ജയിക്കാന്‍ കൈക്കൂലി സര്‍വകലാശാല ഉദ്യോഗസ്ഥ പിടിയില്‍

‘പരീക്ഷയില്‍ നിങ്ങള്‍ ചിലപ്പോള്‍ തോല്‍ക്കാന്‍ സാധ്യതയുണ്ട്, പക്ഷേ, പേടിക്കേണ്ട. ജയിക്കാന്‍ ഒരു വഴിയുണ്ട്.

പണം തന്നാല്‍ വിജയിപ്പിക്കാം’. എംബിഎ പരീക്ഷയില്‍ ജയിക്കാനുള്ള അവസാന അവസരമായ ‘മേഴ്സി ചാന്‍സ്’ എഴുതിയ ശേഷം പരീക്ഷാഫലം അറിയാനെത്തിയ വിദ്യാര്‍ഥിനിക്ക് എംജി സര്‍വകലാശാലയിലെ ഉദ്യോഗസ്ഥ നല്‍കിയ വാഗ്ദാനമായിരുന്നു ഇത്. അതിനായി ഉദ്യോഗസ്ഥ ആവശ്യപ്പെട്ടതാണ് ഒന്നര ലക്ഷം രൂപ!

കൈക്കൂലി വാങ്ങി വിദ്യാര്‍ഥിനിയെ ജയിപ്പിക്കാന്‍ സര്‍വകലാശാലയിലെ ഉദ്യോഗസ്ഥയ്ക്കു സഹായമായത് ഇത്തവണത്തെ എംബിഎ പരീക്ഷാഫലത്തിലെ അപാകതകള്‍. കോവിഡ് കാലത്ത് പലതവണ മാറ്റിവച്ചാണ് പരീക്ഷകള്‍ നടത്തുന്നത്. ഒടുവില്‍ പരീക്ഷാഫലം പുറത്തു വന്നപ്പോള്‍ യഥാര്‍ഥത്തില്‍ ജയിച്ച പല വിദ്യാര്‍ഥികളും തോറ്റതായാണ് രേഖപ്പെടുത്തിയിരുന്നത്. തോറ്റവര്‍ ജയിക്കുകയും ചെയ്തു. ഇതോടെ ‘പോസ്റ്റ് കറക്‌ഷന്‍’ എന്ന നടപടിയിലൂടെ പരീക്ഷാഭവന്‍ തെറ്റുകള്‍ തിരുത്തി. ഈ നടപടിയുടെ മറവിലാണ് വിദ്യാര്‍ഥിനിയെ വിജയിപ്പിക്കാമെന്നു വാക്കു നല്‍കി പണം വാങ്ങിയതെന്നാണ് സര്‍വകലാശാല നടത്തിയ പ്രാഥമിക അന്വേഷണത്തിലെ സൂചന. മേഴ്സി ചാന്‍സില്‍ എഴുതിയ പരീക്ഷകളില്‍ പാസ് മാര്‍ക്ക് ഈ വിദ്യാര്‍ഥിനിക്കു ലഭിച്ചിരുന്നു. ഇക്കാര്യം പരീക്ഷാഭവന്‍ അസിസ്റ്റന്റ് സി.ജെ.എല്‍സി മറച്ചുവച്ചതായും അന്വേഷണത്തില്‍ പോലിസ്കണ്ടെത്തി.

Related posts

Leave a Comment