വിജയവാഡ: തമിഴ്നാട് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ അണ്ണാമലൈയെ പരസ്യമായി വിമർശിച്ച തമിഴിസൈ സൗന്ദർരാജന് അമിത് ഷായുടെ പരസ്യ താക്കീത്.
ആന്ധ്രപ്രദേശിലെ വിജയവാഡയില്‍ ചന്ദ്രബാബു നായിഡു സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് ഇടയിലാണ് സംഭവം.
തമിഴിസൈ സൗന്ദർരാജനെ വേദിയിലേക്ക് വിളിച്ചുവരുത്തിയാണ് ഷാ താക്കീത് ചെയ്തത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
തമിഴ്നാട്ടില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ കെ അണ്ണാമലൈക്കെതിരെ തമിഴിസൈ ഉന്നയിച്ച ആരോപണങ്ങളുടെ പേരിലാണ് ഷാ അനിഷ്ടം പ്രകടിപ്പിച്ചത്.
തമിഴ്നാട്ടില്‍, ബിജെപിക്ക് കൃത്യമായ ആസൂത്രണം ഉണ്ടായിരുന്നില്ലെന്നും അണ്ണാമലൈ കാര്യക്ഷമതയോടെ പ്രവർത്തിച്ചില്ലെന്നുമായിരുന്നു തമിഴിശൈയുടെ ആരോപണം.
അമിത്ഷായും വെങ്കയ്യനായിഡുവും സംസാരിച്ച് കൊണ്ടിരിക്കെ ഇവരെ അഭിവാദ്യം ചെയ്തുകൊണ്ട് അടുത്തേക്ക് വന്ന തമിഴിസൈ കൈകൂപ്പി അമിത് ഷായെ അഭിവാദനം ചെയ്തിരുന്നു.
പിന്നീട് തൊട്ടടുത്തിരുന്ന ജെപി നദ്ദയെയും നിതിൻ ഗഡ്കരിയെയും അഭിവാദ്യം ചെയ്തു. ഈ സമയത്താണ് അമിത് ഷാ തമിഴിസൈയെ അടുത്തേക്ക് വിളിച്ചത്.
വിരല്‍ ചൂണ്ടിക്കൊണ്ടായിരുന്നു അമിത് ഷായുടെ സംസാരം. താക്കീത് ചെയ്യുന്നു എന്ന് വ്യക്തമാകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
ചെന്നൈ സൗത്തില്‍ മത്സരിച്ച തമിഴിസൈ പരാജയപ്പെട്ടിരുന്നു.