തിരുവനന്തപുരം: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ കോദാഭായ് പട്ടേല്‍ ആട്ടിന്‍തോലിട്ട വര്‍ഗീയ കോമരമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. അഡ്മിനിസ്ട്രേറ്റര്‍ കാണിക്കുന്നത് തോന്നിവാസമാണ്. ദ്വീപില്‍ നിന്ന് അഡ്മിസ്ട്രേറ്ററെ ഒാടിക്കണം. ലക്ഷദ്വീപുകാരുടെ തനിമയെ കേന്ദ്ര സര്‍ക്കാര്‍ തകര്‍ക്കുന്നുവെന്നും വി.ഡി. സതീശന്‍ പറഞ്ഞു.
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ സംഘ്പരിവാര്‍ അജണ്ടകള്‍ക്കെതിരായ പോരാട്ടത്തില്‍ രാഷ്ട്രീയ വ്യത്യാസമില്ലാതെയാണ് രാഷ്ട്രീയ കേരളം ഒത്തുചേരുന്നത്. സി.പി.എം, സി.പി.ഐ, കോണ്‍ഗ്രസ്, മുസ്ലിംലീഗ് കക്ഷികളും ചലച്ചിത്ര, സാംസ്കാരിക പ്രവര്‍ത്തകരും ലക്ഷദ്വീപിനായി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ഇടപെടലുകള്‍ നടത്തുകയും ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്‍, ബിനോയ് വിശ്വം, ഇ.ടി. മുഹമ്മദ് ബഷീര്‍, ശശി തരൂര്‍, അടക്കമുള്ളവര്‍ രൂക്ഷ പ്രതികരണമാണ് നടത്തിയത്.
ലക്ഷദ്വീപില്‍ നിന്ന് വരുന്നത് ഗൗരവകരമായ വാര്‍ത്തകളാണെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചത്. ലക്ഷദ്വീപിലെ ജനങ്ങളുടെ ജീവിതത്തിനും സംസ്കാരത്തിനും വെല്ലുവിളി നേരിടുന്നു. ഇത് അംഗീകരിക്കാനാവില്ല. ലക്ഷദ്വീപും കേരളവുമായി ദീര്‍ഘകാലത്തെ ബന്ധമാണ് നിലനില്‍ക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലക്ഷദ്വീപ് ജനതയുടെ സ്വത്വവും, സംസ്കാരവും ചോദ്യം ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന ഘട്ടത്തില്‍ എല്ലാ ജീവിത വ്യവഹാരങ്ങളിലും കേരളത്തെ ആശ്രയിച്ച് ജീവിക്കുന്ന ആ ജനതയെ ചേര്‍ത്തു പിടിക്കാനുള്ള ഉത്തരവാദിത്തം നമുക്കുണ്ടെന്ന് ശശി തരൂര്‍ എം.പി പറഞ്ഞു. ലക്ഷദ്വീപ് ജനതയുടെ അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കേണ്ടത് നമ്മുടെ കടമയാണെന്നും ധാര്‍മികമായ ഉത്തരവാദിത്തമാണെന്നും ശശി തരൂര്‍ പറഞ്ഞു.
അതേസമയം, ലക്ഷദ്വീപ് നിവാസികള്‍ക്കെതിരെ വിദ്വേഷ പ്രചാരണം നടത്തിയും ഇല്ലാകഥകള്‍ പ്രചരിപ്പിച്ചും വിഷയത്തെ നേരിടുന്ന സമീപനമാണ് ബി.ജെ.പി നേതാക്കള്‍ സ്വീകരിച്ചത്. ദ്വീപിലെ ജനങ്ങളുടെ സുരക്ഷയും വികസനവും ഉറപ്പ് വരുത്തുകയാണ് കേന്ദ്രസര്‍ക്കാറിന്‍റെ ലക്ഷ്യമെന്നായിരുന്നു സംസ്ഥാന അധ്യക്ഷന്‍ സുരേന്ദ്രന്‍റെ പ്രതികരണം. ലക്ഷദീപ് അഡ്മിനിസ്ട്രേറ്റര്‍ക്കും കേന്ദ്ര സര്‍ക്കാറിനുമെതിരെ കേരളം കേന്ദ്രമാക്കി വ്യാപകമായ നുണപ്രചരണങ്ങള്‍ നടക്കുകയാണെന്നായിരുന്നു ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്ദുല്ലക്കുട്ടി പറഞ്ഞത്.
സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍ ദ്വീപ് നിവാസികളെ രാജ്യദ്രോഹികളാക്കിയും ലഹരി മരുന്ന് കേന്ദ്രങ്ങളായും ചിത്രീകരിച്ചുള്ള വ്യാച പ്രചാരണങ്ങളും നടത്തുന്നുണ്ട്. ദ്വീപിലെ ബീഫ് നിരോധന വിഷയത്തിലടക്കം കൃത്യമായ ഉത്തരം നല്‍കാന്‍ ബി.ജെ.പിക്കായിട്ടില്ല.