അഗതികള്‍ക്കുള്ള സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ നിര്‍ത്തലാക്കയതില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍.
സമൂഹത്തെ ബോധ്യപ്പെടുത്താനെങ്കിലും പെന്‍ഷന്‍ റദ്ദാക്കരുതെന്ന് പിണറായി വിജയനോട് ആവശ്യപ്പെടാന്‍ അദ്ദേഹത്തിന്റെ പാര്‍ട്ടി തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ആര്‍എസ്എസ് പിന്തുണയുടെ ബലത്തില്‍ സംസ്ഥാനത്ത് രണ്ടാമതും അധികാരത്തില്‍ വന്ന പിണറായി വിജയന്‍ സമസ്ത വിഭാഗം ജനങ്ങളെയും ദുരിതത്തിലാഴ്ത്തി മുന്നോട്ടു പോകുന്ന കാഴ്ചയാണ് കേരളത്തില്‍ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കെ സുധാകരന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ…RSS പിന്തുണയുടെ ബലത്തില്‍ സംസ്ഥാനത്ത് രണ്ടാമതും അധികാരത്തില്‍ വന്ന പിണറായി വിജയന്‍ സമസ്ത വിഭാഗം ജനങ്ങളെയും ദുരിതത്തിലാഴ്ത്തി മുന്നോട്ടു പോകുന്ന കാഴ്ചയാണ് കേരളത്തില്‍ കാണുന്നത്.
മുഖ്യമന്ത്രിയുടെയും ഭരണകൂടത്തിന്റെയും സമാനതകളില്ലാത്ത കെടുകാര്യസ്ഥത ജനജീവിതം താറുമാറാക്കിയിരിക്കുന്നു.
രണ്ടാം ലോക് ഡൗണില്‍ മാത്രം 18 ലക്ഷം സാധുക്കളില്‍ നിന്നും 125 കോടി രൂപ പിഴയായി പിഴിഞ്ഞെടുത്ത ‘പെറ്റി സര്‍ക്കാര്‍ ‘ ആണിതെന്ന് വാര്‍ത്തകള്‍ വരുന്നു.
വാക്‌സിന്‍ കിട്ടാതെ പാവപ്പെട്ട ജനം നെട്ടോട്ടമോടുമ്പോള്‍ 126 കോടി രൂപ മുടക്കി സ്വകാര്യ ആശുപത്രികള്‍ക്ക് വാക്‌സിന്‍ വാങ്ങി മറിച്ചുവില്‍ക്കാന്‍ പോകുന്നതും കേരളം ഞെട്ടലോടെയാണ് കണ്ടത്.
ഒടുവിലിതാ പിണറായി വിജയന്റെ മനുഷ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടിക്കൊണ്ട് അഗതികള്‍ക്കുള്ള സാമൂഹ്യ സുരക്ഷാ പെന്‍ഷനും നിര്‍ത്തലാക്കിയിരിക്കുന്നു.
എത്ര കൊടിയ അനീതിയാണിതെന്ന് ഓരോ മനുഷ്യസ്‌നേഹിയും ചിന്തിക്കണം. ചിലവ് കുറയ്ക്കാനാണെങ്കില്‍ സര്‍ക്കാര്‍ ധൂര്‍ത്ത് ഒഴിവാക്കുകയാണ് ചെയ്യേണ്ടത്.
അല്ലാതെ ഏകദേശം 30000 ഉപഭോക്താക്കള്‍ ഉള്ള അഗതികളുടെ പെന്‍ഷന്‍ കൊള്ളയടിക്കുകയല്ല വേണ്ടത്. 2016-ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ആരോരുമില്ലാത്തവര്‍ക്ക് ഉറപ്പു വരുത്തിയ സാമൂഹിക സുരക്ഷാ പെന്‍ഷനാണ് ഈ ജന വിരുദ്ധ സര്‍ക്കാര്‍ നിര്‍ത്തലാക്കുന്നത്.
UDF സര്‍ക്കാര്‍ പെന്‍ഷന്‍കുടിശ്ശിക വരുത്തിയിരുന്നുവെന്ന് കള്ളക്കഥയുണ്ടാക്കി നാടുനീളെ പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച CPM ന്റെ ഇരട്ടത്താപ്പ് തിരിച്ചറിയാനുള്ള വിവേകം മലയാളികള്‍ക്കുണ്ടാകണം.
മനുഷ്യരുടെ പ്രശ്‌നങ്ങള്‍ പിണറായി വിജയനെപ്പോലെ ക്രൂര മനസ്സുള്ള ഭരണാധികാരിയ്ക്ക് വിഷയമല്ലെന്ന് പല തവണ അദ്ദേഹം തെളിയിച്ചിട്ടുണ്ട്.
എന്നാല്‍ ഈ പാവങ്ങളുടെ ആകെയുള്ള വരുമാനത്തില്‍ കൈയ്യിട്ട് വാരരുത് എന്ന് പറയാനുള്ള ബാധ്യത പൊതു സമൂഹത്തിനുണ്ട്.
CPM ല്‍ മനുഷ്യരോട് ദയയും സഹാനുഭൂതിയും ഉള്ളവര്‍ അവശേഷിക്കുന്നുണ്ടെങ്കില്‍ കണ്ണടച്ചിട്ടാണെങ്കിലും പിണറായി വിജയന്റെ മുമ്പില്‍ എണീറ്റ് നിന്ന് അദ്ദേഹത്തെ തിരുത്താനുള്ള ധൈര്യം കാണിക്കേണ്ടതുണ്ട്.
പിണറായി വിജയന്റെ അടിമക്കൂട്ടം ആയി CPM അധ:പതിച്ചിട്ടില്ലെന്ന് സമൂഹത്തെ ബോധ്യപ്പെടുത്താനെങ്കിലും പെന്‍ഷന്‍ റദ്ദാക്കരുതെന്ന് പിണറായി വിജയനോട് ആവശ്യപ്പെടാന്‍ അദ്ദേഹത്തിന്റെ പാര്‍ട്ടി തയ്യാറാകണം.
കൊറോണക്കാലത്ത് എന്ത് വൃത്തികേട് കാണിച്ചാലും ജനം തെരുവിലിറങ്ങില്ലെന്ന ധാരണയില്‍ പാവങ്ങളെ ദ്രോഹിക്കാന്‍ ഇനിയും നിങ്ങള്‍ മുതിരരുത്.
അങ്ങനൊരു ചിന്തയില്‍ മനുഷ്യ വിരുദ്ധ സമീപനം തുടര്‍ന്നാല്‍ ഓര്‍ത്തോളൂ, ജനപക്ഷത്ത് പ്രതിപക്ഷമുണ്ട്.
വിലക്കുകളും വിലങ്ങുതടികളും മറികടന്ന് നിങ്ങളെ കൊണ്ട് നിങ്ങളുടെ ജന വിരുദ്ധ നയങ്ങള്‍ ഞങ്ങള്‍ തിരുത്തിച്ചിരിക്കും! ആരോരുമില്ലാത്ത പാവങ്ങളുടെ പെന്‍ഷന്‍ പുന:സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ തയ്യാറാകണം.