ഹോട്ടലിലെ ലിഫ്റ്റ് അപകടത്തില്‍പ്പെട്ടു; ഗുജറാത്തില്‍ മലയാളിക്ക് ദാരുണാന്ത്യം

ഗുജറാത്തിലെ സൂറത്തില്‍ ഹോട്ടല്‍ ലിഫ്റ്റിന്റെ പിറ്റില്‍ വീണ് മലയാളിക്ക് ദാരുണാന്ത്യം. കോട്ടയം കുടമാളൂര്‍ സ്വദേശി രഞ്ജിത്ത് ബാബു (45) ആണ് മരിച്ചത്. ബിസിനസ് ആവശ്യങ്ങള്‍ക്കായി കോട്ടയത്തു നിന്നും സൂറത്തിലെത്തിയതായിരുന്നു രഞ്ജിത്ത് ബാബു. വാതില്‍ തുറന്ന് രഞ്ജിത്ത് അകത്തേക്ക് പ്രവേശിച്ചപ്പോള്‍ ലിഫ്റ്റ് മുകളിലായിരുന്നു. ലിഫ്റ്റ് പിറ്റിലൂടെ ആറാം നിലയില്‍ നിന്നും താഴേക്ക് വീഴുകയായിരുന്നു. ഹോട്ടലില്‍ ചെക്കിന്‍ ചെയ്ത ശേഷം ലിഫ്റ്റില്‍ കയറുമ്ബോഴാണ് അപകടം ഉണ്ടായത്. കഴിഞ്ഞ ദിവസം രാത്രിയില്‍ കെട്ടിടത്തിന്റെ ആറാം നിലയില്‍ നിന്നും രഞ്ജിത്ത് ലിഫ്റ്റ് തുറന്ന് അകത്തേക്ക് പ്രവേശിച്ചതിന് പിന്നാലെ ലിഫ്റ്റ് പിറ്റിലൂടെ താഴേക്ക് വീഴുകയായിരുന്നു. മൃതദേഹം സൂറത്തിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

നാദാപുരത്ത് ബസുകള്‍ കൂട്ടിയിടിച്ച്‌ അപകടം; 40ഓളം പേര്‍ക്ക് പരിക്ക്

നാദാപുരം: നാദാപുരത്ത് കെ.എസ്.ആർ.ടി.സി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 40 ഓളം പേർക്ക് പരിക്കേറ്റു. നാദാപുരം താലൂക്ക് ആശുപത്രിക്ക് സമീപം ഇന്ന് രാവിലെ 7.15 ഓടെയാണ് അപകടം.അപകടത്തിന് പിന്നാലെ ഡ്രൈവിങ് സീറ്റില്‍ കുടുങ്ങി പോയ കെ.എസ്.ആർ.ടി.സി ഡ്രൈവറെ ഫയർഫോഴ്സ് എത്തിയാണ് പുറത്തെടുത്തത്. കൈവേലിയില്‍ നിന്ന് ഗുരുവായൂരേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സിയും വടകരയില്‍നിന്ന് നാദാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസുമാണ് കൂട്ടിയിടിച്ചത്.പരിക്കേറ്റവരെ നാദാപുരം ഗവ. ആശുപത്രിയിലേക്കും കോഴിക്കോട് ആശുപത്രിയിലേക്കും മാറ്റി.

