ഇന്ത്യ -ചൈന അതിര്‍ത്തി സംഘര്‍ഷത്തിനിടെ പ്രധാനമന്ത്രി അപ്രതീക്ഷിതമായി ലഡാക്കില്‍ എത്തി.സംയുക്ത സൈനിക മേധാവിയും കരസേനമേധാവിയും പ്രധനമന്ത്രിക്കൊപ്പമുണ്ട്.
ഇത് സംബന്ധിച്ച് നേരത്തെ ഒരു അറിയിപ്പും ഉണ്ടായിരുന്നില്ല. ലേയില്‍ പ്രധാനമന്ത്രി എത്തിയതിന് ശേഷമാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെക്കുറിച്ച് ദൂരദര്ശന് വിവരം പുറത്തുവിട്ടത്.
സംഘര്‍ഷത്തില്‍ പരിക്കുപറ്റിയ സൈനികര്‍ ലേയിലെ ആശുപപത്രിയിലാണ് ഉള്ളത്. പ്രധാനമന്ത്രി ആശുപത്രി സന്ദര്‍ശിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. പുലര്‍ച്ചെ ലഡാക്കിലെ നിമുവിലെത്തിയ മോദി സൈനികരുമായി കൂടിക്കാഴ്ച നടത്തി.
ലഫ്റ്റനന്റ് ജനറല്‍ ഹരീന്ദര്‍സിംഗ് പ്രധാനമന്ത്രിയോട് സ്ഥിതിഗതികള്‍ വിശദീകരിച്ചു. ചൈനയുമായുള്ള സംഘര്‍ഷത്തിനിടെ പരിക്കേറ്റ സൈനികരെ മോദി സന്ദര്‍ശിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. സുയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്, കരസേന മേധാവി ജനറല്‍ എം എം നാരാവ്നെ എന്നിവരും പ്രധാനമന്ത്രിയെ അനുഗമിക്കുന്നുണ്ട്.
പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഇന്ന് ലഡാക്കിലെത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ഇന്നലെ രാജ്നാഥ് സിങ് ലഡാക്ക് സന്ദര്‍ശനം റദ്ദാക്കിയതായി അറിയിച്ചു. എന്നാല്‍ സന്ദര്‍ശനം റദ്ദാക്കിയതിന്റെ കാരണം വ്യക്തമാക്കിയിരുന്നില്ല.
ഗല്‍വാന്‍ താഴ് വരയിലെ അതിര്‍ത്തി സംഘര്‍ഷത്തില്‍ പിന്മാറ്റത്തിന് തയ്യാറാണെന്ന് ചൈന ഇന്ത്യന്‍ സേന കമാണ്ടര്‍മാരുമായുള്ള ചര്‍ച്ചയില്‍ സമ്മതിച്ചിരുന്നു. എന്നാല്‍ താഴ് വരയിലെ തന്ത്രപ്രധാനമായ പ്രദേശങ്ങള്‍ തങ്ങളുടെ അധീനതയിലുള്ളതാണെന്ന് ചൈന ആവര്‍ത്തിക്കുന്നുണ്ട്.