രാജ്യത്തിന് വേണ്ടി ജീവൻ ബലിയര്‍പ്പിച്ച ധീരജവാൻ ; വിഷ്ണുവിന് ജന്മനാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

തിരുവനനന്തപുരം: ഛത്തീസ്ഗഡില്‍ വീരമൃത്യു വരിച്ച സിആർപിഎഫ് ജവാൻ വിഷ്ണുവിന് യാത്രാമൊഴി നല്‍കി ജന്മനാട്. തിരുവനന്തപുരം പാലോട് നന്ദിയോടുള്ള വീട്ടിലാണ് അന്ത്യ കർമങ്ങള്‍ നടന്നത്. സൈനിക ബഹുമതികളോടെയായിരുന്നു സംസ്കാര ചടങ്ങുകള്‍ നടന്നത്. രാജ്യത്തിന് വേണ്ടി ജീവൻ നല്‍കിയ ധീരജവാന് നാടും നാട്ടുകാരും ചേർന്ന് യാത്രാമൊഴി നല്‍കി. ആയിരങ്ങളാണ് അന്ത്യാഞ്ജലി അർപ്പിക്കാനായെത്തിയത്. വലിയ സൗഹൃദ വലയമുള്ള വിഷ്ണുവിനെ അവസാനമായി ഒരുനോക്ക് കാണാനെത്തിയ സുഹൃത്തുക്കള്‍ സങ്കടം അടക്കാനാകാതെ പൊട്ടിക്കരഞ്ഞു. ഇന്ന് രാവിലെയാണ് വിഷ്ണുവിന്റെ മൃതദേഹം തിരുവനന്തപുരത്തെത്തിച്ചത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നേരിട്ടെത്തി അന്ത്യാഞ്ജലി അർപ്പിച്ചു. തുടർന്ന് പാലോടേക്ക് കൊണ്ടുപോയി. പഞ്ചായത്ത്, വിഷ്ണു പഠിച്ച എസ്കെവി സ്കൂള്‍ എന്നിവിടങ്ങളില്‍ പൊതുദർശനമുണ്ടായിരുന്നു. അടുത്ത മാസം നാട്ടിലേക്ക് വരാനിരിക്കെയായിരുന്നു വിഷ്ണു ഓർമയായത്. സ്വന്തമായി പണികഴിപ്പിച്ച വീട്ടിലേക്ക് കുടുംബത്തോടൊപ്പം താമസിക്കണമെന്ന ആഗ്രഹം ബാക്കിവച്ചാണ് വിഷ്ണുവിന്റെ മടക്കം.