നടന്‍ ജയസൂര്യയ്‌ക്കെതിരെ വീണ്ടും ലൈംഗികാതിക്രമ പരാതി ; കരമന പോലീസ് കേസെടുത്തു

തിരുവനന്തപുരം: കൊച്ചിയിലെ നടിയുടെ ആരോപണത്തിന് പിന്നാലെ നടന്‍ ജയസൂര്യയ്‌ക്കെതിരെ വീണ്ടും ലൈംഗികാതിക്രമ പരാതിയില്‍ പോലീസ് കേസെടുത്തു. തിരുവനന്തപുരത്തെ നടിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. തൊടുപുഴയിലെ സിനിമാ ലൊക്കേഷനില്‍ വെച്ച്‌ ഉപദ്രവിച്ചതായിട്ടാണ് പരാതിയില്‍ പറയുന്നത്. കരമന പോലീസ് എടുത്ത കേസ് തൊടുപുഴ പോലീസിന് കൈമാറും. ജയസൂര്യയ്ക്ക് എതിരേ എടുത്ത രണ്ടാമത്തെ കേസാണ് ഇത്. കൊച്ചി സ്വദേശിനിയായ നടിയുടെ പരാതിയിലാണ് ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തത്. സെക്രട്ടറിയേറ്റിലെ സിനിമ ചിത്രീകരണത്തിനിടെ ശുചിമുറിയുടെ സമീപത്തുവെച്ച്‌ കടന്നുപിടിച്ച്‌ ലൈംഗികമായി അതിക്രമം നടത്തിയെന്നാണ് പരാതി. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. ഈ കേസിലും അന്വേഷണം നടത്തും. ആദ്യകേസില്‍ ഇന്നലെ മൊഴിയെടുത്തിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ വര്‍ഷങ്ങള്‍ക്ക് മുമ്ബ് ജൂനിയര്‍ ആര്‍ട്ടിസ്റ്റായിരുന്ന സമയത്ത് ദുരനുഭവം ഉണ്ടായ കാര്യം നടി വെളിപ്പെടുത്തിയിരുന്നു. ഈ പരാതിയിലാണിപ്പോള്‍ പൊലീസ് കേസെടുത്തത്. തൃശൂര്‍…

സംസ്ഥാനത്ത് മഴ കനക്കുന്നു; തിരുവനന്തപുരത്തും എറണാകുളത്തും ശക്തമായ മഴ; കൊച്ചിയില്‍ വെള്ളക്കെട്ട്

കൊച്ചി: സംസ്ഥാനത്ത് മഴ കനക്കുന്നു. വിവിധ ജില്ലകളില്‍ മഴ തുടരുകയാണ്. രാവിലെ തന്നെ കൊച്ചിയിലും തിരുവനന്തപുരത്തും മഴ പെയ്യുന്നുണ്ട്. പെരുമ്ബാവൂരും കോതമംഗലം പ്രദേശത്തും മഴ ശക്തമാണ്. ഇടപ്പള്ളിയിലും മഴ ശക്തമായി പെയ്യുകയാണ്. എറണാകുളത്ത് പുലർച്ചെ മുതല്‍ ഇട വിട്ട് മഴ പെയ്യുകയാണ്. കൊച്ചിയില്‍ രാത്രിയിലും മഴ ഉണ്ടായിരുന്നു. അടുത്ത മൂന്ന് മണിക്കൂറില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. അതേ സമയം കോട്ടയം ജില്ലയില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോ മീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിക്കുന്നു. ഇന്ന് മൂന്ന് ജില്ലകളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളല്‍ യെല്ലോ അലർട്ടാണ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലർട്ടാണ്. അതി തീവ്ര ന്യൂന മർദ്ദം…

വാഹനത്തിലെ എംഎല്‍എ ബോര്‍ഡ് നീക്കി മുകേഷ്; യാത്ര കനത്ത സുരക്ഷയില്‍

തിരുവനന്തപുരം: വാഹനത്തിലെ എംഎല്‍എ ബോര്‍ഡ് മാറ്റി മുകേഷ്. ബോര്‍ഡ് നീക്കിയ വാഹനത്തിലാണ് രാവിലെ തിരുവനന്തപുരത്തെ വീട്ടില്‍ നിന്നും മുകേഷ് യാത്ര തിരിച്ചത്. കനത്ത പൊലീസ് സുരക്ഷയിലാണ് യാത്ര. എന്നാല്‍ എവിടേക്കാണ് എംഎല്‍എയുടെ യാത്ര എന്നതില്‍ വ്യക്തതയില്ല. ലൈംഗികാതിക്രമ പരാതിയില്‍ കേസെടുത്തതിന് പിന്നാലെ മുകേഷിന്‍റെ രാജി ആവശ്യം ശക്തമാകുന്നതിനിടെയാണ് വാഹനത്തില്‍നിന്ന് ബോർഡ് നീക്കിയത്. വഴിയില്‍ പ്രതിഷേധമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് ബോർഡ് മാറ്റിയതെന്നും സൂചനയുണ്ട്.

