പത്തനംതിട്ട : പത്താം ക്ലാസ് വിദ്യാര്‍ഥിയെ വെട്ടി കൊലപ്പെടുത്തിയത് മുന്‍ വൈരാഗ്യം മൂലമെന്ന് പൊലീസ്. മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയാണ് ഇതിനു പിന്നിലെന്നാണ് പൊലീസ് നിഗമനം. സുഹൃത്തുക്കളായ മൂവരും ചേര്‍ന്ന് മൊബൈല്‍ ഫോണില്‍ ഗെയിം കളിക്കുക പതിവായിരുന്നു. കഴിഞ്ഞ ദിവസം ഇങ്ങനെ കളിക്കുന്നതിനിടെ കളിയാക്കിയതിലുള്ള വൈരാഗ്യം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നെന്നാണ് വിദ്യാര്‍ഥികളില്‍ നിന്നു ലഭിച്ച മൊഴി സൂചിപ്പിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.
കൊലപാതകത്തിനു പിന്നില്‍ ലഹരി വസ്തുക്കളുടെ കൈമാറ്റവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ഉണ്ടെന്ന് പൊലീസ് സംശയിക്കുന്നു. ഇവര്‍ സുഹൃത്തുക്കളായിരുന്നു. ഇവരുടെ കൊടുക്കല്‍ വാങ്ങല്‍ സംബന്ധിച്ച് പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു, ചീറ്റിങ്ങ് ഉണ്ടായി… എന്നിങ്ങനെയൊക്കെ കുട്ടികള്‍ പറയുന്നതെന്നാണ് പത്തനംതിട്ട എസ്പി കെ.ജി സൈമണ്‍ മാധ്യമങ്ങളോട് പറഞ്ഞത്.
കൊലപാതകം നടത്തുക മാത്രമല്ല അത് പുറത്തറിയാതിരിക്കാനുള്ള മാര്‍ഗവും ഇവര്‍ തേടിയിരുന്നു എന്നതാണ് ഞെട്ടിപ്പിക്കുന്നത്. തലയിലേക്ക് കല്ലെടുത്ത് എറഞ്ഞതോടെ അഖില്‍ ബോധമറ്റ് വീണു. തുടര്‍ന്ന് സമീപത്തു കിടന്ന മഴു എടുത്ത് വെട്ടി. മരണം ഉറപ്പാക്കിയ ശേഷം മഴു കൊണ്ട് കഴുത്തില്‍ വെട്ടി. മൃതദേഹം പെട്ടെന്ന് അഴുകി നശിക്കുമെന്ന സിനിമകഥ വിശ്വസിച്ചാണ് ഇങ്ങനെ ചെയ്തതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞതായി പൊലിസ് പറഞ്ഞു. പിന്നീട് ഒരു കുഴിയെടുത്ത് മൃതദേഹം കുഴിച്ചിട്ട് സമീപത്തു നിന്നും മണ്ണുവാരിയിട്ടു. കൂടുതല്‍ ചോദ്യം ചെയ്ത് വരികയാണെന്നും എസ്പി അറിയിച്ചു.
അഖിലും സുഹൃത്തുക്കളായി രണ്ടു പേരും അടുത്തുള്ള റബര്‍ തോട്ടത്തിലേക്ക് പോകുന്നത് സമീപവാസികളുടെ ശ്രദ്ധയില്‍പെട്ടിരുന്നു. സംശയകരമായി രണ്ടു പേര്‍ നില്‍ക്കുന്നതു ദൂരെ നിന്ന നാട്ടുകാരില്‍ ഒരാളുടെ ശ്രദ്ധയില്‍പ്പെട്ടു. സംശയം തോന്നിയ ഇയാള്‍ നാട്ടുകാരെ കൂട്ടി സ്ഥലത്ത് എത്തി. ചോദ്യം ചെയ്തപ്പോഴാണ് നടന്ന കാര്യങ്ങള്‍ ഇവര്‍ പറഞ്ഞത്.