അധിനിവേശ മേഖല വിട്ടുതരണം, ഭീകരതയ്‌ക്കെതിരെ പ്രവര്‍ത്തിക്കുക; കശ്മീര്‍ വിഷയം യു.എന്നില്‍ ഉന്നയിച്ച പാക് പ്രധാനമന്ത്രിയോട് ഇന്ത്യ

ന്യൂയോര്‍ക്ക്: കശ്മീര്‍ വിഷയം ഐക്യരാഷ്ട്രസഭാ ജനറല്‍ അസംബ്ലിയില്‍ (യുഎന്‍ജിഎ) ഉന്നയിച്ച പാകിസ്താന്‍ കാവല്‍ പ്രധാനമന്ത്രി അന്‍വാറുള്‍ ഹഖ് കക്കറിനെതിരെ ഇന്ത്യന്‍ പ്രതിനിധി.

പാകിസ്താന്‍ അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഇന്ത്യയുടെ പ്രദേശം വിട്ടുനല്‍കണമെന്നും അതിര്‍ത്തി കടന്നുള്ള ഭീകരതയ്‌ക്കെതിരെ കര്‍ക്കശ നടപടിയെടുക്കണമെന്നും യു.എന്നിലെ ഇന്ത്യയുടെ ഫസ്റ്റ് സെക്രട്ടറി പെറ്റല്‍ ഗെലോട്ട് ആവശ്യപ്പെട്ടു.

പാകിസ്താനിലെ ന്യൂനപക്ഷങ്ങള്‍ക്കെതിരായ മനുഷ്യാവകാശ ലംഘനങ്ങള്‍ അവസാനിപ്പിക്കണമെന്നും ഫസ്റ്റ് സെക്രട്ടറി ആവശ്യപ്പെട്ടു.

‘ദക്ഷിണ ഏഷ്യയില്‍ സമാധാനം പുലരണമെങ്കില്‍ പാകിസ്താന്റെ ഭാഗത്തുനിന്ന് മൂന്നുതലത്തിലുള്ള നടപടി ആവശ്യമാണ്. ഒന്നാമതായി, അതിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തനം അവസാനിപ്പിക്കണം.

രണ്ടാമതായി, അനധികൃതമായി ബലപ്രയോഗത്തിലുടെ പിടിച്ചെടുത്ത ഇന്ത്യയുടെ ഭൂപ്രദേശം വിട്ടുനല്‍കണം, മൂന്നാമതായി, പാകിസ്താനിലെ ന്യുനപക്ഷങ്ങള്‍ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ അവസാനിപ്പിക്കണം’- ഫസ്റ്റ സെക്രട്ടറി മറുപടി പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.

കേന്ദ്ര ഭരണ പ്രദേശങ്ങളായ ജമ്മു കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഭാഗങ്ങളാണ്. അവിടെ പാകിസ്താന് ഇന്ത്യയുടെ ആഭ്യന്തര വിഷയത്തില്‍ അഭിപ്രായം പറയാന്‍ ഒരു അവകാശവുമില്ല.

ഏറ്റവും മോശമായ മനുഷ്യാവകാശ റെക്കോര്‍ഡ്, പ്രത്യേകിച്ച്‌ ന്യൂനപക്ഷങ്ങളുടെയും സ്ത്രീകളുടെയും അവകാശങ്ങളില്‍, ഉള്ള രാജ്യത്തിന് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിനു നേര്‍ക്ക് വിരല്‍ ചൂണ്ടാന്‍ അവകാശമില്ലെന്നും ഫസ്റ്റ് സെക്രട്ടറി തിരിച്ചടിച്ചു.

യു.എന്‍ പൊതുസഭയില്‍ ഇന്ത്യയ്‌ക്കെതിരെ അടിസ്ഥാനരഹിതമായ വിദ്വേഷ പ്രചാരണം നടത്തുന്നതില്‍ ശക്തമായ ഭാഷയില്‍ അപലപിക്കുകയും ചെയ്തു.

ഇന്ത്യയ്‌ക്കെതിരെ ഇത്തരം പരാമര്‍ശം നടത്തുന്ന പാകിസ്താന്‍ ഒരു സ്ഥിരംകുറ്റവാളിയായി മാറിയിരിക്കുകയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

Related posts

Leave a Comment