വനിതാ ഡോക്ടര്‍ ആത്മഹത്യ ചെയ്തുവെന്ന് മാതാപിതാക്കളെ അറിയിക്കുന്ന ശബ്ദരേഖ പുറത്ത് ; ആര്‍ ജി കര്‍ മെഡിക്കല്‍ കോളേജിനെതിരെ കൂടുതല്‍ തെളിവുകള്‍

യുവ ഡോക്ടര്‍ ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ ആര്‍ ജി കര്‍ മെഡിക്കല്‍ കോളേജിനെതിരായ കൂടുതല്‍ തെളിവുകള്‍ പുറത്ത്. വനിതാ ഡോക്ടര്‍ ആത്മഹത്യ ചെയ്തുവെന്ന് മാതാപിതാക്കളെ അറിയിക്കുന്ന ശബ്ദരേഖയാണ് പുറത്ത് വന്നത്.മെഡിക്കല്‍ കോളേജ് അസിസ്റ്റന്റ് സൂപ്രണ്ടാണ് മാതാപിതാക്കളെ വിളിച്ചത്. മൂന്ന് തവണയാണ് മെഡിക്കല്‍ കോളേജില്‍ നിന്നും കുടുംബത്തെ വിളിച്ചത്. ആത്മഹത്യയെന്ന് പറഞ്ഞതിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നാണ് ഉയരുന്ന ആരോപണം.ഡോക്ടറുടെ പിതാവും ആര്‍ജി കാര്‍ ആശുപത്രിയിലെ അസിസ്റ്റന്റ് സൂപ്രണ്ടും തമ്മിലുള്ള സംഭാഷണത്തില്‍ ”മകള്‍ക്ക് സുഖമില്ല, ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നു” എന്ന് പറയുന്നു. പിന്നീടുള്ള ശബ്ദരേഖയില്‍ യുവതി ആത്മഹത്യ ചെയ്തതാണെന്നും വേഗം ആശുപത്രിയില്‍ എത്തണമെന്നുമാണ് മാതാപിതാക്കളോട് പറയുന്നത്.ഓഗസ്റ്റ് ഒന്‍പതിനായിരുന്നു കേസിനാസ്പദമായ സംഭവം. പി ജി വിദ്യാര്‍ത്ഥിയായ ഡോകടറുടെ മൃതദേഹം അര്‍ധനഗ്‌നമായ നിലയില്‍ ആശുപത്രിയിലെ സെമിനാര്‍ ഹാളില്‍ നിന്ന് കണ്ടെത്തുകയായിരുന്നു

വിഷാംശം ഉള്ളില്‍ ചെന്ന് ഗൃഹനാഥന്‍ മരിച്ചു; അരളിയിലയുടെ ജ്യൂസ് കഴിച്ചെന്ന് ബന്ധുക്കള്‍

മൂലവട്ടത്ത് വിഷാംശം ഉള്ളില്‍ ചെന്ന് ഗൃഹനാഥന്‍ മരിച്ചു. മുപ്പായിപാടത്ത് വിദ്യാധരന്‍(63) ആണ് മരിച്ചത്. അരളിയില കഴിച്ചാണ് മരണം എന്നാണ് ഉയരുന്ന സംശയം. വിദ്യാധരന്‍ അരളിയിലയുടെ ജ്യൂസ് കഴിച്ചെന്ന് ബന്ധുക്കള്‍ പറഞ്ഞു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നേരത്തേ ഹരിപ്പാട് പള്ളിപ്പാട് സ്വദേശിനി സൂര്യ സുരേന്ദ്രന്‍ അരളിപ്പൂവ് കഴിച്ച്‌ മരിച്ചിരുന്നു. മെഡിക്കല്‍ പഠനത്തിനായി യു കെയിലേക്ക് പോകാനിറങ്ങിയ സൂര്യ ഫോണ്‍ ചെയ്യുന്നതിനിടെ വീട്ടുമുറ്റത്തെ അരളി ചെടിയുടെ ഇലയും പൂവ് വായിലിട്ട് ചവച്ചിരുന്നു. പെട്ടെന്ന് തുപ്പിക്കളഞ്ഞെങ്കിലും വിമാനത്താവളത്തിലേക്കുള്ള യാത്രാമധ്യേ പെണ്‍കുട്ടിക്ക് ഛര്‍ദ്ദിയും അസ്വസ്ഥതയും അനുഭവപ്പെട്ടു. വിമാനത്താവളത്തില്‍ ചെക്ക് ഇന്‍ ചെയ്യുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് അരളിപ്പൂവിന്റെ അപകടം സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമായിരുന്നു.

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ ; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്തെ 11 ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, ജില്ലകളില്‍ യെല്ലോ അലര്‍ട്ട് മുന്നറിയിപ്പും പ്രഖ്യാപിച്ചിട്ടുണ്ട്. കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്.