കോവിഡ് സ്ഥിരീകരിച്ച്‌ മണിക്കൂറുകള്‍ക്കകം 26 കാരനായ ഡോക്ടര്‍ക്ക് മരണം; ഞെട്ടലില്‍ സഹപ്രവര്‍ത്തകര്‍

ന്യൂഡല്‍ഹി: യുവ ഡോക്ടര്‍ കോവിഡ് ബാധിച്ച്‌ മരിച്ചു. കോവിഡ് സ്ഥിരീകരിച്ച്‌ മണിക്കൂറുകള്‍ക്കകമാണ് മരണം സംഭവിച്ചത. ജി.ടി.ബി ആശുപത്രിയില്‍ ജൂനിയര്‍ റസിഡന്റ് ഡോക്ടര്‍ ആയിരുന്ന അനസ് മുജാഹിദ് ആണ് മരിച്ചത്. 26 വയസായിരുന്നു.

ഡല്‍ഹി യൂനിവേഴ്‌സിറ്റി കോളജ് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ നിന്ന് എം.ബി.ബി.എസ് ബിരുദം നേടിയ ഡോ. അനസ് ശനിയാഴ്ച ഉച്ച വരെ ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നു. രാത്രി എട്ടുമണിയോടെയാണ് രോഗബാധ സ്ഥിരീകരിച്ചത്. തലച്ചോറിലെ രക്താസ്രവത്തെ തുടര്‍ന്നായിരുന്നു മരണം. മറ്റ് രോഗങ്ങളൊന്നും അദ്ദേഹത്തിനില്ലായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

‘ചുറുചുറുക്കാര്‍ന്ന ഒരു മിടുക്കനായ ഡോക്ടറെ നഷ്ടപ്പെടുന്നത് ഹൃദയഭേദകമാണ്. ക്ലാസുകളില്‍ അധികം സംസാരിക്കാത്ത ഒരു വിദ്യാര്‍ത്ഥിയായിരുന്നുവെങ്കിലും ഇടനാഴിയില്‍ എന്നെ അവന്‍ എപ്പോഴും അഭിവാദ്യം ചെയ്യുമായിരുന്നു. അവന്റെ പുഞ്ചിരി എനിക്ക് മിസ്സ് ചെയ്യും. കഴിഞ്ഞ മൂന്ന് മാസമായി അവന്‍ ജോലി ചെയ്യുന്ന ഗൈനക്കോളജി വിഭാഗത്തിലെ സീനിയേഴ്‌സിനോട് ഞാന്‍ സംസാരിച്ചിരുന്നു. അവന്റെ പ്രകടനത്തെ കുറിച്ച്‌ അവര്‍ക്കെല്ലാം നല്ല മതിപ്പാണ്. ഞാന്‍ അവനെ കുറിച്ചോര്‍ത്ത് അഭിമാനിക്കുന്നു. ഇന്നലെ നിരവധി കോവിഡ് രോഗികള്‍ക്ക് അവന്റെ സേവനം ലഭിച്ചു. അവനൊരു രക്തസാക്ഷിയാണ്’ -യു.സി.എം.എസിലെ ഫിസിയോളജി വിഭാഗത്തിലെ പ്രഫസറായ ഡോ. സത്യേന്ദ്ര സിങ് പറഞ്ഞു.

കുടുംബം ഡല്‍ഹിയിലുണ്ടെങ്കിലും കോവിഡ് ഡ്യൂട്ടിയുള്ളതിനാല്‍ തന്നെ ആശുപത്രി അധികൃതര്‍ ഒരുക്കിയ ലീല പാലസ് ഹോട്ടലിലെ റൂമിലായിരുന്നു അനസിന്റെ താമസം. മാതാപിതാക്കളെ കൂടാതെ അനസിന് നാല് സഹോദരങ്ങളുണ്ട്. എന്‍ജിനിയറായ പിതാവ് മുമ്ബ് ഗള്‍ഫിലായിരുന്നു ജോലി ചെയ്തിരുന്നത്.

ശനിയാഴ്ച വൈകീട്ട് കുടുംബത്തോടൊപ്പമാണ് നോമ്ബ് തുറന്നത്. സുഖമില്ലാത്തതായി തോന്നിയതോടെ ഹോട്ടലിലേക്ക് മടങ്ങുന്നതിന് മുമ്ബ് കോവിഡ് പരിശോധനക്ക് വിധേയനാവുകയായിരുന്നു.

‘ശരീരവേദനയും ക്ഷീണവും അനുഭവപ്പെട്ടതിനാല്‍ രാത്രി എട്ടുമണിയോടെ പരിശോധന നടത്തി. ആന്റിജന്‍ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു. കടുത്ത തലവേദനയാണെന്ന് അനസ് പറഞ്ഞപ്പോള്‍ ഡോക്ടര്‍ കുറിപ്പടി എഴുതുകയായിരുന്നു. പെട്ടെന്ന് അദ്ദേഹം കുഴഞ്ഞു വീണു. ഡോക്ടര്‍ മാസ്‌ക് നീക്കിയപ്പോള്‍ മുഖത്തിന്റെ ഒരു വശം തളര്‍ന്നു പോയിരുന്നു’ -അനസിന്റെ സുഹൃത്തും സഹപാഠിയുമായ ഡോ. ഷാസ് ബേഗ് പറഞ്ഞു.

സി.ടി സ്‌കാനില്‍ തല്ലച്ചേറില്‍ രക്തം കട്ടപിടിച്ചതായി കണ്ടെത്തി. പുലര്‍ച്ചെ 2.30 ഓടെ വെന്റിലേറ്റര്‍ ഘടിപ്പിച്ചെങ്കിലും അരമണിക്കൂറിന് ശേഷം അനസ് മരിച്ചു. ഞായറാഴ്ച ഉച്ചക്ക് ശേഷം മൃതദേഹം ശാസ്ത്രി പാര്‍ക്കില്‍ സംസ്‌കരിച്ചു.

Related posts

Leave a Comment