ചെര്‍പ്പുളശ്ശേരി: കോഴിക്കോട് ഒളവണ്ണയില്‍ ഹോട്ടല്‍ നടത്തുന്ന തിരൂര്‍ ഏഴൂര്‍ മേച്ചേരി സിദ്ദിഖിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി സ്ഥാനത്തുള്ള ഷിബിലിയും ഫര്‍ഹാനയും ഒരിക്കല്‍ ശത്രുക്കളായിരുന്നവര്‍.
ഇന്ന് ഒരേകേസില്‍ പ്രതികളായി ഇരുവരും പോലീസ് കസ്റ്റഡിയിലാണ്. തന്നെ പീഡിപ്പിച്ചെന്ന ഫര്‍ഹാനയുടെ പരാതിയില്‍ ജയിലില്‍ കിടന്നയാളാണ് ഷിബിലി. 2021 ല്‍ ഫര്‍ഹാന നല്‍കിയ കേസില്‍ പ്രതിയായിരുന്നു ഷിബിലി.
2018 ല്‍ 13 വയസ്സുള്ള സമയത്ത് നെന്മാറയില്‍ വഴിയരികില്‍ വെച്ച് പീഡിപ്പിച്ചു എന്നായിരുന്നു ഫര്‍ഹാന ചെര്‍പ്പുളശ്ശേരി പോലീസില്‍ നല്‍കിയ പരാതി.
മൂന്ന് വര്‍ഷം കഴിഞ്ഞു നല്‍കിയ കേസില്‍ അന്ന് കോടതി 14 ദിവസത്തേക്ക് ആലത്തൂര്‍ സബ്ജയിലിലേക്ക് ഷിബിലിയെ റിമാന്‍ഡ് ചെയ്തിരുന്നു. ആ കേസിന് ശേഷമാണ് ഷിബിലിയും ഫര്‍ഹാനയും സൃഹൃത്തുക്കളായത്. പിന്നീട് ഫര്‍ഹാനയ്ക്ക് എതിരേയും ഒരു മോഷണക്കേസ് റിപ്പോര്‍ട്ട് ചെയ്തു.
കാറല്‍മണ്ണയിലെ ഒരു ബന്ധുവീട്ടില്‍ നിന്നും സ്വര്‍ണ്ണം മോഷ്ടിച്ചെന്നായിരുന്നു ആരോപണം. വിവാഹചടങ്ങിന് എത്തിയ ഫര്‍ഹാന സ്വര്‍ണ്ണവുമായി മുങ്ങിയെന്നായിരുന്നു പരാതി.
സ്വര്‍ണ്ണം താനെടുക്കുകയാണ് എന്ന് കാണിച്ച് ഫര്‍ഹാന കത്തെഴുതിവെച്ചിരുന്നതായിട്ടാണ് വിവരം. അന്ന് തന്നെ ഫര്‍ഹാന ഷിബിലിയ്‌ക്കൊപ്പം പോയിരിക്കാമെന്ന രീതിയിലുള്ള സംശയം ഉയര്‍ന്നിരുന്നു.
ഈ മാസം 23 ന് ഫര്‍ഹാനയെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാര്‍ പോലീസിന് പരാതി നല്‍കിയിരുന്നു. ചെന്നെയില്‍ നിന്നും പിടിയിലായ ഇരുവരേയും ഇന്ന് കോഴിക്കോട്ട്‌എത്തിക്കുന്നുണ്ട്.
സിദ്ദിഖിന്റെ കാറില്‍ തന്നെയായിരുന്നു ഇവര്‍ മൃതദേഹം കൊണ്ടുപോയതെന്നാണ് കിട്ടിയിരിക്കുന്ന വിവരം. ട്രോളികള്‍ അട്ടപ്പാടി ഒമ്ബതാംവളവില്‍ ഉപേക്ഷിച്ച ശേഷം കാര്‍ ഇവര്‍ ചെറുതുരുത്തിയില്‍ എത്തിച്ച് ഉപേക്ഷിക്കുകയായിരുന്നു.
ഇവിടെ നിന്നുമാണ് ചെന്നൈയിലേക്ക് പോയത്. സിദ്ദിഖിനെ നേര്‍പകുതി വരുന്ന രണ്ടു കഷണങ്ങളായി മുറിച്ച ശേഷം രണ്ടു ട്രോളികളിലായി മാറ്റുകയായിരുന്നു.
കാറിന്റെ ഡിക്കിയിലേക്ക് ഇവര്‍ ട്രോളിബാഗ് കയറ്റുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. പെരിന്തല്‍മണ്ണ, അങ്ങാടിപ്പുറം എടിഎമ്മുകളില്‍ കയറിയതിന്റെ ദൃശ്യങ്ങളും പോലീസിന്റെ പക്കലുണ്ട്.