ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ പ്രവർത്തിക്കുന്നതും അടിസ്ഥാന സൗകര്യമില്ലാത്തതുമായ 96 മദ്യഷോപ്പുകൾ മാറ്റി സ്ഥാപിക്കാനൊരുങ്ങി എക്സൈസ്.
എറണാകുളം ജില്ലയിലാണ് കൂടുതൽ ഷോപ്പുകളുള്ളത് – 18. അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിനാലാണു കൂടുതൽ കെട്ടിടങ്ങളും മാറ്റി സ്ഥാപിക്കുന്നത്. ഗതാഗതക്കുരുക്കിനു കാരണമാകുന്നതാണു മറ്റൊരു പ്രധാന പ്രശ്നം.
മാറ്റി സ്ഥാപിക്കുന്ന ഷോപ്പുകൾ: തിരുവനന്തപുരം–7, കൊല്ലം–6, പത്തനംതിട്ട–4, ആലപ്പുഴ–10, കോട്ടയം–9,ഇടുക്കി–4, എറണാകുളം–18,തൃശൂർ–10, പാലക്കാട്–8, മലപ്പുറം–9,കോഴിക്കോട്–4,വയനാട്–2, കണ്ണൂർ–4, കാസർകോട്–1.
ഹൈക്കോടതി നിർദേശപ്രകാരം നടത്തിയ ഓഡിറ്റിലാണ് മാറ്റി സ്ഥാപിക്കേണ്ട ഷോപ്പുകൾ കണ്ടെത്തിയത്. അതേസമയം ആൾക്കൂട്ടം നിയന്ത്രിക്കാനാകുന്നില്ലെങ്കിൽ മദ്യഷോപ്പുകൾ അടച്ചിടേണ്ടി വരുമെന്നു ഹൈക്കോടതി.
മദ്യം വാങ്ങാനെത്തുന്നവർക്കു കോവിഡ് വന്നോട്ടെയെന്നു കരുതാനാവില്ലെന്നും വാദത്തിനിടെ പറഞ്ഞു. കടകളിൽ പ്രവേശിക്കാൻ കോവിഡ് പരിശോധനാ ഫലമോ വാക്സീന്റെ ഒരു ഡോസ് എങ്കിലുമോ നിർബന്ധമാക്കിയതു മദ്യ വിൽപന ശാലകൾക്കും ബാധകമാണെന്നു സർക്കാർ അറിയിച്ചു.
ബവ്കോ ഔട‌്‌ലെറ്റുകളിൽ മതിയായ സൗകര്യമൊരുക്കണമെന്ന മുൻ ഉത്തരവു നടപ്പായില്ലെന്നു കാണിച്ചുള്ള കോടതിയലക്ഷ്യ ഹർജിയാണു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പരിഗണിച്ചത്.
തിരക്കുള്ള ഔട്ട്ലെറ്റുകളിൽ എക്സൈസ് ഉദ്യോഗസ്ഥരെ നിയോഗിക്കാൻ നിർദേശിച്ചിട്ടുണ്ടെന്നും മേൽനോട്ട ചുമതലയുള്ള ഉദ്യോഗസ്ഥർ ഔട്ട്ലെറ്റുകളിൽ പരിശോധന നടത്തി റിപ്പോർട്ട് ചെയ്യണമെന്നു നിർദേശിച്ചിട്ടുണ്ടെന്നും എക്സൈസ് കമ്മിഷണർ അറിയിച്ചു.
ഹൈക്കോടതി വിമർശനത്തെത്തുടർന്ന് ബവ്റിജസ് കോർപറേഷന്റെയും കൺസ്യൂമർഫെഡിന്റെയും മദ്യവിൽപന കേന്ദ്രങ്ങളിൽ പ്രവേശനത്തിനു നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയെങ്കിലും പൂർണമായി നടപ്പായില്ല.
നിബന്ധനകൾ എഴുതി പ്രദർശിപ്പിച്ചിരുന്നെങ്കിലും വിരലിലെണ്ണാവുന്ന കേന്ദ്രങ്ങളിൽ മാത്രമാണു പരിശോധന നടന്നത്. ബാറുകൾ നിയന്ത്രണം നടപ്പാക്കിയില്ല.
ബെവ് കോ, കൺസ്യൂമർഫെഡ് മദ്യവിൽപന കേന്ദ്രങ്ങളെ അപേക്ഷിച്ചു ബാറുകളിൽ തിരക്ക് കുറവായതുകൊണ്ടു നിയന്ത്രണം ഏർപ്പെടുത്തിയില്ലെന്നാണു വിശദീകരണം.
കോട്ടയം, പാലക്കാട്, കണ്ണൂർ ജില്ലകളിൽ മിക്കവാറും കേന്ദ്രങ്ങളിൽ മാനദണ്ഡം കർശനമായി നടപ്പാക്കി. പ്രവേശനത്തിനു നിയന്ത്രണമേർപ്പെടുത്താൻ എക്സൈസ് വകുപ്പിൽനിന്ന് ബാറുകൾക്കു നിർദേശം ലഭിച്ചിട്ടില്ല.