ചരിത്രത്തില്‍ ആദ്യമായി ഏറ്റവുമധികം പോപ്പുലര്‍ വോട്ട് നേടി ജോ ബൈഡന്‍. അമേരിക്കന്‍ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ആദ്യമായി മുന്‍കാല പ്രസിഡന്റ് സ്ഥാര്‍ത്ഥികളെക്കാള്‍ റെക്കോര്‍ഡ് വോട്ടാണ് ബൈഡന്‍ നേടിയത്. 2008 ല്‍ ഒബാമ നേടിയ 6.95 കോടി വോട്ടാണ് ഇതിന് മുന്‍പത്തെ റെക്കോര്‍ഡ്.
ഇതുവരെയുള്ള കണക്കുപ്രകാരം ബൈഡന് 7.16 കോടിയിലധികം വോട്ട് ലഭിച്ചതായി വാഷിംഗ്‌ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രസിഡന്റ് പദവിയിലെ രണ്ടാമൂഴത്തിനായി ശ്രമിക്കുന്ന റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ട്രംപിനെക്കാള്‍ 35 ലക്ഷത്തിലേറെ വോട്ടുകളാണ് നിലവില്‍ ബൈഡന്‍ നേടിയത്. വോട്ടെണ്ണല്‍ പൂര്‍ത്തിയായിട്ടില്ലെങ്കിലും ബൈഡന് ലഭിച്ച വോട്ടുകളുടെ എണ്ണം മുന്‍ വര്‍ഷങ്ങളേക്കാള്‍ ഉയര്‍ന്നതാണെന്നു കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.
2008 ല്‍ ഒബാമയ്ക്ക് 6,94,985,16 വോട്ടുകളാണ് ലഭിച്ചത്. ഇതുവരെയുള്ള കണക്ക് അനുസരിച്ചു ബൈഡന് ഒബാമയേക്കാള്‍ 21 ലക്ഷത്തിലേറെ വോട്ടുകള്‍ അധികം ലഭിച്ചു. വോട്ടുകള്‍ ഇനിയും എണ്ണിത്തീരാനുണ്ടെന്ന വസ്തുത നിലനില്‍ക്കെ ബൈഡന്‍്റെ വോട്ട് നില വീണ്ടും വര്‍ധിച്ചേക്കും. ട്രംപിന് ഇതുവരെ 6.8 കോടി വോട്ടുകള്‍ ലഭിച്ചിട്ടുണ്ട്.അമേരിക്കന്‍ തിരഞ്ഞെടുപ്പ് ഫലം നിലവില്‍ പുറത്തു വന്നിട്ടില്ല. ഡൊണാള്‍ഡ് ട്രംപും ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡനുമായി കടുത്ത മത്സരമാണ് നടക്കുന്നത്. നിലവില്‍ ട്രംപിനെക്കാള്‍ മുന്നിലുള്ള ബൈഡന്‍ കേവലം ഭൂരിപക്ഷമായി 270 നോട് അടുക്കുകയാണ്. വിസ്കോണ്‍സിലെയും മിഷിഗണിലെയും വിജയത്തോടെ ബൈഡന്‍ മുന്നേറ്റം തുടരുകയാണ്.