നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്കു പിന്നാലെ വന്ന ഭീഷണിയില്‍ പ്രതികരണവുമായി മുന്‍ പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്. ആരുടെയും ഭീഷണി കേട്ട് താന്‍ പേടിക്കില്ലെന്നും ഭീഷണിക്ക് അതേ നാണയത്തില്‍ പ്രതികരണമുണ്ടാവുമെന്നും പിസി ജോര്‍ജ് പറഞ്ഞു.
‘ ഇതിനു മുമ്പ് വന്ന ഭീഷണിയോടും പോടാ എന്നാണ് താന്‍ പറഞ്ഞത്. ഇപ്പോഴും അത് തന്നെ പറയുന്നു. പച്ചയ്ക്കാണ് പറയുന്നത്. അവരെന്നെ എന്തു ചെയ്താലും നേരിടാന്‍ തയ്യാറാണ്. ഞാന്‍ ജനിച്ചുവളര്‍ന്ന ഈരാറ്റുപേട്ടയില്‍ ഇറങ്ങാന്‍ ഏതെങ്കിലും വിവരം കെട്ടവന്റെ അനുവാദം വേണ്ട. ഇപ്പോഴും ഞാന്‍ പേട്ടയിലാണ് ഇറങ്ങാന്‍ പോവുന്നത്. നേരിടാന്‍ ഞാന്‍ വെല്ലുവിളിക്കുന്നു.കൊല്ലാന്‍ വരുന്നവനെ ഞാന്‍ തന്നെയാണ് നേരിടുക. ഞാന്‍ ഒറ്റയ്‌ക്കൊന്നുമല്ല. അങ്ങനെ ആരെങ്കിലും വന്നാല്‍ ഞാന്‍ ഒറ്റയ്ക്ക് പോവുകയുമില്ല. അതൊരു പരമ്പര തന്നെയായിരിക്കും,’ പിസി ജോര്‍ജ് പറഞ്ഞു.
ഈരാറ്റുപേട്ടയിലോ പരിസരത്തോ കണ്ടാല്‍ പേപ്പട്ടിയെ തല്ലും പോലെ തല്ലുമെന്നായിരുന്നു പിസി ജോര്‍ജിനു നേരെ വന്ന ഭീഷണി. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയായിരുന്നു യുവാവിന്റെ ഭീഷണി. തുടര്‍ന്ന് പിസി ജോര്‍ജ് പരാതി നല്‍കിയതിനെ തുടര്‍ന്ന് നടയ്ക്കല്‍ അറഫാ നിവാസില്‍ അമീനെതിരെ പൊലീസ് കേസെടുത്തു. എന്നാല്‍ താന്‍ സിപിഐഎമ്മുകാരനാണെന്നും പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നെന്നും അമീന്‍ പിന്നീട് പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറഞ്ഞു.
പി.സി.ജോര്‍ജ് സാറിനോട് ക്ഷമ ചോദിക്കുന്നു; പെട്ടന്നുണ്ടായ ദേഷ്യത്തില്‍ പറഞ്ഞതാണ്; വധഭീഷണി മുഴക്കിയ അമീന്‍ മാപ്പുമായി രംഗത്ത് (വീഡിയോ)