ബ്രഹ്മോസിന് പിന്നാലെ സുഖോയ് യുദ്ധവിമാനങ്ങള്‍ കയറ്റുമതി ചെയ്യാൻ ഇന്ത്യ ; ഒപ്പമുണ്ടാകുമെന്ന് റഷ്യ

ബ്രഹ്മോസ് മിസൈല്‍ യൂണിറ്റുകളുടെ കയറ്റുമതിയ്‌ക്ക് പിന്നാലെ സുഖോയ് യുദ്ധവിമാനങ്ങളും കയറ്റി അയക്കാൻ ഒരുങ്ങി ഇന്ത്യ. വ്യോമസേനയുടെ കയ്യിലുള്ള യുദ്ധവിമാനങ്ങളില്‍ ഏറ്റവും മികച്ചതാണ് സുഖോയ് എസ്യു – 30എംകെഐ വിമാനങ്ങള്‍. ഇന്ത്യയില്‍ സുഖോയ് എസ്യു-30എംകെഐയുടെ ഉത്പാദനം പുനരാരംഭിച്ച്‌ മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനാണ് തീരുമാനം. ഇന്ത്യൻ എയർക്രാഫ്റ്റ് നിർമ്മാതാക്കളായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡും,റഷ്യൻ സുഖോയിസും ഇതുമായി ബന്ധപ്പെട്ട് ചർച്ചകള്‍ നടത്തുന്നതായി പ്രതിരോധ വൃത്തങ്ങള്‍ വ്യക്തമാക്കി. ഇന്ത്യയുടെ ഉല്‍പ്പാദന ശ്രമത്തെ പിന്തുണയ്‌ക്കാനാണ് റഷ്യയുടെ തീരുമാനം . പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റഷ്യൻ സന്ദർശന വേളയിലാണ് കയറ്റുമതി ഉല്‍പാദനത്തിന് ഇരുരാജ്യങ്ങളും യോജിച്ച്‌ പ്രവർത്തിക്കാമെന്ന് ധാരണയായത് . നാസിക്കിലെ എയർക്രാഫ്റ്റ് ഓവർഹോള്‍ ഡിവിഷൻ IAF-ന്റെ ഇൻവെൻ്ററിയിലുള്ള മിഗ് സീരീസ് യുദ്ധവിമാനങ്ങളുടെയും Su-30MKI-കളുടെയും അറ്റകുറ്റപ്പണികളും പുനരുദ്ധാരണവും തുടരും. അതിശക്തമായ ബ്രഹ്മോസ് വഹിക്കാൻ ശേഷിയുള്ള ഒരേയൊരു ഐഎഎഫ് യുദ്ധവിമാനമാണിത്. റഷ്യയില്‍ നിന്ന് ബാച്ചുകളിലായി 272 Su-30…

ആമയിഴഞ്ചാൻ തോട് അപകടം: തിരുവനന്തപുരത്തെ ബി ജെ പി മാര്‍ച്ചില്‍ സംഘര്‍ഷം

തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട്ടിലെ അപകടത്തില്‍ പ്രതിഷേധിച്ച്‌ ബി ജെ പി നടത്തിയ മാർച്ചില്‍ സംഘർഷം. തിരുവനന്തപുരം കോര്‍പ്പറേഷന്‍റെ അനാസ്ഥ ആരോപിച്ച്‌ നടത്തിയ മാർച്ചിലാണ് സംഘർഷമുണ്ടായത്. ബാരിക്കേഡ് ഉപയോഗിച്ച്‌ പോലീസ് മാർച്ച്‌ തടയുകയുണ്ടായി. പ്രവർത്തജർ ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിക്കുകയുണ്ടായി. തുടർന്ന് പൊലീസിന് പലതവണ ജലപീരങ്കി ഉപയോഗിക്കേണ്ടി വന്നു. എന്നിട്ടും ഇവർ പിരിഞ്ഞു പോകാൻ തയ്യാറാകാതെ വരികയും തുടർന്ന് ഇരുവിഭാഗവും തമ്മില്‍ ഉന്തും തള്ളും ആവുകയുമായിരുന്നു. നിലവില്‍ പ്രവർത്തകർ ബാരിക്കേഡിന് മുന്നില്‍ കൂടിനിന്ന് മുദ്രാവാക്യം വിളിച്ച്‌ പ്രതിഷേധിക്കുകയാണ്.

