ഫ്ലെക്സിനു പിന്നില്‍ വലതുപക്ഷ നീക്കം; ഭിന്നതയെന്ന് വരുത്തുന്നു: പി.ജയരാജന്‍

കണ്ണൂര്‍:സിപിഎമ്മിലെ ഉന്നത നേതാക്കളായ ഇ.പി. ജയരാജനും പി.ജയരാജനും തമ്മിലുള്ള പോര് തെരുവിലേക്ക്. സാമൂഹ്യ മാധ്യമങ്ങളില്‍ ഇരു നേതാക്കളേയും അനുകൂലിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ തമ്മില്‍ ആരോപണ-പ്രത്യാരോപണങ്ങള്‍ ശക്തമായിരിക്കേയാണ് പോര് തെരുവിലേക്കുമെത്തിയത്.

അഴീക്കോട് കാപ്പില്‍ പീടികയില്‍ പി. ജയരാജ അനുകൂലികള്‍ ബോര്‍ഡ് സ്ഥാപിച്ചത്. ജയരാജന്റെ ചിത്രത്തിന് താഴെയായി ഒരു കമ്മ്യൂണിസ്റ്റിന്റെ കയ്യില്‍ രണ്ട് തോക്കുകള്‍ ഉണ്ടായിരിക്കണമെന്നും ഒന്ന് വര്‍ഗ്ഗ ശത്രുവിന് നേരേയും രണ്ട് പിഴയ്ക്കുന്ന സ്വന്തം നേതൃത്വത്തിനെതിരേയും എന്നും രേഖപ്പെടുത്തിയിട്ടുണ്ട്.

ഇ.പി. ജയരാജനെതിരായ പി. ജയരാജന്റെ പരാതി പിഴയ്ക്കുന്ന നേതൃത്വത്തിനെതിരെയുള്ളതാണെന്ന ന്യായീകരണമാണ് പിജെ അനുകൂലികള്‍ ഉയര്‍ത്തുന്നത്.

സി.പി. എം കണ്ണൂര്‍ ജില്ലാസെക്രട്ടറിയേറ്റംഗവും ഐ. ആര്‍.പി.സി ചെയര്‍മാനുമായ എം. പ്രകാശന്റെ അഴീക്കോട് കാപ്പിലെ പീടികയ്ക്കടുത്തെ വീടിനടത്താണ് പി. ജയരാജന് അനുകൂലമായി ബോര്‍ഡുയര്‍ന്നത്.

നിരവധിതവണ സി.പി. എമ്മില്‍ ഒതുക്കപ്പെട്ട പി.ജയരാജന്‍ അനുകൂലസാഹചര്യം ലഭിച്ചപ്പോള്‍ വീണ്ടും ഫിനിക്സ് പക്ഷിയെപ്പോലെ ഉയര്‍ന്നത് അദ്ദേഹത്തെ ആരാധിക്കുന്ന പ്രവര്‍ത്തകരെ ആവേശത്തിലാക്കിയിട്ടുണ്ട്.

ഇ.പി ജയരാജനെതിരെ അദ്ദേഹം തൊടുത്തുവിട്ട ആരോപണ ശരങ്ങള്‍ പാര്‍ട്ടി നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ടെങ്കിലും ജയരാജന്‍ പഴയ വീര്യത്തോടെ പോരാടാനിറങ്ങിയത് അദ്ദേഹത്തിന്റെ ആരാധകരായ പ്രവര്‍ത്തകരെ ആവേശഭരിതമാക്കിയിട്ടുണ്ട്.

ഒരുകാലത്ത് കണ്ണൂരിലെ പാര്‍ട്ടിയുടെ അവസാനവാക്കായിരുന്നു പി.ജയരാജന്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ ഒരുകാലത്തെ അതീവവിശ്വസ്തരില്‍ ഒരാളായ ഇ.പി ജയരാജന്റെ നേതൃത്വത്തിലാണ് പി.ജെയെ ചവിട്ടി താഴ്‌ത്തിയതെന്ന അതൃപ്തി പി.ജെ ആര്‍മിക്കും അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ക്കുമുണ്ട്.

