തേഞ്ഞിപ്പലം: അടച്ചിട്ട വീട് കുത്തിത്തുറന്ന് സ്വര്‍ണവും പണവും മോഷ്ടിക്കുകയും അടിച്ചുമാറ്റിയ എ.ടി.എം കാര്‍ഡില്‍നിന്ന് പണം പിന്‍വലിക്കുകയും ചെയ്ത കേസില്‍ മൂന്ന് പേരെ തേഞ്ഞിപ്പലം പൊലീസ് അറസ്റ്റ് ചെയ്തു.
ചെട്ടിപ്പടി കൊടപാളിയിലെ പടിഞ്ഞാറെ കൊളപ്പുറം വീട്ടില്‍ കിഷോര്‍ (23), തേഞ്ഞിപ്പലം ദേവതിയാല്‍ കോളനിയിലെ കൊളപ്പുള്ളി സുമോദ് (24), മൂന്നിയൂര്‍ മണക്കടവന്‍ ഫഹ്മിദ് റിനാന്‍ (19) എന്നിവരെയാണ് തേഞ്ഞിപ്പലം സി.ഐ എന്‍.ബി. ഷൈജു, എസ്.ഐ സംഗീത് പുനത്തില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഒലിപ്രംകടവ് പതിനഞ്ചാം മൈലിന് സമീപത്തെ ആലങ്ങോട്ട് ചിറ-പനയപ്പുറം റോഡിലെ പുള്ളിച്ചി വീട്ടില്‍ മുഹമ്മദ് മുസ്ലിയാരുടെ മകന് ഹക്കീമിന്റെ വീട്ടില്‍ 22ന് രാത്രിയാണ് മോഷണം നടന്നത്.
അലമാരയില്‍ സൂക്ഷിച്ച 12,500 രൂപയും കുട്ടികളുടെ അര പവനോളം വരുന്ന സ്വര്‍ണാഭരണങ്ങളുമാണ് നഷ്ടപ്പെട്ടത്. ഹക്കീം വിദേശത്താണ്. വ്യാഴാഴ്ച ഹക്കീമിന്റെ ഭാര്യയും കുട്ടികളും സ്വന്തം വീട്ടിലേക്ക് പോയ സമയത്താണ് മോഷണം നടന്നത്. അടുക്കള ഭാഗത്തെ വാതിലുകളുടെ പൂട്ട് തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് കയറിയത്. അലമാരയില്‍ സൂക്ഷിച്ച എ.ടി.എം കാര്‍ഡ് എടുത്ത മോഷ്ടാക്കള്‍ 40,000 രൂപ എ.ടി.എമ്മില്‍ നിന്നും പിന്‍വലിക്കുകയും ചെയ്തു.
കോയമ്ബത്തൂരില്‍നിന്ന് ഫഹ്മിദ് റിനാനെയാണ് ആദ്യം കസ്റ്റഡിയില്‍ എടുക്കുന്നത്. മുഖ്യപ്രതി കിഷോറിനെ ചെട്ടിപ്പടിയില്നിന്നും സുമോദിനെ ദേവതിയാലില്നിന്നും അറസ്റ്റ് ചെയ്തു. ഫെനോയില്‍ വില്പനക്കെന്ന വ്യാജേന എത്തുന്ന സുമോദ് ആണ് ആളില്ലാത്ത വീട് കണ്ടെത്തുന്നത്.
വള്ളിക്കുന്ന് ആനങ്ങാടിയില്നിന്ന് മോഷ്ടിച്ച ബൈക്കിലാണ് ഇവര്‍ എത്തിയതെന്ന് പൊലീസ് പറഞ്ഞു.
പ്രതികളില്‍നിന്ന് 11,000 രൂപ പൊലീസ് കണ്ടെത്തി. കോഴിക്കോട്ട് ജ്വല്ലറി ഉടമയുടെ 85 പവനും രണ്ടുലക്ഷവും കവര്‍ന്ന കേസിലെ പ്രതികളാണ് കിഷോറും സുമോദും. കിഷോറിന്റെ പേരില്‍ തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷനില്‍ എട്ട് കേസുകളും കോഴിക്കോട് ജില്ലയില്‍ നാല് കേസുകളും നിലവിലുള്ളതായി പൊലീസ് പറഞ്ഞു. സുമോദിന്റെ പേരില്‍ വിവിധ സ്റ്റേഷനുകളില്‍ മൂന്ന് കേസുകളും ഫഹ്മിദ് റിനാന്റെ പേരില്‍ ചങ്ങരംകുളം സ്റ്റേഷനില്‍ ഒരു കേസും നിലവിലുണ്ട്. പ്രതികളെ മോഷണം നടന്ന വീട്ടില്‍ എത്തിച്ചു തെളിവെടുത്തു. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു ജയിലിലടച്ചു. സി.ഐക്കും എസ്.ഐക്കും പുറമെ എ.എസ്.ഐ രമേശ്, എം. റഫീഖ്, ദില്‍ജിത്, വിജേഷ്, രൂപേഷ് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.