പതിനായിരത്തിലേറെ പേര്‍ എതിര്‍പ്പറിയിച്ചു, 593 പേര്‍ മാത്രമെന്ന് ഭരണകൂടം; ടൗണ്‍ പ്ലാനിങ് കരടില്‍ ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് ലക്ഷദ്വീപ് നിവാസികള്‍

കൊച്ചി: ലക്ഷദ്വീപ് ടൗണ്‍ ആന്‍ഡ് കണ്‍ട്രി പ്ലാനിംഗ് റെഗുലേഷനുമായി ബന്ധപ്പെട്ട് ഭരണകൂടം ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് ദ്വീപ് നിവാസികള്‍. പതിനായിരത്തിലേറെ പേര്‍ കരട് നിയമത്തിനെതിരെ എതിര്‍പ്പ് അറിയിച്ചിട്ടും 593 പേര്‍ മാത്രമാണ് എതിര്‍പ്പ് പ്രകടിപ്പിച്ചതെന്നാണ് ഭരണകൂടം കോടതിയെ അറിയിച്ചതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

പൊതുജനാഭിപ്രായം ഇ മെയില്‍, തപാല്‍ വഴി അറിയിക്കാന്‍ ഏപ്രില്‍ 28 മുതല്‍ മേയ് 19 വരെയാണ് സമയം നല്‍കിയത്. എന്നിട്ടും എല്ലാ ദ്വീപില്‍ നിന്നും എതിര്‍പ്പ് അറിയിച്ചിരുന്നുവെന്നും ദ്വീപുകാര്‍ പറയുന്നു.

20 ദിവസം മാത്രമാണ് അഭിപ്രായം അറിയിക്കാന്‍ ദ്വീപ് ജനതക്ക് നല്‍കിയിരുന്നത്. ഇന്റര്‍നെറ്റ് വേഗത കുറഞ്ഞത് ഉള്‍പ്പെടെയുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടി, ഈ ദിവസങ്ങള്‍ കൂട്ടണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി എത്തി. ഇതിന് മറുപടിയായാണ് 593 പരാതികള്‍ മാത്രമാണ് ലഭിച്ചതെന്ന് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ കോടതിയെ അറിയിച്ചത്.

എന്നാല്‍ കവരത്തിയില്‍ നിന്ന് മാത്രം ആയിരത്തില്‍ പരം അപേക്ഷകള്‍ നേരിട്ട് കൈമാറുകയും രസീത് കൈപ്പറ്റുകയും ചെയ്തിട്ടുണ്ടെന്ന് ദ്വീപ് നിവാസികള്‍ പറയുന്നു. മിനിക്കോയില്‍ നിന്ന് മൂവായിരത്തില്‍ കൂടുതലുണ്ട്. ആന്ത്രോത്ത് ദ്വീപില്‍ നിന്ന് നാലായിരത്തിലധികം പരാതികള്‍ മെയില്‍ വഴിയും തപാല്‍ വഴിയും അയച്ചിട്ടുണ്ടെന്ന് ദ്വീപ് നിവാസികള്‍ പറയുന്നു.

ലക്ഷദ്വീപ് ടൗണ്‍ പ്ലാനിങ് കരട് സംബന്ധിച്ച്‌ ജനങ്ങള്‍ക്ക് നിരവധി ആശങ്കകളുണ്ട്. പട്ടയം കിട്ടാത്ത ഭൂമിയുള്ള നിരവധി പേര്‍ അവിടെയുണ്ട്. ഇതിനിടെയാണ് ലക്ഷദ്വീപ് വികസനം എന്ന പേരില്‍ ആരുടെ ഭൂമിയും എപ്പോള്‍ വേണമെങ്കിലും ഏറ്റെടുക്കാമെന്ന് കരടില്‍ പറയുന്നത്. വീടുകളും കൃഷിസ്ഥലങ്ങളും വ്യാപാര സ്ഥാപനങ്ങളുമെല്ലാം ഭരണകൂടം ഏത് നിമിഷവും ഏറ്റെടുക്കുമെന്ന് ജനങ്ങള്‍ക്ക് ആശങ്കയുണ്ട്. ഈ ആശങ്കയാണ് തപാല്‍ വഴിയും ഇ മെയില്‍ വഴിയും ദ്വീപ് നിവാസികള്‍ അറിയിച്ചത്.

Related posts

Leave a Comment