തിരുവനന്തപുരം: നാളെ ഉത്രാടം. തിരുവോണത്തിന് സദ്യയൊരുക്കാനുള്ള അവസാനവട്ട ഒരുക്കങ്ങള്‍ക്കുള്ള ദിവസം. നാടൊന്നാകെ വിപണിയിലേക്ക് ഇറങ്ങുന്ന ഉത്രാടപ്പാച്ചില്‍. കഴിഞ്ഞ വര്‍ഷങ്ങളിലൊക്കെ അങ്ങനെയായിരുന്നു. പക്ഷേ, ഇക്കുറി കൊവിഡ് മഹാമാരി എല്ലാം തകര്‍ന്നു. വ്യാപാര കേന്ദ്രങ്ങളിലൊക്കെ തിരക്കിന് കുറവൊന്നുമില്ലെങ്കിലും സാമൂഹിക അകലം പാലിക്കണം, മാസ്ക് ധരിക്കണം. ഒരുപക്ഷേ, നിയന്ത്രണങ്ങളോടെ മലയാളികള്‍ ഓണം ആഘോഷിക്കുന്നത് ഇതാദ്യമായിട്ടാകും. ഓണക്കാലം പ്രമാണിച്ച് ചില നിയന്ത്രണങ്ങളില്‍ ഇളവുകള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ നിരത്തില്‍ പൊതുവേ തിരക്കുണ്ട്. നാളെ ഉത്രാടപ്പാച്ചിലായതിനാല്‍ സാമൂഹിക അകലം പാലിച്ച് സദ്യവട്ടത്തിനുള്ള സാധനങ്ങള്‍ വാങ്ങുന്നതിനുള്ള തിരക്കിലാണ് മലയാളികള്‍.
ഉത്രാടപ്പൂവിളിയില്ല, ഓണാഘോഷങ്ങളും
കൊവിഡ് പടരുന്ന സാഹചര്യത്തില്‍ ഇത്തവണത്തെ ഓണത്തിന് പൂക്കളത്തിന്റെ ശോഭ ഉണ്ടാകില്ല. അന്യ സംസ്ഥാനത്ത് നിന്ന് കൊണ്ടുവരുന്ന പൂക്കള്‍ ഉപയോഗിച്ചുള്ള അത്തമിടീല്‍ വേണ്ടെന്ന നിര്‍ദേശം സര്‍ക്കാര്‍ നീക്കിയെങ്കിലും പൂക്കളങ്ങള്‍ പലയിടത്തും സജിവമല്ല. ക്ളബ്ബുകളും സംഘടനകളുമെല്ലാം ഓണാഘോഷം ഉപേക്ഷിച്ചിരിക്കുകയാണ്. സര്‍ക്കാര്‍ വക ഓണാഘോഷവും ഇല്ല. അതിനാല്‍ ഓണനാളുകളില്‍ മലയാളി ഇത്തവണ വീട്ടില്‍ ഒതുങ്ങിക്കൂടും.
ഓണക്കോടി വേണം
കൊവിഡാണെങ്കിലും സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ച് കടകള്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ഓണക്കോടി വാങ്ങാന്‍ ജനം കടകളില്‍ എത്തുന്നുണ്ട്. ഉത്രാട ദിനത്തില്‍ തിരക്ക് പാരമ്യതയിലെത്തും. പക്ഷേ, കൊവിഡ് ആയതിനാല്‍ ഇത്തവണത്തെ ഓണത്തിന് കുഞ്ഞുങ്ങളെ കൊണ്ടുപോകാതെ ഓണക്കോടി വാങ്ങാന്‍ എല്ലാവരും ശ്രദ്ധിക്കുന്നുണ്ട്. കൊവിഡിന്റെ രൂക്ഷത അറിയാവുന്ന കുട്ടികള്‍ നിര്‍ബന്ധം പിടിക്കുന്നുമില്ല. കണ്ടെയ്ന്‍മെന്റ് സോണുകളിലുള്ളവര്‍ക്ക് പുറത്തിറങ്ങാന്‍ നിയന്ത്രണങ്ങളുള്ളതിനാല്‍ അവര്‍ ഓണക്കോടി എടുക്കുന്നത് നീട്ടിവച്ചിട്ടുണ്ട്.
