ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്‍റെ ലോറി ഉടമ മനാഫിനെതിരെ ആരോപണങ്ങളുമായി കഴിഞ്ഞ ദിവസമാണ് അർജുന്റെ കുടുംബം രംഗത്തെത്തിയത്.
മനാഫിന്റെ യൂട്യൂബ് ചാനലിലൂടെ തങ്ങളുടെ വൈകാരികത വിറ്റു കാശാക്കുകയാണ് ചെയ്യുന്നതെന്നാണ് അർജുന്റെ കുടുംബത്തിന്റെ ആരോപണം ഉന്നയിച്ചത്. എന്നാല്‍ ആരോപണങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നതിന് പിന്നാലെ മനാഫിന്‍റെ യൂട്യൂബ് ചാനലിനെ പിന്തുണച്ച് നിരവധി ആളുകളാണ് രംഗത്തെത്തിയത്. സബ്സ്ക്രൈബേഴ്സ് 150k കടക്കുകയും ചെയ്തു. അർജുന്റെ രക്ഷാപ്രവര്‍ത്തനത്തിന്‍റെ വിവരങ്ങള്‍ മനാഫ് പങ്കുവച്ചിരുന്ന യൂട്യൂബ് ചാനലിന്‍റെ സബ്സ്ക്രൈബേഴ്സാണ് ഒറ്റ ദിവസം കൊണ്ട് ലക്ഷങ്ങള്‍ കടന്നത്.
കുടുംബത്തെ കുറിച്ച് അസത്യം പ്രചരിപ്പിക്കുന്നുവെന്നും പലയിടങ്ങളില്‍ നിന്നും അര്‍ജുന്‍റെ പേരില്‍ ഫണ്ട് സ്വരൂപിക്കുന്നുവെന്നും അര്‍ജുന്‍റെ സഹോദരീഭര്‍ത്താവ് ജിതിനും അര്‍ജുന്‍റെ സഹോദരന്‍ അഭിജിത്തും ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ താന്‍ ഒരു ഫണ്ടും വാങ്ങിയിട്ടില്ലെന്നും കുറ്റം തെളിഞ്ഞാല്‍ മാനാഞ്ചിറ മൈതാനത്ത് വന്ന് നില്‍ക്കാം, കല്ലെറിഞ്ഞ് കൊന്നോളൂവെന്നുമായിരുന്നു മനാഫിന്‍റെ പ്രതികരണം.
രാഷ്ട്രീയ- വര്‍ഗീയ ലക്ഷ്യങ്ങളാണ് കുടുംബത്തെ കൊണ്ട് ഇത്തരത്തിലൊരു ആരോപണം ഉന്നയിപ്പിക്കുന്നവര്‍ക്ക് പിന്നിലെന്നതാണ് പ്രധാനമായി ഉയര്‍ന്നു വന്ന ആരോപണം. ഇങ്ങനെയൊരു ചാനലുണ്ടെന്നറിയിച്ച കുടുംബത്തിന് നന്ദിയെന്നും അളിയന്‍റെ ഈഗോ കാരണം മനാഫ്ക്ക വീണ്ടും വലുതാവുകയാണെന്നുമെല്ലാം ആളുകള്‍ കമന്‍റ് ചെയ്തിട്ടുണ്ട്. മനാഫിന്‍റെ ഉദ്ദേശം വേറെയാണെങ്കില്‍ അര്‍ജുനെ കിട്ടിയതിന് ശേഷം വേറെ വിഡിയോ ഇട്ടേനെയെന്നും ചിലര്‍ കുറിച്ചു.
അതേസമയം, മനാഫ് സെല്‍ഫ് പ്രമോഷന്‍ സ്റ്റാറാണെന്നും അര്‍ജുന്‍റെ കുടുംബം അദ്ദേഹത്തെ തുറന്ന് കാണിക്കുമ്ബോള്‍ സമാധാനമെന്നും ചിലര്‍ പ്രതികരിച്ചിട്ടുണ്ട്. മനാഫ് ഇനിയും അര്‍ജുന്‍റെ കുടുംബത്തെ കുറിച്ച് ഒന്നും പറയരുതെന്ന് അഭിപ്രായമുള്ളവരുമുണ്ട്.
ലോറി ഉടമ മനാഫ് എന്ന പേരില്‍ തുടങ്ങിയിരിക്കുന്ന ചാനലില്‍ അര്‍ജുനെ കുറിച്ചുള്ള വൈകാരിക സംഭാഷണങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് വിഡിയോകളുള്ളത്. 13 ദിവസം മുന്‍പാണ് ചാനലില്‍ നിന്ന് അവസാനമായി വിഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്.