പാര്‍ട്ടിയിലെ സാഹചര്യം മാറുകയും ഇ.പിയുടെ പിടി അയയുകയും ചെയ്തതോടെയാണ് പി.ജെ പിടിമുറുക്കുന്നത്. കോടിയേരിയുടെ മരണത്തെ തുടര്‍ന്ന് എം.വി ഗോവിന്ദന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്തെത്തിയതും പാര്‍ട്ടിയില്‍ തലമുറമാറ്റം നടപ്പിലാക്കിയതും ഇ.പി ജയരാജന് വിനയായത്.

പി.ജയരാജന്‍ കണ്ണൂര്‍ ജില്ലാസെക്രട്ടറിയായിരുന്ന കാലത്ത് കേന്ദ്രകമ്മിറ്റിയംഗം ഇ.പി ജയരാജനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുകളില്‍ ജനകീയ അംഗീകാരം നേടിയത് മറ്റു നേതാക്കളില്‍ അതൃപ്തിയുണ്ടാക്കിയിരുന്നു.

ഇതേ തുടര്‍ന്നാണ് പി.ജയരാജനെതിരെ ആദ്യ നടപടിയുണ്ടായത്. പാര്‍ട്ടിക്ക് മുകളിലേക്ക് ചായുന്ന നേതാവിനെതിരെ അന്ന് വ്യക്തിപൂജയെന്ന കുറ്റമാരോപിച്ചായിരുന്നു നടപടി.

പരസ്യതാക്കീത് ചെയ്താണ് അന്നത്തെ നടപടി അവസാനിപ്പിച്ചത്. തുടര്‍ന്ന് വടകര മണ്ഡലത്തില്‍ നിന്നും മത്സരിക്കാന്‍ അവസരം നല്‍കി പി.ജയരാജനെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കുകയായിരുന്നു.

ജില്ലാസെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റിയത് വടകരയില്‍ പി.ജയരാജന്‍ ജയം ഉറപ്പിച്ചതിനാലാണെന്നായിരുന്നു അന്നു പാര്‍ട്ടി നേതൃത്വം അണികള്‍ക്കു നല്‍കിയ വിശദീകരണം.

പരാജയപ്പെട്ട പി.ജെ പിന്നീട് കണ്ണൂര്‍ ജില്ലാസെക്രട്ടറിസ്ഥാനത്തേക്ക് തിരിച്ചെത്തിയുമില്ല. സംസ്ഥാന കമ്മിറ്റിയംഗമെന്ന നിലയില്‍ ഐ. ആര്‍.പി.സിയെന്ന സന്നദ്ധസംഘടന രൂപീകരിച്ചു.

പി.ജെ സി.പി. എമ്മിനു പുറത്തക്കേ് പൊതു അംഗീകാരം നേടാന്‍ ശ്രമിച്ചുവെങ്കിലും ഭാ്രവാഹിത്വം എടത്തുമാറ്റി പി.ജയരാജനെ വെറും ഉപദേശസമിതി ചെയര്‍മാനാക്കി മാറ്റുകയായിരുന്നു പാര്‍ട്ടി.

എന്നാല്‍ പിന്നീട് ശോഭനാജോര്‍ജ്ജിരുന്ന കസേരയില്‍ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനായി നിയോഗിച്ചു ഒതുക്കി നിര്‍ത്തുകയായിരുന്നു പാര്‍ട്ടിയും മുഖ്യമന്ത്രിയും.

പാര്‍ട്ടി സെക്രട്ടറിസ്ഥാനത്തു നിന്നും പിണറായിയും പിന്നീട് പിണറായിയുടെ വിശ്വസ്തനുമായ കോടിയേരിയും മാറിയതോടെയാണ് പി.ജയരാജന് അനുകൂല സാഹചര്യം സൃഷ്ടിച്ചത്.

ജയരാജനുമായി നല്ല ബന്ധം പുലര്‍ത്തിയ എം.വി ഗോവിന്ദന്‍ സെക്രട്ടറിയായതോടെയാണ് പി.ജെയ്ക്കു വീണ്ടും തിരിച്ചുവരവിനുള്ള സാഹചര്യം സൃഷ്ടിച്ചത്.

Related posts

Leave a Comment