അട്ടപ്പാടി കോളേജ് പ്രിന്‍സിപ്പല്‍ കോണ്‍ഗ്രസുകാരി ; താന്‍ രാഷ്ട്രീയ വൈരത്തിന്റെ ഇരയെന്ന് വിദ്യ ; വ്യാജരേഖാ വിവാദം ഗൂഡാലോചനയെന്ന് മൊഴി

കൊച്ചി: വ്യാജരേഖ സമര്‍പ്പിച്ചിട്ടില്ലെന്നും രാഷ്ട്രീയ വൈരത്തില്‍ കരുവാക്കുകയായിരുന്നെന്നും പോലീസ് കസ്റ്റഡിയില്‍ എടുത്ത വിദ്യ.

തനിക്കെതിരേ വലിയ ഗൂഡാലോചന നടന്നിട്ടുണ്ടെന്നും അതിന് നേതൃത്വം നല്‍കിയത് അട്ടപ്പാടി കോളേജ് പ്രിന്‍സിപ്പല്‍ ലാലിമോള്‍ ആണെന്നും അവര്‍ കോണ്‍ഗ്രസുകാരിയാണെന്നും ആണ് ചോദ്യം ചെയ്യലില്‍ നല്‍കിയിരിക്കുന്നു മൊഴി.

ചോദ്യം ചെയ്യലില്‍ പരസ്പരവിരുദ്ധമായ മൊഴിയാണ് വിദ്യ നല്‍കിയത്. കോളേജില്‍ ജോലിക്കായി സമര്‍പ്പിച്ച പ്രവര്‍ത്തി പരിചയം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ രേഖപ്പെടുത്തിയ ബയോഡേറ്റ എഴുതിയത് താനാണെന്നും അതിലെ ഒപ്പ് തന്റേതാണെന്നും വിദ്യ പറഞ്ഞു.

എന്നാല്‍ വ്യാജരേഖ സമര്‍പ്പിച്ചിട്ടില്ലെന്നാണ് ഇവര്‍ പറഞ്ഞിരിക്കുന്നത്. താന്‍തന്നെ തയ്യാറാക്കിയ ബയോഡേറ്റയില്‍ പ്രവര്‍ത്തിപരിചയം കാണിച്ചിട്ടുണ്ടെന്നാണ് വിവരം. അതേസമയം തന്നെ വ്യാജരേഖ സമര്‍പ്പിച്ചിട്ടില്ലെന്നാണ് പറഞ്ഞിരിക്കുന്നത്.

രാവിലെ അഗളി ഡിവൈഎസ്പി ഓഫീസില്‍ എത്തിച്ചിരിക്കുന്ന വിദ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്ന് രാവിലെ 11 മണിയോടെ മണ്ണാര്‍കാട് കോടതിയില്‍ ഹാജരാക്കും.

ഇന്നലെ രാത്രി കോഴിക്കോട് മേപ്പയൂര്‍ കുട്ടോത്തെ സുഹൃത്തിന്റെ വീട്ടില്‍ നിന്നുമാണ് ഇന്നലെ വിദ്യയെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഒളിവില്‍ പോയി 15 ദിവസത്തിന് ശേഷമാണ് വിദ്യയെ പോലീസ് അറസ്റ്റ് ചെയ്യുന്നത്.

മഹാരാജാസ് കോളജിന്റെ ഒപ്പും സീലും വ്യാജമായുണ്ടാക്കിയാണു കരിന്തളം കോളജില്‍ ജോലി നേടിയതെന്നു സ്ഥിരീകരിച്ചതോടെ കെ. വിദ്യ െകെപ്പറ്റിയ വേതനം തിരിച്ചു പിടിക്കുന്നതടക്കമുള്ള നടപടിക്കു ശിപാര്‍ശ ചെയ്യും.

കോളജില്‍ ജോലി ചെയ്തതു വ്യജരേഖയുപയോഗിച്ചാണെന്നു കാണിച്ചു പ്രിന്‍സിപ്പല്‍ നീലേശ്വരം പോലീസില്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടക്കുന്നുണ്ട്.

ഒരു വര്‍ഷമാണു കരിന്തളം ഗവ. കോളജില്‍ വിദ്യ ജോലി ചെയ്തത്.

മഹാരാജാസ് കോളജിന്റെ ഒപ്പും സീലും വ്യാജമായുണ്ടാക്കിയാണു കോളജില്‍ വിദ്യ അഭിമുഖത്തിനു ഹാജരായതും ജോലി നേടിയതുമെന്നും കോളജിയറ്റ് എജുക്കേഷന്‍ സംഘം നടത്തിയ പരിശോധനയിലാണു കണ്ടെത്തിയത്.

കോളജ് വിദ്യാഭ്യാസ വകുപ്പ് കോഴിക്കോട് റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടറും സംഘവുമാണു കരിന്തളത്തെത്തി പരിശോധന നടത്തിയത്.

കരിന്തളം, അഗളി ഗവ. കോളജുകളിലെ അഭിമുഖ പാനലിലുണ്ടായിരുന്ന അധ്യാപകരില്‍ നിന്നു സംഘം വിവരം ശേഖരിച്ചു. കോളജ് അധ്യാപകരുടെ രഹസ്യമൊഴി രേഖപ്പെടുത്താനുള്ള ഒരുക്കത്തിലാണു പോലീസ്.

ആവശ്യമെങ്കില്‍ മറ്റു ജീവനക്കാരില്‍നിന്നും വീണ്ടും മൊഴിയെടുക്കും.

വിദ്യ ഹാജരാക്കിയ വ്യക്തിഗത വിവരണത്തില്‍ മഹാരാജാസ് കോളജില്‍ രണ്ടുവര്‍ഷം ഗസ്റ്റ് അധ്യാപികയായി ജോലി ചെയ്തിരുന്നുവെന്നു രേഖപ്പെടുത്തിയിട്ടുണ്ട്. ഇതു തെളിയിക്കാനാണ് വ്യാജ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് വച്ചത്.

അഗളി പൊലീസും നീലേശ്വരം പൊലീസും രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ വിദ്യ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജികള്‍ കോടതി പരിഗണിക്കാനായി മാറ്റിയതിന് പിന്നാലെയാണ് വിദ്യയെ പൊലീസ് പിടികൂടിയത്.

വ്യാജരേഖ കേസില്‍ പ്രതിയായ കെ വിദ്യ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി അടുത്തയാഴ്ചയിലേക്ക് മാറ്റിയിരുന്നു.

Related posts

Leave a Comment