അഞ്ചല്‍ ഉത്രവധം: ഭര്‍ത്താവ് സൂരജിന് ഇരട്ട ജീവപര്യന്തവും അഞ്ച് ലക്ഷം രൂപ പിഴയും,

കൊല്ലം: മൂര്‍ഖന്‍പാമ്ബിനെക്കൊണ്ട് കടിപ്പിച്ച്‌ ഭാര്യയെ കൊന്ന, ഉത്ര വധക്കേസില്‍ ഭര്‍ത്താവ് സൂരജിന് ജീവപര്യന്തം.

ഗൂഢാലോചനയോടെയുള്ള കൊലപാതകം (302), നരഹത്യശ്രമം (307), കഠിനമായ ദേഹോപദ്രവം (326), വനം വന്യ ജീവി ആക്‌ട് (115) എന്നിവ പ്രകാരമുള്ള കേസില്‍ പ്രോസിക്യൂഷന്‍ ഉന്നയിച്ച വാദങ്ങളെല്ലാം ശരിയെന്ന് തെളിയിക്കപ്പെട്ടതായും സൂരജ് കുറ്റക്കാരനാണെന്നും കൊല്ലം ആറാം അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി എം. മനോജ് കഴിഞ്ഞ ദിവസം വിധിച്ചിരുന്നു.

വിചിത്രവും ദാരുണവുമായ അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസില്‍ സൂരജിന് വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. സമൂഹത്തിന് കൃത്യമായ സന്ദേശം നല്‍കുന്ന വിധിയായിരിക്കണമെന്നും കടുത്ത ശിക്ഷ തന്നെ നല്‍കണമെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടുന്നു.

2020 മേയ് ഏഴിനാണ് ഉത്രയെ സ്വന്തം വീട്ടിലെ കിടപ്പുമുറിയില്‍ പാമ്ബുകടിച്ച്‌ മരിച്ചനിലയില്‍ കണ്ടത്. തലേന്ന്, ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തിക്കൊടുത്ത ശേഷം രാത്രി 11ഓടെ, മൂര്‍ഖന്‍പാമ്ബിനെക്കൊണ്ട് കടിപ്പിച്ച്‌ കൊലപ്പെടുത്തിയെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. മേയ് 25നാണ് സൂരജിനെ അറസ്റ്റ് ചെയ്തത്. കേസിലെ മാപ്പുസാക്ഷിയും പാമ്ബുപിടിത്തക്കാരനുമായ കല്ലുവാതുക്കല്‍ ചാവരുകാവ് സുരേഷിന്റെ പക്കല്‍ നിന്നാണ് സൂരജ് പാമ്ബിനെ വാങ്ങിയത്.

കൊല്ലം റൂറല്‍ എസ്.പിയായിരുന്ന എസ്. ഹരിശങ്കറിന്റെ നേതൃത്വത്തില്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയായിരുന്ന എ. അശോകനാണ് കേസ് അന്വേഷിച്ചത്. അഡ്വ. ജി. മോഹന്‍രാജാണ് സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍.

Related posts

Leave a Comment