കോട്ടയം: ലൈഫ് മിഷന്‍ പദ്ധതിയുടെ കരാറിനായി യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ നല്‍കിയ അഞ്ചാമത്തെ ഐഫോണ്‍ കിട്ടിയത് ആര്‍ക്കാണെന്ന് തനിക്കറിയാമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
‘യൂണിടാക് ഉടമ നല്‍കിയ ഒരു ഐ ഫോണ്‍ കൂടി കിട്ടാനുണ്ട്. ആ ഫോണ്‍ എവിടെയുണ്ടെന്ന് എനിക്കറിയാം. എന്നാല്‍ അത് ഞാന്‍ വെളിപ്പെടുത്തുന്നില്ല. ഞാന്‍ ഇക്കാര്യം പറഞ്ഞതിന്റെ പേരില്‍ അന്വേഷണ ഏജന്‍സി എന്നെ ചോദ്യം ചെയ്യുമോ എന്നറിയില്ല. ഏതായാലും ഞാന്‍ വെളിപ്പെടുത്തുന്നില്ല. എന്റെ കൈയില്‍ ആ ഐഫോണില്ലെന്ന് എല്ലാവര്‍ക്കും ബോധ്യപ്പെട്ടതാണ്’- അദ്ദേഹം കോട്ടയത്ത് പറഞ്ഞു.
ഐഫോണ്‍ ആര്‍ക്കൊക്കെ കിട്ടിയെന്നതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കിയിട്ടും ഒരു നടപടിയും എടുത്തില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. അതോടൊപ്പം തനിക്കെതിരെ ആരോപണം ഉന്നയിച്ചയാള്‍ക്കെതിരെ മാനനഷ്ട കേസുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കരനെ സര്‍വീസില്‍ നിന്ന് പുറത്താക്കാന്‍ ധൈര്യമുണ്ടോയെന്നും ചെന്നിത്തല ചോദിച്ചു. ഭയംകൊണ്ടാണ് ശിവശങ്കറിനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.