തിരുവനന്തപുരം: ഇ.പി. ജയരാജനെ എല്‍.ഡി.എഫ്. കണ്‍വീനർ സ്ഥാനത്തുനിന്ന് നീക്കി. വെള്ളിയാഴ്ച ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച് ധാരണയുണ്ടായത്.
ശനിയാഴ്ച ചേർന്ന സി.പി.എം. സംസ്ഥാന സമിതി യോഗത്തില്‍ ഇക്കാര്യം റിപ്പോർട്ട് ചെയ്തു. കേന്ദ്രകമ്മിറ്റി അംഗമായതിനാല്‍ ഇ.പിക്കെതിരായ നടപടി പ്രഖ്യാപിക്കുക കേന്ദ്രനേതൃത്വമാകും. ബി.ജെ.പി. നേതാവ് പ്രകാശ് ജാവദേക്കറുമായി നടത്തിയ കൂടിക്കാഴ്ചയും ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിവസം കൂടിക്കാഴ്ച ഇ.പി സ്ഥിരീകരിച്ചതും സി.പിഎമ്മിനെ വലിയ തോതില്‍ പ്രതിസന്ധിയിലാക്കിയിരുന്നു. ഇതാണ് കണ്‍വീനർ സ്ഥാനം നഷ്ടമാകുന്നതിലേക്ക് നയിച്ചത്.
സെക്രട്ടേറിയറ്റ് യോഗത്തില്‍ ഇ.പിക്കെതിരെ അതിരൂക്ഷമായ വിമർശനം ഉയർന്നിരുന്നു. തുടർന്ന് ഇ.പി രാജി സന്നദ്ധത നേതൃത്വത്തെ അറിയിക്കുകയായിരുന്നു. രാജി സ്വീകരിച്ചോ അതോ നടപടിയായി മാറ്റാൻ പാർട്ടി തീരുമാനിക്കുകയായിരുന്നോ എന്നതില്‍ പാർട്ടിയുടെ വിശദീകരണം വരുമ്ബോഴെ വ്യക്തത വരൂ. വിമർശനത്തിന്റെ കാതല്‍ തിരിച്ചറിഞ്ഞ ഇ.ടി ഇന്നത്തെ സംസ്ഥാന സമിതി യോഗത്തില്‍ പങ്കെടുക്കാൻ നില്‍ക്കാതെ ഇ.പി. കണ്ണൂരിലേക്ക് മടങ്ങി. അതോടെ ശനിയാഴ്ച രാവിലെ തന്നെ ഇ.പി. കണ്‍വീനർ സ്ഥാനത്ത് നിന്ന് മാറും എന്ന വാർത്ത പ്രചരിച്ചുതുടങ്ങി. രാവിലെ 10 മണിയോടെ കണ്ണൂരിലെ വസതിയിലെത്തിയ ഇ.പി. മാധ്യമങ്ങളോട് പ്രതികരിക്കാൻ കൂട്ടാക്കിയില്ല.
പകരം മുതിർന്ന നേതാവും മുൻമന്ത്രിയുമായ എ.കെ ബാലന്റെ പേരാണ് കണ്‍വീനർ സ്ഥാനത്തേക്ക് പരിഗണനയില്‍. ബാലൻ അല്ലെങ്കില്‍ ടി.പി രാമകൃഷ്ണന് ചുമതല നല്‍കിയേക്കും. സെക്രട്ടേറിയറ്റ് അംഗം, മുൻ മന്ത്രി, കോഴിക്കോട് മുൻ ജില്ലാ സെക്രട്ടറി എന്നീ നിലകളിലെ പ്രവർത്തനം ടി.പിക്ക് സാധ്യത വർധിപ്പിക്കുന്നു.
പാർട്ടി ബ്രാഞ്ച് സമ്മേളനങ്ങളിലേക്ക് കടക്കുന്നതിന്റെ തൊട്ടുതലേന്നാണ് ഇ.പിക്ക് സ്ഥാനം നഷ്ടമാകുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്. സമ്മേളനം തുടങ്ങിക്കഴിഞ്ഞാല്‍ പാർട്ടി രീതിയനുസരിച്ച് സംസ്ഥാന സമ്മേളനം കഴിയുന്നവരെ നടപടികളുണ്ടാകാറില്ല. പി.ശശിക്കെതിരായ നടപടിയും ഇന്നത്തെ സംസ്ഥാന സമിതിയില്‍ തീരുമാനമായേക്കും.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ വോട്ടിങ് നടന്ന ഏപ്രില്‍ 26-ന് രാവിലെയാണ് സി.പി.എമ്മിനെ ഞെട്ടിച്ചുകൊണ്ടുള്ള ഇ.പി. ജയരാജന്റെ പ്രതികരണമുണ്ടായത്. കേരളത്തിന്റെ ചുമതലയുള്ള ബി.ജെ.പി. ദേശീയനേതാവ് പ്രകാശ് ജാവദേക്കറെ താൻ കണ്ടുവെന്നാണ് ജയരാജൻ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പരസ്യമായി പറഞ്ഞത്. ആക്കുളത്തെ മകന്റെ വീട്ടില്‍ വെച്ചായിരുന്നു കൂടിക്കാഴ്ചയെന്നും ഇ.പി. പറഞ്ഞിരുന്നു.
ഇതിനെതിരെ വലിയ വിമർശനമാണ് സി.പി.എമ്മില്‍ ഉയർന്നത്. ഇ.പി. ജയരാജന്റെ വെളിപ്പെടുത്തലിന് പിന്നാലെ രൂക്ഷമായ ഭാഷയില്‍ പരസ്യവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ രംഗത്തെത്തിയിരുന്നു. ജയരാജന് ജാഗ്രതക്കുറവുണ്ടായെന്നും ‘പാപിയുടെ കൂടെ ശിവൻ കൂടിയാല്‍ ശിവനും പാപിയായിടു’മെന്നുമാണ് അന്ന് മുഖ്യമന്ത്രി പറഞ്ഞത്.