അതിശക്തമായ മഴ: ഇന്ന് സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായ രീതിയില്‍ തുടരുമെന്ന് മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് കേരളത്തിലെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. ഓറഞ്ച് അലർട്ടുള്ളത് 10 ജില്ലകളിലും,യെല്ലോ അലർട്ടുള്ളത് നാല് ജില്ലകളിലുമാണ്. യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ്. ബാക്കിയുള്ള ജില്ലകളിലെല്ലാം ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ശക്തമായ മഴ മൂലം മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ എന്നീ അപകടങ്ങള്‍ ഉണ്ടാകാൻ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ക്ക് ജാഗ്രതാ നിർദേശം നല്‍കിയിട്ടുണ്ട്. ന്യൂനമർദ്ദപാത്തി വടക്കൻ കേരള തീരം മുതല്‍ ഗുജറാത്ത് തീരം വരെ സ്ഥിതി ചെയ്യുന്നുണ്ട്. അതിനാല്‍ അടുത്ത അഞ്ചു ദിവസം മഴ വ്യാപകമായി തുടരാൻ സാധ്യതയുണ്ട്. കേരള കർണ്ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ അതിശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. അതിനാല്‍ തീരദേശവാസികള്‍ ജാഗ്രത പാലിക്കണം. ഇതോടൊപ്പം മല്‍സ്യബന്ധനത്തിനേർപ്പെടുത്തിയ വിലക്ക് തുടരുന്നതായിരിക്കും.

‘വിഷം അകത്ത് ചെന്നിട്ടില്ല’, രോഗിക്ക് കൂട്ടിരിക്കാൻ വന്ന് പാമ്ബ് കടിയേറ്റ യുവതിയുടെ ആരോഗ്യത്തെ കുറിച്ച്‌ സൂപ്രണ്ട്

പാലക്കാട്‌: ചിറ്റൂരില്‍ ആശുപത്രിയില്‍ വെച്ച്‌ യുവതിക്ക് പാമ്ബ് കടിയേറ്റ സംഭവത്തില്‍ പരിശോധന റിപ്പോർട്ട്‌ പുറത്ത്. യുവതിയുടെ ശരീരത്തില്‍ വിഷാംശം എത്തിയിട്ടില്ലെന്നാണ് പരിശോധന റിപ്പോർട്ടില്‍ പറയുന്നത്. രണ്ട് തവണ രക്തപരിശോധന നടത്തി വിഷാംശം ഇല്ലെന്ന് ഉറപ്പ് വരുത്തിയതായി ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി. പാമ്ബ് കടിച്ചിരിക്കാം, പക്ഷേ വിഷം ശരീരത്തില്‍ എത്തിയിട്ടില്ലെന്നും ജില്ലാ മെഡിക്കല്‍ ഓഫീസർ പറഞ്ഞു. വിഷമില്ലാത്ത പാമ്ബാണ് കടിച്ചതെന്ന സംശയത്തിലാണ് ജില്ലാ മെഡിക്കല്‍ ഓഫീസർ. യുവതി ഇപ്പോഴും പാലക്കാട്‌ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലെങ്കില്‍ ഇന്ന് ആശുപത്രി വിട്ടേക്കും. ഇന്നലെയാണ് പനിബാധിച്ച മകളുമായി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സക്കെത്തിയ യുവതിക്ക് പാമ്ബുകടിയേറ്റത്. പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ ഗവ. താലൂക്ക് ആശുപത്രിയിലാണ് സംഭവം. പുതുനഗരം കരിപ്പോട് സ്വദേശിനി ഗായത്രിയ്ക്കാണ് കൈയില്‍ പാമ്ബുകടിയേറ്റത്. തുടർന്ന് ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

തിരുവനന്തപുരം ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ സ്ഥാപകനായ ഡോ. എം.എസ്. വല്ല്യത്താൻ അന്തരിച്ചു

തിരുവനന്തപുരം: ഡോ. എം.എസ്. വല്ല്യത്താൻ അന്തരിച്ചു. അന്ത്യം സംഭവിച്ചത് മണിപ്പാലില്‍ വച്ചായിരുന്നു. അദ്ദേഹം തിരുവനന്തപുരം ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ സ്ഥാപകനായിരുന്നു. അതോടൊപ്പം മണിപ്പാല്‍ യൂണിവേഴ്സിറ്റിയുടെ സ്ഥാപക വൈസ് ചാൻസലറുമായിരുന്നു. രാജ്യം പത്മ ശ്രീയും പത്മവിഭൂഷണും നല്‍കി ആദരിച്ച വ്യക്തിയാണ് ഡോ. എം എസ് വല്ല്യത്താൻ. ഹൃദയ ശസ്ത്രക്രിയ രംഗത്തെ വിദഗ്ധനായിരുന്ന അദ്ദേഹം, മാവേലിക്കര രാജകുടുംബാംഗം കൂടിയാണ്.