മലബാറിലെ പ്ലസ് വണ്‍ സീറ്റ് ക്ഷാമം; പരിഹരിക്കാൻ അധിക ബാച്ച്‌ അനുവദിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: മലബാറിലെ പ്ലസ് വണ്‍ സീറ്റ് ക്ഷാമം പരിഹരിക്കാൻ അധിക ബാച്ച്‌ അനുവദിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇത് സംബന്ധിച്ച്‌ തീരുമാനമെടുക്കാൻ രണ്ടംഗ സമിതിയെ ചുമതലപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. മലപ്പുറം 7478 സീറ്റുകളുടെയും കാസർകോട് 252 സീറ്റുകളുടെയും പാലക്കാട് 1757 സീറ്റുകളുടെയും കുറവാണ് ഉള്ളത്. മലപ്പുറത്ത്‌ 7 താലൂക്കില്‍ സയൻസ് സീറ്റ് അധികവും കൊമേഴ്സ്‌, ഹ്യൂമാനീറ്റിസ് സീറ്റുകള്‍ കുറവുമാണ്. മലപ്പുറത്ത് പുതിയ താല്‍ക്കാലിക ബാച്ച്‌ അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു. അധിക ബാച്ച്‌ തീരുമാനിക്കാൻ നിയോഗിച്ച രണ്ടംഗ സമിതി ജൂലായ്‌ 5 നുള്ളില്‍ റിപ്പോർട്ട് നല്‍കും. അതിൻറെ അടിസ്ഥാനത്തില്‍ പ്രവേശനം നടത്താനാണ് തീരുമാനമെന്നും മന്ത്രി അറിയിച്ചു. ക്ലാസ് നഷ്ടമാകുന്നവർക്ക് ബ്രിഡ്ജ് കോഴ്സ് നല്‍കുമെന്നും വി ശിവൻകുട്ടി വ്യക്തമാക്കി. വിദ്യാർത്ഥി സംഘടനകളുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെജ്രിവാളിന് തിരിച്ചടി: മദ്യനയക്കേസിലെ ജാമ്യത്തിനുള്ള സ്റ്റേ തുടരുമെന്നറിയിച്ച്‌ ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് കനത്ത തിരിച്ചടിയായി ജയിലില്‍ തുടരേണ്ടി വരും. ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കിയത് അദ്ദേഹത്തിനുള്ള മദ്യനയക്കേസിലെ ജാമ്യം അനുവദിച്ചു കൊണ്ടുള്ള വിചാരണക്കോടതി ഉത്തരവിൻ്റെ ഇടക്കാല സ്‌റ്റേ തുടരുമെന്നാണ്. കെജ്‌രിവാളിന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിറക്കിയത് ഡല്‍ഹി റോസ് അവന്യൂ കോടതിയിലെ അവധിക്കാല ബെഞ്ചാണ്. കോടതി ഇതിനെതിരെ ഇ ഡി നല്‍കിയ അപ്പീല്‍ പരിഗണിക്കുകയായിരുന്നു. അത് അവധിക്കാല ബെഞ്ച് പരിഗണിക്കേണ്ട വിഷയമല്ലെന്ന് പറഞ്ഞ കോടതി, ഇ ഡി അപേക്ഷ പരിഗണിക്കാന്‍ ഈ സാഹചര്യത്തില്‍ സമയം ആവശ്യമാണെന്നും കൂട്ടിച്ചേർത്തു. അതോടൊപ്പം, കോടതി വിചാരണക്കോടതി ഉത്തരവിലെ ചില നിരീക്ഷണങ്ങള്‍ ശരിയല്ലെന്നും പറയുകയുണ്ടായി. വിചാരണക്കോടതി പി എം എല്‍ എ സെക്ഷന്‍ 25 അനുസരിച്ചുള്ള എല്ലാ കാര്യങ്ങളും പരിഗണിച്ചിട്ടില്ലെന്ന് പറഞ്ഞ കോടതി, ഉണ്ടായത് ഇ ഡിയുടെ വാദങ്ങള്‍ മുഴുവന്‍ പരിഗണിച്ചു കൊണ്ടുള്ള വിധിയല്ലെന്നും നിരീക്ഷിക്കുകയുണ്ടായി.

മൂവാറ്റുപുഴയില്‍ ടി.വി ദേഹത്തേക്ക് മറിഞ്ഞുവീണ് ഒന്നരവയസുകാരന് ദാരുണാന്ത്യം

മൂവാറ്റുപുഴ: ടി.വി ദേഹത്തേക്ക് മറിഞ്ഞുവീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം. പായിപ്ര മൈക്രോ ജങ്ഷൻ പൂവത്തുംചുവട്ടില്‍ അനസിന്‍റെ മകൻ അബ്ദുല്‍ സമദാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 9.30ഓടെയാണ് സംഭവം. സ്റ്റാൻ്റിനൊപ്പം ടി.വി കുഞ്ഞിന്‍റെ ദേഹത്തേക്ക് മറിഞ്ഞുവീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ പേഴയ്ക്കാപ്പിള്ളിയിലെ സ്വകാര്യ ആശുപതിയിലും തുടർന്ന് ആസ്റ്റർ മെഡിസിറ്റിയിലും പ്രവേശിപ്പിച്ചങ്കിലും പുലർച്ചെ മരിച്ചു. മാതാവ്: നസിയ.

