ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നയതന്ത്രതല ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ, വീണ്ടും ചൈനയുടെ പ്രകോപനം. അരുണാചല്‍ പ്രദേശില്‍ അതിര്‍ത്തിയില്‍ കടന്നുകയറ്റം നടത്താനുള്ള ചൈനീസ് സൈന്യത്തിന്റെ ശ്രമം ഇന്ത്യന്‍ സൈന്യം തടഞ്ഞതായി റിപ്പോര്‍ട്ട്.
കഴിഞ്ഞാഴ്ച അരുണാചല്‍ പ്രദേശില്‍ യഥാര്‍ഥ നിയന്ത്രണ രേഖയ്ക്ക് സമീപമാണ് സംഭവം. അതിര്‍ത്തിലംഘിച്ച് കടന്നുകയറാനുള്ള ചൈനീസ് സൈന്യത്തിന്റെ ശ്രമമാണ് ഇന്ത്യന്‍ സൈന്യം തടഞ്ഞത്. ഏകദേശം 200 ഓളം ചൈനീസ് സൈനികരാണ് യഥാര്‍ഥ നിയന്ത്രണ രേഖ കടന്ന് ഇന്ത്യയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചത്. പതിവായുള്ള സൈന്യത്തിന്റെ പട്രോളിങ്ങിനിടെയാണ്് ഇത് ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ ഇന്ത്യന്‍ സൈന്യം ചൈനയുടെ നീക്കം തടയുകയായിരുന്നു. ഇരുസൈന്യവും മുഖത്തോട് മുഖം നിന്ന സന്ദര്‍ഭത്തില്‍ വീണ്ടും ഒരു സംഘര്‍ഷത്തിലേക്ക് നീങ്ങുമോ എന്ന ആശങ്ക ഉയര്‍ന്നിരുന്നു. എന്നാല്‍ കമാന്‍ഡര്‍ തലത്തില്‍ മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചയില്‍ പ്രശ്‌നം പരിഹരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ആളപായമോ, നാശനഷ്ടങ്ങളോ ഒന്നും തന്നെ സംഭവിച്ചിട്ടില്ലെന്ന് ഇന്ത്യന്‍ സൈന്യം അറിയിച്ചു. അതേസമയം കിഴക്കന്‍ ലഡാക്കില്‍ അവശേഷിക്കുന്ന അതിര്‍ത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ചൈനയുടെ ഭാഗത്ത് നിന്ന്് അനുകൂലമായ നടപടികള്‍ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യ അറിയിച്ചു.