കോവിഡ് അവലോകന യോഗം ഇന്ന്; പുതിയ നിയന്ത്രണങ്ങള്‍ ഉടന്‍ ഉണ്ടാവില്ല

കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ സംസ്ഥാനത്ത് അവലോകന യോഗം ഇന്ന് ചേരും. ഞായറാഴ്ച ലോക് ഡൗണ്‍ ഫലപ്രദമായിരുന്നോ എന്ന് യോഗം വിലയിരുത്തും.

വിദേശത്തുള്ള മുഖ്യമന്ത്രി ഓണ്‍ലൈനില്‍ യോഗത്തില്‍ പങ്കെടുക്കും.

സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി ഉയരുകയാണ്. കഴിഞ്ഞ നാല് ദിവസമായി നാല്‍പതിനായിരത്തിലധികം പേര്‍ക്കാണ് ദിവസവും കോവിഡ് സ്ഥിരീകരിക്കുന്നത്. സംസ്ഥാനത്ത് ഒമിക്രോണ്‍ സമൂഹ വ്യാപനം നടന്നിരിക്കാമെന്ന വിലയിരുത്തലുകളും ആരോഗ്യ വിദഗ്ധര്‍ക്കിടയില്‍ ശക്തമാണ്. അതു കൊണ്ട് തന്നെ നിലവിലെ സാഹചര്യത്തെ ഗൗരവത്തോടെയാണ് സര്‍ക്കാരും കാണുന്നത്. ടി.പി.ആര്‍ ഒഴിവാക്കി ആശുപത്രിയില്‍ എത്തുന്ന രോഗികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ നിയന്ത്രണം പ്രഖ്യാപിച്ചശേഷമുള്ള ആദ്യ അവലോകന യോഗമാണ് ഇന്ന് നടക്കുന്നത്.

പുതിയ നിയന്ത്രണത്തിന് ശാസ്ത്രീയ അടിത്തറ ഇല്ലെന്ന വിമര്‍ശനവും സര്‍ക്കാര്‍ നേരിടുന്നുണ്ട്. കൂടുതല്‍ നിയന്ത്രണങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കാന്‍ ഇടയില്ലെങ്കിലും ആള്‍ക്കൂട്ടം ഒഴിവാക്കാനുള്ള കര്‍ശനമായ ഇടപെടലുകള്‍ ഉണ്ടായേക്കും. രോഗ വ്യാപന തോത് ഉയരുമ്ബോഴും ആശുപത്രിയില്‍ എത്തുന്നവരുടെ എണ്ണം കുറഞ്ഞു നില്‍ക്കുന്നതാണ് സര്‍ക്കാരിനുള്ള ഏക ആശ്വാസം. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇടയിലും പൊലീസുകാര്‍ക്കിടയിലും രൂക്ഷമാകുന്നത് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. മൂന്നാം തരംഗത്തിന്റെ ആദ്യനാളുകളില്‍ നഗര മേഖലകളിലായിരുന്നു രോഗവ്യാപനം. എന്നാല്‍ ഇപ്പോള്‍ ഗ്രാമീണ മേഖലകളില്‍ രോഗവ്യാപനം അതിരൂക്ഷമാണ്.

Related posts

Leave a Comment