അങ്കണവാടി കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് വീണ് നാലു വയസുകാരിക്ക് ഗുരുതര പരിക്ക്

ഇടുക്കി: ഇടുക്കി കല്ലാറില്‍ അങ്കണവാടി കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് വീണ് നാലു വയസുകാരിക്ക് ഗുരുതര പരിക്ക്. ഇന്നലെ ഉച്ച കഴിഞ്ഞാണ് സംഭവം നടന്നത്. 20 അടിയോളം താഴ്ചയിലേക്ക് വീണതിനെ തുടർന്ന് കുട്ടിയുടെ തലയ്ക്ക് ഗുരുതര പരിക്കേറ്റു. കുട്ടിയെ രക്ഷിക്കാൻ താഴേക്ക് ചാടിയ അങ്കണവാടി അധ്യാപികയ്ക്കും പരിക്കേറ്റിട്ടുണ്ട്. കുട്ടി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ആൻ്റോ-അനീഷ ദമ്ബതികളുടെ മകള്‍ മെറീന ആണ് അപകടത്തില്‍പ്പെട്ടത്. അങ്കണവാടി പ്രവര്ത്തിക്കുന്നത് കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ്. 2018ലെ പ്രളയത്തില് കെട്ടിടത്തില് വെള്ളം കയറിയതിനെ തുടര്ന്നാണ് അങ്കണവാടി മുകളിലേക്ക് മാറ്റുന്നത്. താഴത്തെ നിലയിലാണ് കുട്ടികള്ക്ക് ഭക്ഷണം നല്കുന്നത്. മുകളിലത്തെ നിലയില് ഓടിക്കളിക്കുന്നതിന് ഇടയിലാണ് കുട്ടി താഴേക്ക് തെന്നി വീണത്. കുട്ടി വീഴുന്നത് കണ്ട് അധ്യാപികയും എടുത്തുചാടി. ഇവര്ക്കും പരിക്കേറ്റിട്ടുണ്ട്. കുഞ്ഞിന്റെ തലയോട്ടിയില് പൊട്ടലുണ്ടെന്ന് അച്ഛന് പറഞ്ഞു. വളരെ അപകടകരമായ രീതിയിലാണ് കെട്ടിടത്തിന്റെ…

മത്സരം നടക്കുന്നത് ചരിത്രത്തിലാദ്യം; ഓം ബിര്‍ള‌യ്‌ക്കെതിരെ കൊടിക്കുന്നില്‍ സുരേഷ്

ന്യൂഡല്‍ഹി: ലോക്‌സഭാ സ്‌പീക്കർ സ്ഥാനത്തേക്ക് ഓം ബിർളയെ വീണ്ടും സ്ഥാനാർത്ഥിയാക്കാൻ ഒരുങ്ങി എൻഡിഎ. ബിജെപി അംഗമായ ഓം ബിർളയായിരുന്നു കഴിഞ്ഞ ലോക്‌സഭയിലും സ്‌പീക്കർ. രാജസ്ഥാനിലെ കോട്ടയിലെ എംപിയാണ് ബിർള. അദ്ദേഹം ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കുമെന്നാണ് വിവരം. കോണ്‍ഗ്രസ് നേതാവും മാവേലിക്കര എംപിയുമായ കൊടിക്കുന്നില്‍ സുരേഷും സ്‌പീക്കർ സ്ഥാനത്തേക്ക് നാമനിർദേശ പത്രിക നല്‍കിയിട്ടുണ്ട്. ഇതോടെ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ലോക്‌സഭാ സ്‌പീക്കർ പദവിയിലേക്ക് മത്സരത്തിന് വഴിയൊരുങ്ങുകയാണ്. സ്‌പീക്കർ സ്ഥാനത്തേക്ക് കടുത്ത മത്സരം നടക്കുമെന്ന കാര്യം ഇതോടെ ഉറപ്പായിരിക്കുകയാണ് നേരത്തെ സ്‌പീക്കർ സ്ഥാനത്തേക്ക് ഇന്ത്യ സഖ്യം മത്സരിക്കില്ലെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. ഇത് തള്ളിയാണ് കൊടിക്കുന്നില്‍ സുരേഷ് പത്രിക സമർപ്പിച്ചിരിക്കുന്നത്. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, പാർലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു എന്നിവർ ഡപ്യൂട്ടി സ്പീക്കർ സ്ഥാനത്തെക്കുറിച്ച്‌ ചർച്ച നടത്തിയെങ്കിലും സമവായമായില്ല. ഏറ്റവും സീനിയർ ആയ കോണ്‍ഗ്രസ് എം പി…