ഇന്‍സ്റ്റന്റ് ഓണസദ്യ
അഞ്ച് മാസമായി അടച്ചിട്ടിരുന്ന കേറ്ററിംഗ് ബിസിനസുകാര്‍ക്ക് ഈ ഓണം അതിജീവനത്തിന്റേതാണ്. കോളേജുകളിലും സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലും ഓണാഘോഷത്തിന് വിലക്കുള്ളതിനാല്‍ ഇത്തവണ വീടുകളില്‍ ഓണസദ്യ എത്തിക്കുന്നതിനുള്ള അവസാനവട്ട ഓര്‍ഡര്‍ സ്വീകരിക്കുന്ന തിരക്കിലാണ് കാറ്ററിംഗ് സര്‍വീസുകാര്‍. ഹോട്ടലുകളും ഒട്ടുംപിന്നിലല്ല. ഉത്രാടം മുതല്‍ അഞ്ചാം ഓണം വരെ ഓണസദ്യ വീട്ടിലെത്തിച്ചു നല്‍കും. 125 രൂപാ മുതലാണ് ഇന്‍സ്റ്റന്റ് ഓണസദ്യയുടെ നിരക്ക്. 250 രൂപ വരെ മുടക്കിയാല്‍ സാമാന്യം വിഭവങ്ങളുള്ള ഇന്‍സ്റ്റന്റ് ഓണസദ്യ വീട്ടിലെത്തും. ഇതിനൊപ്പം പാലട, പഴം, കടല പായസങ്ങളും ലിറ്ററിന് 175 രൂപ മുതലാണ് വില.
നിരീക്ഷണം, കരുതല്‍
മാനദണ്ഡങ്ങള്‍ പാലിക്കാതെ ഓണം ആഘോഷിക്കാന്‍ ഇറങ്ങിയാല്‍ കൊവിഡ് പകരാനുള്ള സാദ്ധ്യത കൂടുതലാണെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
നിരീക്ഷണത്തിന് ഓരോ താലൂക്കുകളിലും പ്രത്യേകം സ്‌ക്വാഡുകള്‍. തിരുവനന്തപുരം ജില്ലയിലാകെ 30 സ്‌ക്വാഡുകള്‍
മാര്‍ക്കറ്റുകളില്‍ കൊവിഡ് പരിശോധന. പൊതുയിടങ്ങളില്‍ പരിശോധനയ്ക്കുള്ള കിയോസ്‌കുകള്‍
സമൂഹമാദ്ധ്യമങ്ങളിലൂടെയും മറ്റും ഫൈറ്റ് കൊവിഡ് ട്രിവാന്‍ഡ്രം എന്ന ഹാഷ് ടാഗിലൂടെ കൊവിഡ് പ്രതിരോധ പ്രചാരണം
ഓണാഘോഷം വീടുകളില്‍ ഒതുക്കുകയെന്ന ലക്ഷ്യത്തോടെ ‘കൊവിടോണം’ നടപ്പാക്കും
റിവേഴ്‌സ് ക്വാറന്റൈന്‍ ശക്തമാക്കി
കൊവിഡ് അറിയാന്‍ പള്‍സ് ഓക്സീമീറ്റര്‍ പരിശോധന നടത്തും
വയോജനങ്ങള്‍, കുട്ടികള്‍, കിടപ്പുരോഗികള്‍, ഗര്‍ഭിണികള്‍ വിഭാഗത്തില്‍പെട്ടവര്‍ക്ക് പരിശോധന
പൊലീസും ഒരുങ്ങി
ഉത്രാടദിനത്തിലെ തിരക്ക് നിയന്ത്രിക്കുന്നതിന് കണ്ണും കാതും കൂര്‍പ്പിച്ച് പൊലീസ് എല്ലായിടത്തുമുണ്ടാകും. മാസ്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതിരിക്കുകയും ചെയ്താല്‍ അവര്‍ ഇടപെടും. എല്ലാവരും സ്വയം നിയന്ത്രണം പാലിക്കണമെന്ന് പൊലീസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.