മോദി– അദാനി ബന്ധം: ‘രാഹുലിന്റെ പരാമർശം നീക്കണം’, നടപടി വേണമെന്ന് ബിജെപി

ന്യൂഡല്‍ഹി:  ഇന്നലെ ലോക്‌സഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യവസായി ഗൗതം അദാനിയും തമ്മിലുള്ള ബന്ധത്തെ കുറിച്ച്‌ പറഞ്ഞ രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ കൊള്ളേണ്ടിടത്തു തന്ന കൊണ്ടു.

ഇന്ന് രാഹുലിനെതിരെ ബിജെപി സഭയില്‍ കൂട്ടത്തോടെ വിമര്‍ശനവുമായി രംഗത്തുവന്നു.

കടുത്ത വിമര്‍ശനമാണ് ബിജെപി നേതാക്കള്‍ ഉയര്‍ത്തിയത്.

രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശങ്ങള്‍ രേഖയില്‍നിന്നു നീക്കണമെന്നു കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി.

പാര്‍ലമെന്റില്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ എംപിമാര്‍ മുന്‍കൂട്ടി അറിയിക്കണമെന്ന ചട്ടം രാഹുല്‍ പാലിച്ചില്ലെന്ന് മന്ത്രി ലോക്‌സഭയില്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധിക്കെതിരെ അവകാശലംഘന നടപടിക്ക് അനുവദിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

”പാര്‍ലമെന്റ് ചട്ടങ്ങള്‍ അനുസരിച്ച്‌, ഒരു എംപി മുന്‍കൂര്‍ അറിയിപ്പ് നല്‍കിയില്ലെങ്കില്‍ ആരോപണങ്ങളൊന്നും ഉന്നയിക്കാന്‍ കഴിയില്ല.

ഒരു കോണ്‍ഗ്രസ് നേതാവ് (രാഹുല്‍ ഗാന്ധി) അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചു.

അദ്ദേഹത്തിന്റെ പ്രസ്താവന നീക്കം ചെയ്യുകയും അദ്ദേഹത്തിനെതിരെ അവകാശലംഘന പ്രമേയം അവതരിപ്പിക്കുകയും നോട്ടിസ് നല്‍കുകയും വേണം.

” മന്ത്രി പ്രഹ്ലാദ് ജോഷി ലോക്‌സഭയില്‍ പറഞ്ഞു.

രാഹുലിനെതിരെ അവകാശലംഘന നോട്ടിസ് അയയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംപി നിഷികാന്ത് ദുബെയും ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ലയ്ക്കു കത്തു നല്‍കി.

മതിയായ തെളിവുകളില്ലാതെ മോദിക്കെതിരായി നടത്തിയ ആരോപണം അപകീര്‍ത്തികരവും ലജ്ജാകരവുമാണെന്ന് ദുബെ കുറ്റപ്പെടുത്തി.

പ്രമേയ ചര്‍ച്ചയില്‍ പങ്കെടുക്കവേ പ്രധാനമന്ത്രിക്കെതിരെ രാഹുല്‍ ഗാന്ധി, ചില പ്രസ്താവനകള്‍ നടത്തി.

മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ നടത്തിയ പ്രസ്താവനകള്‍ തീര്‍ത്തും അപകീര്‍ത്തികരവും തെറ്റിദ്ധാരണയുളവാക്കുന്നതും ‘അണ്‍പാര്‍ലമെന്ററി’യുമാണെന്ന് ദുബെ കത്തില്‍ പറയുന്നു.

മാന്യതയില്ലാത്ത ഈ പ്രസ്താവന സഭയുടേയും പ്രധാനമന്ത്രിയുടേയും അന്തസ്സിനെ ചോദ്യംചെയ്യുന്നതാണ്.

മതിയായ തെളിവുകള്‍ ഒന്നുമില്ലാതെയാണ് ഇത്തരത്തിലുള്ള ആരോപണം രാഹുല്‍ ഉന്നയിച്ചത്, ദുബെ പറയുന്നു.

തന്റെ പ്രസ്താവനകള്‍ സാധൂകരിക്കുന്ന ആധികാരികമായ ഒരു തെളിവും ഹാജരക്കാന്‍ രാഹുല്‍ ഗാന്ധിക്ക് കഴിഞ്ഞിട്ടില്ല.

കൃത്യമായ രേഖകളില്ലാതെ സഭയെ തെറ്റിദ്ധരിപ്പിക്കാനാണ് രാഹുല്‍ ശ്രമിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും സര്‍ക്കാരും ഗൗതം അദാനിക്ക് വിവിധ മേഖലകളില്‍ കരാറുകളും പദ്ധതികളും ലഭിക്കാന്‍ നിയമങ്ങളും ചട്ടങ്ങളും മാറ്റിയെന്ന് രാഹുല്‍ ഗാന്ധി കഴിഞ്ഞദിവസം സഭയില്‍ ആരോപിച്ചിരുന്നു.

2014-ല്‍ 800 കോടി ഡോളറായിരുന്ന (66,203 കോടി രൂപ) അദാനിയുടെ ആസ്തി 2022-ല്‍ 14,000 കോടി ഡോളറിലേക്ക് (11.58 ലക്ഷം കോടി രൂപ) വളര്‍ന്നത് മോദിയുടെ സഹായത്താലാണ്.

സാധാരണജനങ്ങളുടെ പണം അദാനിയുടെ കമ്പനികളില്‍ എല്‍.ഐ.സി. ഉള്‍പ്പെടെ പൊതുമേഖലാ ധനകാര്യസ്ഥാപനങ്ങള്‍ നിക്ഷേപിച്ചത്.

മോദി-അദാനി കൂട്ടുകെട്ടിന്റെ ഉദാഹരണമാണെന്നും രാഹുല്‍ ആരോപിച്ചിരുന്നു.

വ്യവസായി ഗൗതം അദാനിക്കുണ്ടായ വളര്‍ച്ച മാത്രമാണ് 8 വര്‍ഷത്തിനിടയിലെ ‘മോദി മാജിക്’ എന്നാണ് രാഹുല്‍ ഗാന്ധി ആരോപിച്ചത്.

ലോക്‌സഭയില്‍ രാഷ്ട്രപതിക്കുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ പ്രതിപക്ഷത്തുനിന്ന് ആദ്യം സംസാരിച്ച രാഹുല്‍ പ്രസംഗത്തിനിടെ മോദിയും അദാനിയും ഒരുമിച്ചു സഞ്ചരിക്കുന്നതിന്റെ ചിത്രങ്ങളും ഉയര്‍ത്തിക്കാട്ടി.

പ്രധാനമന്ത്രി ഓരോ വിദേശയാത്ര നടത്തുമ്പോഴും അദാനിക്ക് പുതിയ കരാര്‍ എന്നതാണ് ബിജെപി സര്‍ക്കാരിന്റെ വിദേശ നയം.

മോദി എങ്ങോട്ടുപോകുമ്പോഴും അദാനി കൂടെ പോകുകയോ അവിടെയെത്തുകയോ ചെയ്യും.

ബംഗ്ലാദേശിലും ശ്രീലങ്കയിലും ഇങ്ങനെ കരാറുകള്‍ കിട്ടി.

ഇസ്രയേലുമായുള്ള പ്രതിരോധ കരാറിന്റെ 90% അദാനിക്കാണു കിട്ടിയതെന്നതു നിഷേധിക്കാമോയെന്ന്,

ആരോപണങ്ങളില്‍ പ്രതിഷേധിച്ച ഭരണപക്ഷ എംപിമാരോടു രാഹുല്‍ ചോദിച്ചിരുന്നു.

Related posts

Leave a Comment