കോഴിക്കോട് ചികിത്സയിലിരുന്ന 13കാരി മരിച്ചത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചെന്ന് റിപ്പോര്‍ട്ട്

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച്‌ മരണം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച പെണ്‍കുട്ടിയ്ക്ക് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. കണ്ണൂര്‍ തോട്ടടയിലെ രാഗേഷ് ബാബുവിന്റേയും ധന്യ രാഘേഷിന്റേയും മകള്‍ ദക്ഷിണ (13)യ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. ജൂണ്‍ 12-ന് ആണ് കുട്ടി മരിച്ചത്. മരണ കാരണം അത്യപൂര്‍വ്വ അമീബയെന്നാണ് പരിശോധനാ ഫലം. തലവേദനയും ചര്‍ദ്ദിയും ബാധിച്ച്‌ കണ്ണൂര്‍ ചാലയിലെ സ്വകാര്യ ആശുപത്രിയിലാണ് കുട്ടി ആദ്യം ചികിത്സ തേടിയത്. പിന്നീട് ആരോഗ്യസ്ഥിതി മോശമായതോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സ്‌കൂളില്‍ നിന്ന് മൂന്നാറിലേക്ക് പഠനയാത്ര പോയ സമയത്ത് കുട്ടി പൂളില്‍ കുളിച്ചിരുന്നു. ഇതാണ് രോഗബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.സാധാരണ അമീബ ശരീരത്തില്‍ പ്രവേശിച്ചാല്‍ അഞ്ച് ദിവസംകൊണ്ട് രോഗ ലക്ഷണങ്ങള്‍ കാണുകയും വളരെ പെട്ടന്നുതന്നെ ആരോഗ്യസ്ഥിതി മോശമാവുകയും ചെയ്യാറാണ് പതിവെങ്കില്‍, ഈ കുട്ടിയ്ക്ക് പൂളില്‍ കുളിച്ച്‌…