ഗുജറാത്തില്‍ കടുത്ത ആശങ്കയായി ചാന്ദിപുര വൈറസ്; മരിച്ചത് 15 പേര്‍, കൂടുതല്‍ പേരിലേക്ക് രോഗം പടരുന്നു

അഹമ്മദാബാദ്: ഗുജറാത്തില്‍ ചാന്ദിപുര വൈറസ് ബാധിച്ച്‌ മരിക്കുന്നവരുടെ എണ്ണം ഉയരുന്നു. പൂണെയിലെ നാഷണല്‍ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് വൈറസ് ബാധിച്ച ഒരു കുട്ടിയുടെ മരണം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് കൂടുതല്‍ പേർ സമാന രോഗലക്ഷണങ്ങളോടെ മരിച്ചുവെന്ന് റിപ്പോർട്ടുകള്‍ പുറത്ത് വരുന്നത്. 12ഓളം ജില്ലകളില്‍ നിലവില്‍ രോഗബാധയുണ്ടെന്നാണ് ഗുജറാത്ത് സർക്കാർ അറിയിച്ചിരിക്കുന്നത്. ഗുജറാത്ത് ആരോഗ്യവകുപ്പിന്റെ കണക്ക് പ്രകാരം 29 പേരില്‍ ഇതുവരെ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 15 പേർ മരിക്കുകയും ചെയ്തു. എന്നാല്‍, പൂണെയിലെ വൈറോളജി ലാബില്‍ പരിശോധന നടത്തിയാല്‍ മാത്രമേ മരണങ്ങള്‍ക്ക് പിന്നില്‍ ചാന്ദിപുര വൈറസാണെന്ന് സ്ഥിരീകരിക്കാനാവു. ആരവല്ലി ജില്ലയില്‍ അഞ്ച് വയസുകാരിയുടെ മരണത്തിനിടയാക്കിയത് ചാന്ദിപുര വൈറസാണ് പൂണെയിലെ വൈറോളജി ലാബ് സ്ഥിരീകരിച്ചിരുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ പേർക്ക് രോഗം സ്ഥിരീകരിക്കാൻ സാധ്യതയുണ്ടെന്നാണ് ആരോഗ്യപ്രവർത്തകർ നല്‍കുന്ന മുന്നറിയിപ്പ്. കൂടുതല്‍ ജില്ലകളില്‍ രോഗബാധ പടരുന്ന സാഹചര്യത്തിലാണിത്. അഹമ്മദാബാദ് ഉള്‍പ്പടെയുള്ള നഗരങ്ങളിലും രോഗം…

റീല്‍സ് ചിത്രീകരിക്കുന്നതിനിടെ 300 അടി താഴ്ചയിലേക്ക് വീണു, ട്രാവല്‍ വ്ളോഗര്‍ക്ക് ദാരുണാന്ത്യം

മുംബയ്: സോഷ്യല്‍ മീഡിയ ഇൻഫ്ളുവൻസറും ട്രാവല്‍ വ്‌ളോഗറുമായ യുവതി റീല്‍സ് ചിത്രീകരിക്കുന്നതിനിടെ 300 അടി താഴ്ചയിലേക്ക് വീണുമരിച്ചു. മുംബയിലെ മുളുന്ദ് സ്വദേശിനിയായ അൻവി കാംദാറാണ് (27) മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച്ചയായിരുന്നു സംഭവം. റായ്ഗഡ് ജില്ലയിലെ മനഗോണിലെ കുംഭെ വെളളച്ചാട്ടത്തിന് സമീപത്തുളള മലയിടുക്കിലാണ് യുവതി കാല്‍വഴുതി വീണത്. സുഹൃത്തുക്കളോടൊപ്പം അൻവി അവധിക്കാലം ചെലവഴിക്കാനെത്തിയപ്പോഴായിരുന്നു സംഭവം നടന്നതെന്ന് പൊലീസ് അറിയിച്ചു. അപകടം സംഭവിച്ചയുടൻ തന്നെ അൻവിയുടെ സുഹൃത്തുക്കള്‍ പൊലീസിനെയും നാട്ടുകാരെയും വിവരം അറിയിക്കുകയായിരുന്നു. കോസ്റ്റ്ഗാർഡിന്റെ സഹായവും തേടി. ഇതിനിടെ പ്രദേശത്ത് പെയ്ത കനത്ത മഴ രക്ഷാപ്രവർത്തനത്തെ കാര്യമായി ബാധിച്ചു. ആറ് മണിക്കൂർ നീണ്ട രക്ഷാ പ്രവർത്തനങ്ങള്‍ക്കൊടുവിലാണ് അൻവിയെ പുറത്തെടുത്തത്. വീഴ്ചയില്‍ ഗുരുതരമായി പരുക്കേറ്റ യുവതിയെ മനഗോണ്‍ സർക്കാർ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ രണ്ടര ലക്ഷത്തിലധികം ഫോളോവേഴ്സുളള താരമാണ് അൻവി. ദി ഗ്ലോക്കല്‍ ജേണല്‍ എന്ന പേരിലാണ്…