അണ്‍ലോക്ക്-1: കൂടുതല്‍ ഇളവുകളുമായി ഡല്‍ഹി; അതിര്‍ത്തികള്‍ അടച്ചു

ന്യുഡല്‍ഹി: രാജ്യം ലോക്ഡൗണിന് ഇളവ് കൊണ്ടുവരാന്‍ തീരുമാനിച്ചിരിക്കേ ഡല്‍ഹിയില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച്‌ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. രാജ്യം അണ്‍ലോക്ക്-1 ലേക്ക് കടക്കുന്നതോടെ ബാര്‍ബര്‍ ഷോപ്പുകളും സലൂണുകളും അടക്കം എല്ലാ ഷോപ്പുകളും തുറന്നുപ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ സ്പാകള്‍ അടഞ്ഞുകിടക്കും. ഡല്‍ഹിയുടെ അതിര്‍ത്തികള്‍ ഒരാഴ്ച കൂടി അടഞ്ഞുകിടക്കുമെന്നും പാസ് ഉള്ളവര്‍ക്ക് മത്രമേ പ്രവേശനം അനുവദിക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി.

ഡല്‍ഹിയുടെ അതിര്‍ത്തികള്‍ തുറക്കുന്നത് സംബന്ധിച്ച്‌ പൗരന്മാരില്‍ നിന്ന് അഭിപ്രായം തേടും. അതിര്‍ത്തി തുറക്കുന്നതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കൂടുതല്‍ പേര്‍ ചികിത്സയ്ക്കായി ഡല്‍ഹിയിലേക്ക് എത്തും. കൊവിഡ് 19 രോഗികള്‍ക്കായി ഡല്‍ഹിയില്‍ 9,500 കിടക്കകള്‍ സജ്ജമാക്കിയിട്ടുണ്ട്. ഡല്‍ഹിയില്‍ ആര്‍ക്കെങ്കിലും രോഗം ബാധിച്ചാല്‍ അവര്‍ക്ക് ചികിത്സ ലഭ്യമാണെന്ന് താന്‍ ഉറപ്പുനല്‍കുന്നതായും കെജ്‌രിവാള്‍ പറഞ്ഞു.

ഡല്‍ഹിയിലെ ആശുപത്രികള്‍ ഡല്‍ഹി ജനതയ്ക്കായി മാറ്റിവയ്ക്കും. എന്നാല്‍ രാജ്യത്തിന്റെ ഭാഗമായതിനാല്‍ മറ്റു ഭാഗങ്ങളില്‍ നിന്നുള്ളവരെ എങ്ങനെ ഉള്‍ക്കൊള്ളാതിരിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞൂ.

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ മൂന്നാമതാണ് ഡല്‍ഹി. 20,000 പേര്‍ക്ക് ഇവിടെ വൈറസ് ബാധിച്ചു. 470 പേര്‍ മരണമടഞ്ഞു.

പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഇപ്രകാരമാണ്:
– ഡല്‍ഹിയില്‍ ബാര്‍ബര്‍ഷോപ്പുകളും സലൂണുകളും അടക്കം എല്ലാ ഷോപ്പുകളും തുറക്കും. എന്നാല്‍ സ്പാകള്‍ തുറക്കില്ല
-ഒറ്റ-ഇരട്ട മാനദണ്ഡം ഇല്ലാതെ തന്നെ എല്ലാ മാര്‍ക്കറ്റുകള്‍ക്കും തുറക്കാം
-രാത്രി 9 മുതല്‍ പുലര്‍ച്ചെ 5 വരെ പ്രഖ്യാപിച്ചിരിക്കുന്ന കേന്ദ്ര കര്‍ഫ്യൂ ഡല്‍ഹിക്ക് ബാധകമാണ്
-ഇരുചക്ര വാഹനങ്ങളില്‍ രണ്ടു പേര്‍ക്ക് യാത്ര അനുവദിക്കും
– വ്യവസായ സ്ഥാപനങ്ങള്‍ക്കും തുറന്നു പ്രവര്‍ത്തിക്കാം.
-സിനിമാ തീയേറ്റുകള്‍, സ്‌കൂളുകള്‍, കോളജുകള്‍ എന്നിവ അടഞ്ഞുതന്നെ കിടക്കും.

Related posts

Leave a Comment