ബംഗളൂരു: കര്‍ണാടക കൊപ്പാളിലെ വ്യവസായിയായ ശ്രീനിവാസ മൂര്‍ത്തിയുടെ പുതിയ വീടിെന്റ ഗൃഹപ്രവേശനത്തിന് എത്തിയ ബന്ധുക്കള്‍ ആദ്യമൊന്ന് ഞെട്ടി. മൂന്നുവര്‍ഷം മുമ്ബ് മരിച്ചുപോയ ശ്രീനിവാസയുടെ ഭാര്യ മാധവി അതാ ചിരിച്ചുകൊണ്ട് സ്വീകരണമുറിയില്‍. പട്ടുസാരിയും ആഭരണങ്ങളുമണിഞ്ഞ് പ്രൗഢിയോടെ പുഞ്ചിരിച്ചുകൊണ്ട് സോഫയിലിരിക്കുന്നു അവര്‍. തൊട്ടരികില്‍ ശ്രീനിവാസയും രണ്ട് പെണ്‍മക്കളും.
കാര്യമറിഞ്ഞപ്പോള്‍ ഞെട്ടല്‍ അത്ഭുതത്തിന് വഴിമാറി കൊടുത്തു. മാധവിയുടെ ജീവന്‍ തുടിക്കുന്ന മെഴുകുപ്രതിമയായിരുന്നു അത്. ഭാര്യയുടെ ആഗ്രഹപ്രകാരം പണിത വീട്ടില്‍ പ്രിയതമയുടെ സാന്നിധ്യം എന്നെന്നും നിലനില്‍ക്കാന്‍ ശ്രീനിവാസ കണ്ടെത്തിയ വഴിയായിരുന്നു ഇത്. ഭാര്യയെ അത്രമേല്‍ സ്നേഹിച്ചിരുന്ന അയാള്‍ ഇതല്ലാതെ മറ്റെന്ത് ചെയ്യാന്‍.
ഇൗമാസം എട്ടിനായിരുന്നു പുതിയ വീടിെന്റ പാലുകാച്ചല്‍. വലിയൊരു വീട് പണിയണമെന്നത് മാധവിയുടെ വലിയ ആഗ്രഹമായിരുന്നു. അത് പൂര്‍ത്തീകരിക്കാന്‍ രണ്ട് കൊല്ലം മുമ്ബാണ് വീടുപണി ആരംഭിച്ചത്. ഇരുപത്തിയഞ്ചോളം ആര്‍കിടെക്ടുമാരെ കണ്ട് ഭാര്യയുടെ ഓര്‍മക്കായി എന്തെങ്കിലും ചെയ്യണമെന്ന് ആവശ്യപ്പെട്ടെങ്കിലും ശ്രീനിവാസക്ക് സംതൃപ്തിക്ക് നല്‍കുന്ന ആശയമൊന്നും കിട്ടിയില്ല. ഒടുവില്‍ രങ്കണ്ണനവര്‍ എന്ന ആര്‍ക്കിടെക്റ്റ് ആണ് പുതിയ വീട്ടിലെ ലിവിങ് റൂമില്‍ ഭാര്യയുടെ ഒരു പ്രതിമ വച്ചാലോ എന്ന ആശയം മുന്നോട്ടുെവച്ചത്.
തുടര്‍ന്ന് ബംഗളൂരുവിലെ പ്രമുഖ കളിപ്പാട്ട നിര്‍മാതാക്കളായ ഗോംബെ മാനെയുമായി ബന്ധപ്പെട്ടാണ് പ്രതിമ നിര്‍മാണത്തിനുള്ള ശ്രമങ്ങള്‍ തുടങ്ങിയത്. മാധവിയുടെ വിവിധ ഫോേട്ടാകള്‍ കണ്ട് ഒരു കൊല്ലമെടുത്താണ് ശ്രീധര്‍ മൂര്‍ത്തി എന്ന കലാകാരന്‍ പ്രതിമ നിര്‍മാണം പൂര്‍ത്തിയാക്കിയത്.
മൂന്ന് വര്‍ഷം മുമ്ബ് ജൂലൈയില്‍ രണ്ട് പെണ്‍മക്കള്‍ക്കൊപ്പം തിരുപ്പതിയിലേക്ക് പോകുമ്ബോഴുണ്ടായ അപകടത്തിലാണ് മാധവി മരിച്ചത്. കോലാര്‍ ഹൈവേയില്‍ െവച്ച് അമിത വേഗത്തില്‍ വന്ന ട്രക്ക് കാറില്‍ ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് തന്നെ മാധവി മരിച്ചു. പെണ്‍മക്കള്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടെങ്കിലും മാധവിയുടെ വിയോഗം കുടുംബത്തെ ആകെ തകര്‍ത്തു.
‘അവളുെട ആഗ്രഹമായിരുന്നു ഈ വീട്. അവളില്ലാതെ ഞങ്ങള്‍ക്കിടവിടെ താമസിക്കുക പ്രയാസമാണ്. ഞങ്ങള്‍ക്കൊപ്പം അവളില്ലെങ്കിലും ഇൗ പ്രതിമ എന്നും അവളുടെ സാന്നിധ്യം ഇവിടെ ഉറപ്പാക്കും. ഇതിനടുത്തിരിക്കുമ്ബോള്‍ ഭാര്യക്കൊപ്പം ഇരിക്കുന്നതായാണ് എനിക്ക് അനുഭവപ്പെടുന്നത്. അതിനാല്‍ അവള്‍ എപ്പോഴും കൂടെയുണ്ടെന്ന തോന്നലുണ്ട്’- ശ്രീനിവാസ മൂര്‍ത്തി പറയുന്നു. ശ്രീനിവാസക്ക് ഭാര്യയോടുള്ള സ്നേഹം സമൂഹ മാധ്യമങ്ങളിലും വൈറലായി.
https://twitter.com/i/status/1293035830353829889