പിതാവിന്റെ ടീമിനെതിരെ മകന്റെ വെടിക്കെട്ട് ബാറ്റിങ്; 8 സിക്സും 9 ഫോറും; 42 പന്തില്‍ അസം ഖാന്‍ അടിച്ചെടുത്തത് 97 റണ്‍സ്

കറാച്ചി: എതിര്‍ ടീമിന്റെ പരിശീലകന്‍ സ്വന്തം പിതാവ്. ആ പിതാവിനെ സാക്ഷിയാക്കി മകന്റെ തകര്‍പ്പന്‍ ബാറ്റിങ്.

അര്‍ധ സെഞ്ച്വറിക്ക് പിന്നാലെ പിതാവിന്റെ നേര്‍ക്ക് കൈ ചൂണ്ടി നെഞ്ചിലിടിച്ച്‌ ആഹ്ലാദം. അപൂര്‍വ രംഗങ്ങള്‍ക്ക് സാക്ഷിയായി പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് ടി20 പോരാട്ടം.

പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ പുതിയ അധ്യായത്തിലാണ് തകര്‍പ്പന്‍ ബാറ്റിങും അപൂര്‍വ നിമിഷവും പിറന്നത്.

മുന്‍ പാകിസ്ഥാന്‍ താരം കൂടിയായ മൊയിന്‍ ഖാന്റെ മകന്‍ അസം ഖാനാണ് പിതാവ് പരിശീലിപ്പിക്കുന്ന ടീമിനെതിരെ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്തത്.

മൊയിന്‍ ഖാന്‍ പരിശീലിപ്പിക്കുന്ന ക്വെറ്റ ഗ്ലാഡിയേറ്റേഴ്സിനെതിരെയാണ് ഇസ്ലാമബാദ് യുനൈറ്റഡിനായി മകന്‍ അസം ഖാന്‍ തട്ടുപൊളിപ്പന്‍ ബാറ്റിങുമായി കളം നിറഞ്ഞത്.

മത്സരത്തില്‍ 42 പന്തില്‍ നിന്ന് അസം ഖാന്‍ വാരിയത് 97 റണ്‍സ്. സെഞ്ച്വറി തികയ്ക്കാന്‍ അവസരമുണ്ടായെങ്കിലും താരം ക്ലീന്‍ ബൗള്‍ഡായതോടെ ആ കൊടുങ്കാറ്റ് നിലച്ചു.

ഒഡീന്‍ സ്മിത്ത് എറിഞ്ഞ 20ാം ഓവറിലെ നാലാം പന്തില്‍ സിക്സും അഞ്ചാം പന്തില്‍ ‍ഫോറും കണ്ടെത്തി വ്യക്തിഗത സ്കോര്‍ 97 റണ്‍സില്‍ എത്തിച്ച 24കാരനായ അസം ഖാന്‍, അവസാന പന്തില്‍ ക്ലീന്‍ ബൗള്‍ഡാകുകയായിരുന്നു.

മത്സരത്തില്‍ എട്ട് പടുകൂറ്റന്‍ സിക്സുകളും ഒന്‍പത് ഫോറുകളുമാണ് ആ ബാറ്റില്‍ നിന്ന് ഗ്രൗണ്ടിന്റെ നാല് ഭാഗത്തേയ്ക്കും പറന്നത്. 24 പന്തില്‍ 42 റണ്‍സടിച്ച ആസിഫ് അലി, 22 പന്തില്‍ 38 റണ്‍സടിച്ച കോളിന്‍ മണ്‍റോ എന്നിവര്‍ കൂടി ചേര്‍ന്നതോടെ, ഇസ്ലാമബാദ് യുനൈറ്റഡ് നിശ്ചിത 20 ഓവറില്‍ നേടിയത് ആറ് വിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സ്.

മത്സരത്തില്‍ പിതാവിന്റെ ടീം തോല്‍ക്കുകയും ചെയ്തു. സര്‍ഫറാസ് അഹമ്മദ് ക്യാപ്റ്ററ്റനായ ഗ്ലാഡിയേറ്റേഴ്സിന്റെ മറുപടി 19.1 ഓവറില്‍ 157 റണ്‍സില്‍ അവസാനിച്ചു.

ഗ്ലാഡിയേറ്റേഴ്സിന്റെ തോല്‍വി 63 റണ്‍സിന്. 26 പന്തില്‍ ആറ് ഫോറും രണ്ട് സിക്സും സഹിതം 48 റണ്‍സെടുത്ത മുഹമ്മദ് ഹഫീസാണ് അവരുടെ ടോപ് സ്കോറര്‍. 36 പന്തില്‍ 41 റണ്‍സെടുത്ത ക്യാപ്റ്റന്‍ സര്‍ഫറാസ്, 27 പന്തില്‍ 39 റണ്‍സെടുത്ത ഇഫ്തിഖര്‍ അഹമ്മദ് എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.

പക്ഷേ ടീമിനെ ജയത്തിലെത്തിക്കാന്‍ അത് പോരായിരുന്നു.

Related posts

Leave a Comment