഷതത്തെത്തുടര്‍ന്നു രക്‌തസ്രാവം ഉണ്ടായതായിട്ടാണ് നിഗമനമെന്ന് പോലീസ് അറിയിച്ചു. വിശദമായ പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍മാത്രമേ മരണ കാരണം സംബന്ധിച്ച് വ്യക്‌തതയുണ്ടാകൂയെന്ന് പോലീസ് പറഞ്ഞു.
ശനിയാഴ്‌ച്ച രാവിലെ മുതലാണ് അനുമോളെ കാണാനില്ലെന്ന് ബന്ധുക്കള്‍ മനസിലാക്കുന്നത്. ബിജേഷ് തന്നെയാണ് അനിമോള്‍ വീട് വിട്ട് പോയെന്ന് ബന്ധുക്കളെ അറിയിക്കുന്നത്.
ചൊവ്വാഴ്‌ച്ച വൈകിട്ട് സംശയം തോന്നി അനുമോളുടെ ബന്ധുക്കള്‍ ഇവര്‍ താമസിച്ച വീടിന്റെ വാതില്‍ പൊളിച്ച് ഉള്ളില്‍ കടന്നപ്പോഴാണ് മൃതദേഹം കണ്ടത്. ഇതിനു തൊട്ടു മുമ്പ് വരെ ബിജേഷ് പ്രദേശത്തുണ്ടായിരുന്നു. ഇതിനു ശേഷമാണ് ഇയാളെ കാണാതാകുന്നതും.
കുറച്ചു കാലമായി ബിജേഷും വത്സമ്മയും തമ്മില്‍ പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നതായി ബന്ധുക്കള്‍ പറയുന്നു. ഒളിവില്‍ പോകുന്നതിന് മുമ്പ് അഞ്ചു വയസുള്ള മകളെ ബിജേഷ് വെങ്ങാലൂര്‍ കടയിലുള്ള തറവാട്ടിലേയ്‌ക്ക് കൊണ്ടുപോയിരുന്നു.
കട്ടപ്പന ഡിവൈ.എസ്.പി: വി.എ. നിഷാദ് മോന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.