തൃശൂർ: അതിരപ്പിള്ളി തുമ്പൂർമുഴിയിൽ കൊല്ലപ്പെട്ട ആതിരയുടെ മൃതദേഹത്തിൽ നിന്നും പ്രതി അഖിൽ സ്വർണ മാല മോഷ്ടിച്ചു. ഇത് അങ്കമാലിയിൽ സ്വകാര്യ വ്യക്തിയുടെ അടുത്ത് പണയം വച്ചെന്ന് അഖിൽ മൊഴി നൽകി.
കഴിഞ്ഞദിവസമാണ് തുമ്പൂർമുഴി വനമേഖലയിൽ കാലടി സ്വദേശി ആതിരയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക ഇടപാടിനെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ സുഹൃത്ത് യുവതിയെ കൊലപ്പെടുത്തുകയായിരുന്നെന്ന് പിന്നാലെ വ്യക്തമായിരുന്നു.
ഇതിന് പിന്നാലെയാണ് മൃതദേഹത്തിൽ നിന്നും മാല മോഷ്ടിച്ചെന്ന റിപ്പോർട്ട്. ആതിരയുടെ ദേഹത്ത് ഉണ്ടായിരുന്ന ഒന്നര പവന്‍റെ മാലയാണ് കൊലപാതകത്തിന് പിന്നാലെ പ്രതി കവർന്നത്.
മൃതദേഹത്തിൽ നിന്ന് കവർന്ന മാല അങ്കമാലിയിൽ പണയം വെച്ചതായപം അഖിൽ മൊഴി നൽകിയെന്ന് ഏഷ്യാനെറ്റ് ന്യൂസാണ് റിപ്പോർട്ട് ചെയ്തത്. കേസിൽ അഖിലിനെ കസ്റ്റഡിയിൽ വാങ്ങാൻ ഒരുങ്ങുകയാണ് പോലീസ്.
ആതിരയിൽ നിന്നും ആഭരണങ്ങൾ കൈക്കലാക്കിയത് പോലെ കൂടുതൽ സ്ത്രീകളിൽ നിന്നും അഖിൽ പണമോ സ്വർണ്ണമോ വാങ്ങിയിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
സൂപ്പർ മാർക്കറ്റിൽ ഒരുമിച്ച് ജോലി ചെയ്തിരുന്ന അഖിലും ആതിരയും തമ്മിൽ ആറുമാസത്തെ അടുപ്പമുണ്ടായിരുന്നു. പണയം വയ്ക്കാൻ നൽകിയ സ്വർണം തിരികെ ചോദിച്ചതോടെയാണ് യുവതിയെ വകവരുത്താൻ അഖിൽ തീരുമാനിക്കുന്നത്.
അതിരപ്പിള്ളിയിലേക്ക് ടൂർ പോകാമെന്ന വ്യാജേന ആതരയെ കാറിൽ കയറ്റി തുമ്പൂർ മുഴി വനത്തിൽ എത്തിച്ച് കൊലപ്പെടുത്തുകയായിരുന്നു.നിലവിൽ റിമാൻഡിൽ ഉള്ള അഖിലിനെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് ഉടൻ അപേക്ഷ നൽകും.
ആതിരയുടെ ആഭരണങ്ങൾ അങ്കമാലിയിൽ പണയം വെച്ചതായാണ് അഖില്‍ മൊഴി നല്‍കിയിരിക്കുന്നത്. ഈ ആഭരണങ്ങൾ വീണ്ടെടുക്കുന്ന നടപടികൾക്കായാണ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങുക.
ഏപ്രിൽ 29ന് കാലടി കാഞ്ഞൂരിൽ നിന്നാണ് ആതിരയെ കാണാതായത്. പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ മൃതദേഹം വനത്തിൽ കണ്ടെത്തുകയായിരുന്നു.
അഖിലിനെ ചോദ്യം ചെയ്തതിൽ നിന്നും ഗൂഢാലോചനയുടെ വിവരങ്ങളും പുറത്തുവന്നു. അങ്കമാലി പാറക്കടവ് സ്വദേശി സനലിന്‍റെ ഭാര്യയാണ് ആതിര.
കൊലപാതകത്തിന് പിന്നാലെ നടന്ന അന്വേഷണത്തിൽ ആതിരയുടെ വീട്ടിൽ നിന്ന് അഞ്ച് പവൻ സ്വർണ്ണാഭരണം കാണാതായെന്നും വ്യക്തമായി. പ്രതി അഖിലും വിവാഹിതനാണ്.
ഇൻസ്റ്റഗ്രാമിൽ അഖിയേട്ടൻ എന്ന പ്രൊഫൈലിലൂടെ അറിയപ്പെടുന്ന വ്യക്തിയാണ് ഇയാൾ. റീൽസ് താരമായ അഖിലിന് 11,000ത്തിലധികം ഫോളോവർമാരുണ്ട്.