അതിര്‍ത്തി കടന്നുള്ള ആക്രമണത്തെ തുരത്തി, സൈനികര്‍ക്ക് ജീവഹാനിയില്ല; പ്രതിരോധമന്ത്രി

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ തല്‍സ്ഥിതി മാറ്റാന്‍ ചൈന ശ്രമം നടത്തിയെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ലോക്‌സഭയില്‍.
അതിര്‍ത്തി കടന്നുള്ള ചൈനീസ് സൈനികരുടെ ആക്രമണത്തെ ഇന്ത്യന്‍ സേന പ്രതിരോധിച്ച്‌ തുരത്തി.

ഇന്ത്യന്‍ കമാന്‍ഡറുടെ സമയോചിതമായ ഇടപെടലാണ് ആക്രമണത്തെ പ്രതിരോധിച്ചത്. അതിര്‍ത്തികടക്കാന്‍ വന്ന ചൈനീസ് സേനയെ അവരുടെ പോസ്റ്റുകളിലേക്ക് തിരികെ അയക്കാന്‍ സേനയ്ക്ക് കഴിഞ്ഞെന്നു മന്ത്രി പറഞ്ഞു.

നയതന്ത്രതലത്തിലൂടെ വിഷയം ചൈനീസ് സര്‍ക്കാരുമായി ചര്‍ച്ച ചെയ്തു. ഏറ്റുമുട്ടലില്‍ ഇന്ത്യന്‍ സൈനികരില്‍ ആര്‍ക്കും ജീവഹാനിയോ ഗുരുതര പരിക്കോ സംഭവിച്ചിട്ടില്ലെന്നും മന്ത്രി അറിയിച്ചു.
സൈന്യത്തെ അഭിനന്ദിച്ച മന്ത്രി പാര്‍ലമെന്‍റ് ഒറ്റക്കെട്ടായി സേനയോടൊപ്പം നില്‍ക്കണമെന്നും കൂട്ടിചേര്‍ത്തു.

അരുണാചല്‍ പ്രദേശിലെ നിയന്ത്രണരേഖയില്‍ ഇന്ത്യ-ചൈന സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടിയതിന്‍റെ പശ്ചാത്തലത്തിലാണ് പ്രതിരോധമന്ത്രി ലോക്‌സഭയില്‍ പ്രസ്താവന നടത്തിയത്.

വിഷയത്തില്‍ ചര്‍ച്ച വേണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നോട്ടീസ് നല്‍കിയെങ്കിലും സ്പീക്കര്‍ അനുമതി നിഷേധിച്ചു.

വിഷയത്തില്‍ സൈനികര്‍ക്കൊപ്പം രാജ്യം ഒറ്റക്കെട്ടായി നില്‍ക്കുകയാണ് വേണ്ടതെന്ന് സ്പീക്കര്‍ റൂളിംഗ് നടത്തി.

Related posts

Leave a Comment