ഉഴുന്നുവടയില്‍ ചത്ത തവള; ഷൊര്‍ണൂര്‍ നഗരസഭയിലെ ഹോട്ടലുകളില്‍ വ്യാപക പരിശോധന

ഷൊർണൂർ: നഗരസഭ ആരോഗ്യവിഭാഗം എൻഫോഴ്സ്മെന്‍റ് സ്ക്വാഡ് ഹോട്ടലുകളിലും എണ്ണക്കടികള്‍ ഉണ്ടാക്കുന്ന സ്ഥാപനങ്ങളിലും വ്യാപക പരിശോധന നടത്തി. പഴകിയ ഭക്ഷണ പദാർഥങ്ങള്‍ കണ്ടെത്തിയതും വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവർത്തിക്കുന്നതുമായ ഹോട്ടലുകള്‍ പൂട്ടിച്ചു. നഗരസഭ പരിധിയില്‍ ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചതിലും റെയില്‍വേ സ്റ്റേഷനില്‍ നിന്നും വാങ്ങിയ ഉഴുന്നുവടയില്‍ ചത്ത തവളയെ കണ്ട സാഹചര്യത്തിലുമാണ് നടപടി. ഷൊർണൂർ ടൗണിലെ ബാലാജി ഹോട്ടല്‍, റെയില്‍വേ സ്റ്റേഷൻ പരിസരത്തും തെക്കേ റോഡിലുമുള്ള എണ്ണക്കടികള്‍ ഉണ്ടാക്കുന്ന സ്ഥാപനങ്ങള്‍ എന്നിവയാണ് പൂട്ടിച്ചത്. ഈ സ്ഥാപനങ്ങളെല്ലാം റെയില്‍വേ സ്റ്റാളുകളിലേക്ക് ഭക്ഷണസാധനങ്ങള്‍ നല്‍കുന്നവയാണ്. ഭക്ഷ്യയോഗ്യമല്ലാത്തതും തലേദിവസം പാചകം ചെയ്തതുമായ ബീഫ്, മീൻകറി, പഴകിയ ചപ്പാത്തി, കാലാവധി കഴിഞ്ഞ ദോശമാവ് എന്നിവയാണ് ബാലാജി ഹോട്ടലില്‍ കണ്ടെത്തിയത്. ദിവസങ്ങളോളം ഉപയോഗിച്ച കറുത്ത നിറത്തിലുള്ള എണ്ണയും കണ്ടെത്തി. വൃത്തിഹീനമായ അടുക്കളയാണ് എല്ലാ സ്ഥാപനങ്ങളിലുമുള്ളത്. അടുക്കളയില്‍ മലിനജലം കെട്ടി നില്‍ക്കുന്നതായും മാലിന്യം കൂട്ടിയിട്ടിരുന്നതായും ക്ലീൻ സിറ്റി മാനേജർ പറഞ്ഞു.…

പാലക്കാട് നിന്നും കാണാതായ 3 കുട്ടികളെ വയനാട് പുല്‍പ്പള്ളിയില്‍ നിന്നും കണ്ടെത്തി

പാലക്കാട് പത്തിരിപ്പാലയില്‍ കാണാതായ 3 വിദ്യാര്‍ത്ഥികളെ കണ്ടെത്തി. വയനാട് പുല്‍പ്പള്ളിയില്‍ നിന്ന് രാത്രിയാണ് ഇവരെ കണ്ടെത്തിയത്. 10ാം ക്ലാസ് വിദ്യാര്‍ത്ഥികളായ അതുല്‍ കൃഷ്ണ, ആദിത്യന്‍, ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി അനിരുദ്ധ് എന്നിവരെയാണ് ഇന്നലെ കാണാതായത്. 2000 രൂപയുമായാണ് കുട്ടികള്‍ വീട് വിട്ടിറങ്ങിയത്. രാവിലെ സ്‌കൂളിലേക്ക് പോയ കുട്ടികള്‍ സ്‌കൂളില്‍ എത്തിയിരുന്നില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് രക്ഷിതാക്കള്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇപ്പോള്‍ കുട്ടികളെ കണ്ടെത്തിയത്.

ശക്തമായ മഴ തുടരും; 9 ജില്ലകളില്‍ മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് ശക്തമായ മഴ തുടരാന്‍ സാധ്യത. മധ്യ കേരളത്തിലും വടക്കന്‍ കേരളത്തിലും മലയോര മേഖലയിലും മഴ കനക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് 9 ജില്ലകളില്‍ മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ 9 ജില്ലകളില്‍ മഴമുന്നറിയിപ്പുണ്ട്. തെക്കന്‍ കേരള തീരത്ത് കാലവര്‍ഷ കാറ്റിന്റെ വേഗത മണിക്കൂറില്‍ പരമാവധി 60 മുതല്‍ 65 കിലോമീറ്റര്‍ വരെ ശക്തിയാര്‍ജിച്ചിട്ടുണ്ട്.